മൂവ്മെൻ്റ് ബ്രേക്കുകൾ വിദ്യാർഥിയുടെ ശ്രദ്ധ ഉൾപ്പെടെയുള്ളവ മെച്ചപ്പെടുത്തുന്നതായി പഠനം പറയുന്നു.
മണിക്കൂറുകൾ സ്കൂളിൽ ചെലവഴിച്ചശേഷം തിരികെ വീട്ടിലെത്തി ഹോംവർക്ക് ചെയ്യുന്നത് കുട്ടികൾക്ക് ആയാസകരമായി തോന്നിയേക്കാം. വ്യായാമത്തിനും ശരീരം അനങ്ങിക്കൊണ്ടുള്ള പ്രവർത്തനങ്ങൾക്കും (movements breaks) കുട്ടികളുടെ പഠനശേഷി വർധിപ്പിക്കുന്നതിൽ നിർണായക സ്ഥാനമുണ്ടെന്ന് വ്യക്തമാക്കുന്നതാണ് ഹാർവാർഡ് ടി.എച്ച്. ചാൻ സ്കൂൾ ഓഫ് പബ്ലിക് ഹെൽത്തിൻ്റെ പ്രിവൻഷൻ റിസർച്ച് സെന്റർ നടത്തിയ പഠനം. ക്ലാസ് മുറികളിൽ നൽകുന്ന മൂവ്മെൻ്റ് ബ്രേക്കുകൾ വിദ്യാർഥിയുടെ ശ്രദ്ധ, ഏകാഗ്രത, ഓർമശക്തി, ക്ലാസിലെ പെരുമാറ്റം എന്നിവ മെച്ചപ്പെടുത്തുന്നതായി റിപ്പോർട്ടുകൾ പറയുന്നു.
5-17 വയസ്സ് വരെയുള്ള കുട്ടികൾ ഒരു ദിവസം കുറഞ്ഞത് 60 മിനിറ്റ് വ്യായാമം ചെയ്യണമെന്നാണ് ലോകാരോഗ്യ സംഘടന ശുപാർശ ചെയ്യുന്നത്. ഹാർവാർഡ് ടി.എച്ച്. ചാൻ സ്കൂൾ 2023-ൽ പഠനമനുസരിച്ച്, ക്ലാസ് മുറികളിലെ ചലന ഇടവേളകൾ വിദ്യാർഥികൾക്ക് ശാരീരികമായി സജീവമാകാൻ അവസരം നൽകുകയും ഒരു ദിവസം കുറഞ്ഞത് 60 മിനിറ്റെന്ന സൂചിക കൈവരിക്കാൻ സഹായിക്കുകയും ചെയ്യുന്നു. മൂവ്മെൻ്റ് ബ്രേക്കുകളിൽ കുറഞ്ഞ സമയത്തിനുളളിൽ ചെയ്യാനാകുന്ന വ്യായാമങ്ങൾ യൂട്യൂബിൽ ലഭ്യമാണ്.
പ്രധാന കണ്ടെത്തലുകൾ
ശ്രദ്ധയും പഠനവും മെച്ചപ്പെടുത്തുന്നു:
ഇടവേളകൾക്കുശേഷം കുട്ടികൾക്ക് കൂടുതൽ ശ്രദ്ധിക്കാനും നന്നായി പഠിക്കാനും സാധിക്കുന്നുവെന്നും സ്കൂളിൽ കൂടുതൽ താൽപ്പര്യമുണ്ടെന്നും വിദ്യാർഥികൾ പറയുന്നു.
ഓർമശക്തിയും തലച്ചോറിൻ്റെ പ്രവർത്തനവും:
പഠനത്തിനുശേഷം കൃത്യമായ ഇടവേളകളിൽ വ്യായാമം ചെയ്യുന്നത് ദീർഘകാല ഓർമശക്തി മെച്ചപ്പെടുത്താൻ (long term memory) സഹായിച്ചേക്കാം.
ആരോഗ്യ നിലവാരം ഉയർത്തുന്നു:
ആകാംക്ഷ, സമ്മർദം, വിഷാദരോഗ ലക്ഷണങ്ങൾ എന്നിവ കുറയ്ക്കാനും ആത്മവിശ്വാസം മെച്ചപ്പെടുത്താനും പതിവായ ശാരീരിക പ്രവർത്തനങ്ങൾക്ക് സാധിക്കും. ശാരീരിക ചലനങ്ങൾ കൂടുതലുള്ള വിദ്യാർഥികൾക്ക് താരതമ്യേന മെച്ചപ്പെട്ട ഹൃദയ-ശ്വാസകോശ ആരോഗ്യം, ശക്തമായ പേശികൾ, എല്ലുകൾ എന്നിവയുണ്ടാകും.
ചലന ഇടവേളകൾ എളുപ്പത്തിൽ നടപ്പിലാക്കാൻ അധ്യാപകർക്കും മാതാപിതാക്കൾക്കും ചില എളുപ്പവഴികൾ പഠനം ശുപാർശ ചെയ്യുന്നു
1) ചെറിയ ഇടവേളകൾ (2–10 മിനിറ്റ്):
ക്ലാസ് സമയത്ത് 2 മുതൽ 10 മിനിറ്റ് വരെയുള്ള ചെറിയ വ്യായാമ ഇടവേളകൾ നൽകാം. ഇത് ശ്രദ്ധയും ക്ലാസിലെ വിദ്യാർഥിയുടെ പങ്കാളിത്തവും മെച്ചപ്പെടുത്തും.
2) പഠനത്തിന് മുമ്പുള്ള വ്യായാമം:
ഹോംവർക്കിനോ ക്ലാസിനോ മുമ്പുള്ള 15–30 മിനിറ്റ് മിതമായ എയ്റോബിക് വ്യായാമം നൽകാം.
3) ഉറക്കം പ്രധാനമാണ്:
കുട്ടികളുടെ ഉറക്കസമയം കുറയുന്നില്ലെന്ന് ഉറപ്പാക്കുക. 6-12 വയസ്സുവരെയുള്ള കുട്ടികൾക്ക് 9-12 മണിക്കൂർ സമയം വരെയും 13-17 വയസ്സുവരെയുള്ള കുട്ടികൾക്ക് 8-10 മണിക്കൂർ വരെയുമാണ് വിദഗ്ധർ ശുപാർശ ചെയ്യുന്നത്.
(ചിത്രം പ്രതീകാത്മകം)
