ഇൻസ്റ്റഗ്രാമിലെ ‘ഡ്രോ’ ഫീച്ചറാണിപ്പോൾ സംസാരവിഷയം. പലരുടെയും ഇൻസ്റ്റാഗ്രാം ഡിഎമ്മില്‍ ചാറ്റുകള്‍ ഓപ്പണ്‍ ചെയ്താല്‍ ഈ കുത്തിവരകൾ കൊണ്ട് നിറയുകയാണ്. മെസ്സേജ് ബോക്സുകളിൽ വരയ്ക്കാനും കലാപരമായ സന്ദേശങ്ങൾ അയക്കാനും പറ്റുന്ന തരത്തിലുള്ള രസകരമായ ഫീച്ചറാണിത്.റീലുകളിലും ഈ ഫീച്ചർ Instagram Draw feature തരംഗമാണ്.
എങ്ങനെയാണ് ഡ്രോ ഫീച്ചർ ഉപയോഗിക്കുക ?
ആദ്യം സന്ദേശം അയക്കേണ്ട വ്യക്തിയുടെ ചാറ്റ്ബോക്സ് (DMs) തുറക്കുക. ശേഷം താഴെ വലതുവശത്തുള്ള ‘+’ (പ്ലസ്) ഐക്കൺ അല്ലെങ്കിൽ ഡൂഡിൾ ഐക്കൺ ക്ലിക്ക് ചെയ്ത് ‘ലൊക്കേഷൻ’, ‘എഐ ഇമേജസ്’ എന്നീ ഓപ്ഷനുകൾക്ക് താഴെയായി കാണുന്ന ‘ഡ്രോ’ ഓപ്ഷൻ തിരഞ്ഞെടുക്കുക. ഇതിൽ വരയ്ക്കേണ്ട നിറം തെരഞ്ഞെടുത്തതിന് ശേഷം നമുക്ക് ഇഷ്ടമുള്ളതെല്ലാം വരയ്ക്കാം. നിങ്ങൾ അയക്കുന്ന സന്ദേശങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ എന്നിവയുടെ മുകളിൽ പോലും ഇതുപയോഗിച്ച് വരയ്ക്കാൻ സാധിക്കും. സ്ക്രീനിന്റെ ഇടതുവശത്ത് കാണുന്ന സ്ലൈഡർ ഉപയോഗിച്ച് നിങ്ങളുടെ ഇഷ്ടം അനുസരിച്ച് വരയുടെ വലിപ്പം കൂട്ടുകയും കുറയ്ക്കുകയും ചെയ്യാം. വരച്ചു കഴിഞ്ഞാൽ ‘സെൻ്റ്’ ബട്ടൺ ക്ലിക്കുചെയ്താൽ അയക്കുന്ന ആൾക്ക് ലഭിക്കും.
ഈ വരകള്‍ അയക്കുന്നയാള്‍ക്കും മെസേജ് സ്വീകരിക്കുന്നയാള്‍ക്കും കാണാമെന്നതും പ്രത്യേകതയാണ്. നിങ്ങളുടെ വരച്ച വരകള്‍ ഇഷ്ടപ്പെട്ടില്ലെങ്കില്‍ ക്ലോസ് ഐക്കണ്‍ ക്ലിക്ക് ചെയ്ത് വീണ്ടും വരച്ചുതുടങ്ങാം. അതിന് ശേഷം സെന്റ് ചെയ്യാം.
നിങ്ങള്‍ക്ക് അയച്ചു തരുന്ന റീലിന് മറുപടിയോ റിയാക്ഷനോ ഈ ടൂള്‍ ഉപയോഗിച്ച് വരച്ച് നല്‍കാം. ഉദാഹരണത്തിന്, ചായ കുടിക്കാന്‍ ആരെങ്കിലും ഡിഎം വഴി ക്ഷണിച്ചാല്‍ യെസ് പറയാനും നോ പറയാനും ഇങ്ങനെ ഇനി വരച്ച് മറുപടി നല്‍കാം. ഇനി, നിങ്ങളുടെ വരകള്‍ ഹൈഡ് ചെയ്യുന്നതിനോ ഡിലീറ്റ് ചെയ്യണമെങ്കിലോ അതുമാകാം. അയച്ച ശേഷം ആ വരയില്‍ ലോംഗ് പ്രസ് ചെയ്താല്‍ 'ഹൈഡ് ഓള്', ‘ഡിലീറ്റ്’ ഓപ്ഷനുകള്‍ വരും.
Reels Watch History
ഇൻസ്റ്റാഗ്രാമിൽ റീലുകൾ സ്ക്രോൾ ചെയ്ത് നീങ്ങുമ്പോൾ നമുക്കേറെ ഇഷ്ടമുള്ള പലതും വന്നുപോകും. ഇത് ലൈക്ക് ചെയ്യാനോ സേവ് ചെയ്യാനോ മറന്നുപോയാൽ പിന്നീടൊരിക്കൽ കാണാമെന്നു വെച്ചാൽ, അനന്തമായി നീണ്ടുകിടക്കുന്ന സ്ട്രീമുകളിൽ അവയെ ഒരിക്കൽ കൂടി കണ്ടുമുട്ടാമെന്നത് സാധാരണ സാധ്യമാകാറില്ല.എന്നാൽ അതിനും പുതിയ പരിഹാരവുമായി.
‘വാച്ച് ഹിസ്റ്ററി’ എന്നൊരു ഫീച്ചർ ഇൻസ്റ്റഗ്രാം അവതരിപ്പിച്ചിരിക്കുന്നത്. ഇതുവഴി, യൂട്യൂബിലെ പോലെ നേരത്തേ കണ്ട (Instagram Reels) റീലുകൾ വീണ്ടെടുത്ത് കാണാവുന്നതാണ്. ഇതിനായി, ഇൻസ്റ്റഗ്രാമിൽ നിങ്ങളുടെ പ്രൊഫൈലിൽ പോവുക. മുകളിൽ വലതുവശത്തെ കാണുന്ന മൂന്ന് വര മെനുവിലെ ‘Settings → Your Activity → Watch History’ യിൽ എത്തുക. ഇവിടെ നിങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ കണ്ട റീലുകളെല്ലാം പട്ടികയായി കിടക്കുന്നുണ്ടാകും. തീയതി പ്രകാരമോ അക്കൗണ്ടുകൾ പ്രകാരമോ ക്രമീകരിക്കാനും ഫിൽറ്റർ ചെയ്ത് എടുക്കാനും സാധിക്കും.
