ലോക പ്രശസ്ത അന്താരാഷ്ട്ര യാത്രാ-മാഗസിനായ ലോൺലി പ്ലാനറ്റിന്റെ 2026 ലെ 25 മികച്ച യാത്രാനുഭവങ്ങളിൽ കേരളത്തിന്റെ തനതും വൈവിധ്യപൂർണ്ണവുമായ രുചികൂട്ടുകൾ ഇടം പിടിച്ചു. പരമ്പരാഗത സദ്യ മുതൽ കടൽ വിഭവങ്ങൾ വരെ നീളുന്ന നിരവധി ഭക്ഷണവിഭവങ്ങളെക്കുറിച്ചാണ് ലോൺലി പ്ലാനറ്റിൽ (Lonely Planet) പരാമർശമുള്ളത്. പട്ടികയിൽ ഇടം നേടിയ ഏക ഇന്ത്യൻ സംസ്ഥാനം കേരളമാണെന്നതാണ് ശ്രദ്ധേയം.ലോകത്തെ ഒട്ടുമിക്ക ഇന്ത്യൻ ഭക്ഷണ ശാലകളിലും കേരള വിഭവങ്ങൾക്ക് പ്രത്യേക സ്ഥാനമുണ്ട്.
മലയാള രുചികൾ തേടി മാത്രം സഞ്ചാരികൾ കേരളത്തിലേക്ക് എത്താറുണ്ടെന്നതും വലിയ പ്രത്യേകതയാണ്. കിഴക്ക് സഹ്യപർവ്വതവും പടിഞ്ഞാറ് സമുദ്രവുമായി കിടക്കുന്നതിനാൽ ഭൂമിശാസ്ത്രപരമായ സവിശേഷതകളും ജൈവവൈവിധ്യങ്ങളും കൊണ്ട് സമൃദ്ധമായ കേരളം ലോകം ചുറ്റി സഞ്ചരിക്കുന്ന ഭക്ഷണ പ്രേമികളുടെ പറുദീസയായി ഇതിനകം മാറിയിട്ടുണ്ട്. ലോകത്തിന്റെ വിവിധ കോണിലുള്ള ഭക്ഷണ പ്രേമികളെ കേരളത്തിലെ ഭക്ഷണപ്പെരുമ കൊണ്ട് ആകർഷിക്കാനും സാധിക്കുന്നുവെന്ന് ട്രാവൽ മാഗസിനിൽ (travel-magazine) പറയുന്നു.
കേരളത്തിലെത്തുന്ന സഞ്ചാരികൾക്ക് വാഴയിലയിൽ വിളമ്പുന്ന സദ്യ മുതൽ കേരളത്തിന്റെ തനത് മീൻകറി വരെയുള്ള രുചികളും ആസ്വദിക്കാനാകും. സദ്യ, അപ്പവും മുട്ടക്കറിയും, പത്തിരി, താറാവ് കറി, കോഴിക്കറി, പോത്തിറച്ചി, ആട്ടിറച്ചി, കല്ലുമ്മക്കായ, പഴം പൊരി, പായസം അങ്ങനെ നീളുന്നു ആ പട്ടിക. ചോറ്, അവിയൽ, തോരൻ, രസം, സാമ്പാർ, അച്ചാർ, പഴം, പപ്പടം, പായസം എന്നിവയുൾപ്പെടെ വീട്ടിൽ പാകം ചെയ്യുന്ന വൈവിധ്യമാർന്ന വിഭവങ്ങൾ അണിനിരത്തുന്ന സദ്യയുടെ രുചി സഞ്ചാരികൾ നഷ്ടപ്പെടുത്തരുതെന്നും ലോൺലി പ്ലാനറ്റിൽ പറയുന്നു.
വിവിധതരം രുചികളാൽ സമ്പന്നമായ കേരളത്തിലെ ഭക്ഷണവിഭവങ്ങൾ (Unique cuisines of Kerala) സംസ്ഥാനത്തിന്റെ സാംസ്കാരിക സ്വാധീനത്തേയും പ്രാദേശിക ചേരുവകളെയും പ്രതിഫലിപ്പിക്കുന്നതാണ്. സുഗന്ധദ്രവ്യങ്ങളടക്കമുള്ള പ്രകൃതിവിഭവങ്ങളുടെ കലവറയാണ് കേരളം. ഭക്ഷണ കാര്യത്തിൽ പ്രാചീനകേരളം പുലർത്തിയ സംസ്കാരവും ഇതുമായി ബന്ധപ്പെട്ടു നിൽക്കുന്നു. തലമുറകളായി കൈമാറ്റം ചെയ്യപ്പെട്ട പരമ്പരാഗത പാചകക്കൂട്ടുകളും സുഗന്ധദ്രവ്യങ്ങൾ ഉൾപ്പെടുത്തിയുള്ള പാചകരീതികളും കേരളത്തിലെ ഭക്ഷണവിഭവങ്ങളെ വേറിട്ടതാക്കുന്നു. നേർത്ത മസാല ദോശയ്ക്കൊപ്പം വാഴയിലയിൽ പൊതിഞ്ഞു പൊള്ളിച്ചെടുക്കുന്ന മീൻ, ദക്ഷിണേന്ത്യൻ ഫിൽട്ടർ കോഫി എന്നിവ വിളമ്പുന്നതും ആകർഷകമാണെന്ന് ലോൺലി പ്ലാനറ്റ് ചൂണ്ടിക്കാണിക്കുന്നു.
നാവിൻറെ രുചി മുകുളങ്ങളെ ത്രസിപ്പിക്കുന്ന രുചിവൈവിധ്യങ്ങളുടെ നാടായ കേരളത്തിലെ ഓരോ പ്രദേശത്തിനും വ്യത്യസ്ത രുചിക്കഥകൾ പറയാനുണ്ടാകും. വടക്കൻ മലബാർ മേഖലയിലെ മാപ്പിള പാചകം മുതൽ തെക്കൻ മേഖലയിലെ തേങ്ങയും അരിയും ചേർത്തുള്ള അപ്പം വരെ നീളുന്ന രുചി ഭേദങ്ങളുടെ നാടാണിതെന്ന് ലോൺലി പ്ലാനറ്റ് പറയുന്നു. കൊച്ചിയെ ഏറ്റവും പ്രചോദനാത്മകമായ സ്ഥലങ്ങളിൽ ഒന്നെന്നും ലോൺലി പ്ലാനറ്റ് വിശേഷിപ്പിക്കുന്നു.
