പതിറ്റാണ്ടുകള്‍ നാടും നാട്ടുകാരും കാത്തിരുന്ന ആലപ്പുഴ തോട്ടപ്പള്ളി നാലുചിറ പാലം മുഖ്യമന്ത്രി പിണറായി വിജയന് (Pinarayi Vijayan) നാടിന് സമര്‍പ്പിച്ചു.ദേശീയ ജലപാതയ്ക്ക് കുറുകെ 60.78 കോടി രൂപ ചെലവിലാണ് പാലം നിര്‍മ്മിച്ചിരിക്കുന്നത്. സംസ്ഥാനത്തെ ആദ്യ എക്സ്ട്രാ ഡോസ്ഡ് കേബിള്‍ സ്റ്റേഡ് (First Extradosed Cable Stayed Bridge in Kerala) എന്ന സാങ്കേതികവിദ്യയിലാണ് പാലം യാഥാര്‍ത്ഥ്യമാക്കിയിരിക്കുന്നത്.
നാലുചിറ (Naluchira Bridge) പാലം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തതോടെ തോട്ടപ്പള്ളിക്കാരുടെ പതിറ്റാണ്ടുകളായുള്ള സ്വപ്നമാണ് യാഥാര്‍ഥ്യമായത്. ഏറ്റവും ആകര്‍ഷകമായ പാലമാണ് നാടിന് സമര്‍പ്പിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
രണ്ട് എല്‍ ഡി എഫ് സര്‍ക്കാരുകളുടെ കാലത്തായി 60.78 കോടി ചെലവിട്ടാണ് പാലത്തിൻറെ നിർമ്മാണം. 458 മീറ്റര്‍ നീളത്തിലും 11 മീറ്റര്‍ വീതിയിലും നിര്‍മ്മിച്ച പാലത്തിന് നദിയില്‍ തൂണുകളില്ലാതെ 70 മീറ്റര്‍ നീളമുള്ള സെന്റര്‍ സ്പാനാണ്. ബി എം ബി സി നിലവാരത്തില്‍ അപ്രോച്ച് റോഡും പൂര്‍ത്തീകരിച്ചിട്ടുണ്ട്. PWD ബ്രിഡ്ജസ് ഡിസൈന്‍ യൂണിറ്റാണ് പാലത്തിന്റെ രൂപരേഖ തയ്യാറാക്കിയത്. തോട്ടപ്പള്ളിയിലെയും കരുവാറ്റയിലെയും കൃഷി സുഗമമാക്കാനും കാര്‍ഷികോല്‍പ്പന്നങ്ങള്‍ റോഡ് മാര്‍ഗ്ഗം വേഗത്തില്‍ എത്തിക്കാനും നാലു ചിറ പാലം സഹായകമാകും.
അമ്പലപ്പുഴ-തിരുവല്ല സംസ്ഥാനപാതയെയും ദേശീയപാത 66 നെയും ബന്ധിപ്പിച്ച് പക്ഷിച്ചിറകിന്റെ ആകൃതിയിൽ നിര്‍മ്മിച്ച പാലം സസ്പെൻഷൻ പാലത്തിൻ്റെയും സാധാരണ പാലങ്ങളുടെയും സംയോജിത രൂപമാണ്. പ്രീ സ്ട്രെസ്ഡ് ബോക്സ് ഗർഡർ സാങ്കേതികവിദ്യയും കേബിൾ-സ്റ്റേയ്ഡ് ഡിസൈനും ചേര്‍ന്നുള്ള സങ്കരമാതൃകയാണിത്. പ്രത്യേകതരം കമ്പികൾ ഉപയോഗിച്ച് പാലം വലിച്ച് കെട്ടുന്ന നിർമ്മാണ രീതിയാണ് കേബിള്‍ സ്റ്റേയ്ഡ് ഡിസൈന്‍ ഇതിനെയാണ് എക്സ്ട്രാ ഡോസ്ഡ് പാലങ്ങൾ എന്ന് വിളിക്കുന്നത്.
അതേസമയം നാലുചിറ പാലം എല്‍ ഡി എഫ് സര്‍ക്കാരിന്റെ വികസന കാഴ്ചപ്പാടിന്റെ നേര്‍ക്കാഴ്ചയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാലുചിറ നിവാസികള്‍ക്ക് ഈ പാലം സ്വപ്ന സാഫല്യമാണ്. ലോകോത്തര പശ്ചാത്തല സൗകര്യങ്ങളുള്ള നാടായി കേരളത്തെ മാറ്റിത്തീര്‍ക്കാനുള്ള എല്‍ ഡി എഫ് സര്‍ക്കാരിന്റെ വികസന കാഴ്ചപ്പാടിന്റെ നേര്‍ക്കാഴ്ചയാണ് അമ്പലപ്പുഴ നിയോജക മണ്ഡലത്തില്‍ ഉയര്‍ന്നിരിക്കുന്ന തോട്ടപ്പള്ളി – നാലുചിറ പാലമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

