mRNA സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ക്യാൻസർ വാക്സിൻ വികസിപ്പിച്ചത്.
ചികിത്സാ രംഗത്ത് ചരിത്രമായേക്കാവുന്ന മുന്നേറ്റം നടത്തി റഷ്യൻ ഗവേഷകർ. അർബുദ രോഗത്തെ പ്രതിരോധിക്കാനായി വികസിപ്പിച്ച എന്ററോമിക്സ് വാക്സിന്റെ ട്രയൽ പരീക്ഷണങ്ങൾ വൻവിജയമായി. പാർശ്വഫലങ്ങളില്ലാതെ മനുഷ്യരിൽ 100% വിജയകരമായി പരീക്ഷിക്കാൻ സാധിച്ചതായി ഗവേഷകർ പറഞ്ഞു. വാക്സിൻ പരീക്ഷണത്തിന് ശേഷം രോഗികളിലെ ട്യൂമർ ചുരുങ്ങിയതായും ഗവേഷകർ പറഞ്ഞു.
കോവിഡ് 19 വാക്സിന് ഉപയോഗിച്ച mRNA സാങ്കേതികവിദ്യ ഉപയോഗിച്ചാണ് കാന്‍സര്‍ വാക്സിനും റഷ്യൻ ഗവേഷകർ വികസിപ്പിച്ചത്.വലിയ മുഴകളെ ചുരുക്കുകയും കാന്‍സര്‍ കോശങ്ങളെ നശിപ്പിക്കുകയുമാണ് ഈ ചികിത്സയിലൂടെ ചെയ്യുന്നത്.
2025 ലെ സെന്റ് പീറ്റേഴ്സ്ബർഗ് ഇന്റർനാഷണൽ ഇക്കണോമിക് ഫോറത്തിലാണ് ഗവേഷണവിവരങ്ങൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്. കാൻസർ കോശങ്ങളെ തിരിച്ചറിഞ്ഞ് നശിപ്പിക്കാൻ കഴിയുംവിധം ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ പ്രാപ്തിപ്പെടുത്തി എടുക്കുക എന്നതാണ് റഷ്യ വികസിപ്പിച്ച വാക്സിന്റെ ദൗത്യം. വാക്സിൻ നിലവിലെ സാധാരണ ചികിത്സാ രീതിയായ കീമോതെറാപ്പിയേക്കാള്‍ സുരക്ഷിതമാണെന്നും ഗവേഷകർ പറയുന്നു.
റഷ്യൻ ആരോഗ്യമന്ത്രാലയത്തിന് കീഴിലുള്ള റഷ്യന്‍ അക്കാദമി ഓഫ് സയന്‍സസിന്റെ (RAS) ഏംഗല്‍ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മോളിക്യുലാര്‍ ബയോളജി (EIMB) യുമായി സഹകരിച്ച് ആണ് ക്ലിനിക്കൽ ട്രയൽ നടത്തിയത്.48 വളണ്ടിയര്‍മാര്‍ പരീക്ഷണത്തില്‍ പങ്കെടുത്തു.
48 കൊളോറെക്ടല്‍ കാന്‍സര്‍ രോഗികളെ പങ്കെടുപ്പിച്ചായിരുന്നു ആദ്യ ഘട്ട പരീക്ഷണം. തുടര്‍ പരീക്ഷണങ്ങള്‍ വിജയമായാല്‍ അര്‍ബുദ ചികിത്സയില്‍ കാര്യക്ഷമവും പാര്‍ശ്വഫലങ്ങള്‍ കുറഞ്ഞതുമായ വ്യക്തിഗത ചികിത്സയ്ക്ക് വഴിയൊരുങ്ങും.റഷ്യന്‍ ആരോഗ്യമന്ത്രാലയത്തിന്റെ അംഗീകാരം കൂടി ലഭിച്ചാല്‍ കാന്‍സര്‍ ചികിത്സാ രംഗത്ത് വിപ്ലവകരമായ മാറ്റത്തിനാകും തുടക്കമാകുക.
നിലവിൽ വൻകുടലിലെ കാൻസറിനെതിരെയാണ് വാക്സിൻ ഉപയോഗിക്കുന്നത്. ശരീരത്തിലെ മറ്റ് ഭാഗങ്ങളെ ബാധിക്കുന്ന കാൻസറുകൾക്കെതിരെയുള്ള വാക്സിനുകളും പണിപ്പുരയിലാണ്. വാക്സിന്റെ കണ്ടുപിടിത്തത്തെ വലിയ പ്രാധാന്യത്തോടു കൂടിയാണ് ലോകമെമ്പാടുമുള്ള വൈദ്യശാസ്ത്ര ഗവേഷകർ നിരീക്ഷിക്കുന്നത്.
കോവിഡ് 19 വാക്സിന് വളരെ വേഗത്തില്‍ വികസപ്പിക്കാന്‍ സഹായിച്ച mRNA (എംആര്‍എന്‍എ) സാങ്കേതികവിദ്യ Enteromix Cancer Vaccine (എന്ററോമിക്സ് വാക്സിൻ) ൻ്റെ നിർമ്മാണത്തിന് ഉപയോഗിച്ചിരിക്കുന്നത് വഴി ഓരോ രോഗിയുടെയും ട്യൂമര്‍ കോശങ്ങള്‍ക്കെതിരെ പ്രത്യേക പ്രതിരോധ പ്രതികരണം സൃഷ്ടിക്കാന്‍ സഹായിക്കുന്നു എന്നതാണ് വാക്സിന്റെ പ്രത്യേകതയായി ഗവേഷകർ അവകാശപ്പെടുന്നത്.
അതായത് എന്ററോമിക്സിന്റെ ഏറ്റവും വലിയ പ്രത്യേകത ഓരോ ഡോസും ഓരോ രോഗിയുടെയും ട്യൂമറിന്റെ ജനിതക ഘടനയ്ക്ക് അനുസരിച്ച് വ്യക്തിഗതമായി തയ്യാറാക്കുന്നു എന്നതാണ്.അത്യാധുനിക മ്യൂട്ടേഷന്-പ്രൊഫൈലിംഗ് അല്‍ഗോരിതങ്ങള്‍ ഉപയോഗിച്ചുള്ള ഒരു ബയോമാര്‍ക്കര്‍-അധിഷ്ഠിത സമീപനമാണിത്.
'മെഡ്പാത്തില്' വന്ന ഒരു റിപ്പോര്‍ട്ട് അനുസരിച്ച് എന്ററോമിക്സ് വാക്സിന് കാന്‍സര്‍ മുഴകളെ ആക്രമിച്ച് നശിപ്പിക്കാന്‍ നാല് നിരുപദ്രവകരമായ വൈറസുകളാണ് ഉപയോഗിക്കുന്നത്. അതോടൊപ്പം രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കുന്നു. കാന്‍സര്‍ വളര്‍ച്ച മന്ദഗതിയിലാക്കാനും അതേപോലെ ചില സന്ദര്‍ഭങ്ങളില്‍ കാന്‍സര്‍ കോശങ്ങളെ പൂര്‍ണമായി നശിപ്പിക്കാനും ഇത് ഫലപ്രദമാണെന്നും തെളിയിക്കപ്പെട്ടിട്ടുണ്ട്.
2024 ഡിസംബറിലാണ് കാന്‍സറിനെ പ്രതിരോധിക്കാന്‍ വാക്സിന് വികസിപ്പിച്ചെന്ന് റഷ്യ ആദ്യമായി പ്രഖ്യാപിച്ചത്. വാക്സിന് സൗജന്യമായി വിതരണം ചെയ്യുമെന്ന് റഷ്യന്‍ ഭരണകൂടം തീരുമാനിച്ചതായും വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു.
(ചിത്രം പ്രതീകാത്മകം)
