ട്രംപും നെതന്യാഹുവും വൈറ്റ്ഹൗസില്‍ കൂടിക്കാഴ്ച നടത്തുന്ന ചിത്രങ്ങൾ പുറത്ത് വന്നിരിക്കുകയാണ്
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും ഒന്നിച്ചിരിക്കുന്ന ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. ട്രംപിന്റെ (Trump) മടിയില്‍ ഒരു ഫോണും അതില്‍ നിന്ന് ഒരു കുറിപ്പ് കൈയ്യില്‍ പിടിച്ച് ഫോണ്‍ ചെയ്യുന്ന നെതന്യാഹുവുമാണ് വൈറ്റ് ഹൗസ് പുറത്തുവിട്ട ചിത്രത്തിലുള്ളത്. ഖത്തറിനോട് നെതന്യാഹു മാപ്പു പറഞ്ഞതുമായി ബന്ധപ്പെട്ടാണ് ഈ ചിത്രം പ്രചരിക്കുന്നതെന്നാണ് ഇപ്പോൾ നടക്കുന്ന ചർച്ചകൾ.
ഖത്തറിനോട് നെതന്യാഹു മാപ്പ് പറഞ്ഞത് പിടിച്ചിരുത്തി ചെയ്യിച്ചതാണോ എന്നാണ് പ്രധാനമായും സോഷ്യൽ മീഡിയയിൽ ഉയരുന്ന ചോദ്യം. ഖത്തറിലെ ദോഹയിൽ നടത്തിയ ആക്രമണത്തില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ഖത്തറിനോട് മാപ്പു പറഞ്ഞിരുന്നു. ഖത്തര്‍ പ്രധാനമന്ത്രി മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽതാനിയെ ഫോണില്‍ വിളിച്ചാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു മാപ്പ് പറഞ്ഞത്.
ഖത്തറിന്റെ (QATAR) പരമാധികാരം ലംഘിച്ചതിൽ ഖേദിക്കുന്നുവെന്നായിരുന്നു പ്രതികരണം. വൈറ്റ്ഹൗസില്‍ നിന്നാണ് നെതന്യാഹു ഫോണ്‍ ചെയ്തതെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇപ്പോഴിതാ ട്രംപും നെതന്യാഹുവും വൈറ്റ്ഹൗസില്‍ കൂടിക്കാഴ്ച നടത്തുന്ന ചിത്രങ്ങൾ പുറത്ത് വന്നിരിക്കുകയാണ്.
കഴിഞ്ഞ തിങ്കളാഴ്ച അമേരിക്കൻ പ്രസിഡന്റ് ഡോൺൾഡ് ട്രംപും നെതന്യാഹുവും ഓവൽ ഓഫീസിൽ വെച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനിടെ എടുത്ത ചിത്രങ്ങളാണ് ഇപ്പോൾ പുറത്തുവന്നത്. ട്രംപും നെതന്യാഹുവും തമ്മിലുള്ള കൂടിക്കാഴ്ചയയുടെ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങളാണ് വൈറ്റ് ഹൗസ് പുറത്തുവിട്ടത്. ട്രംപിന്റെ മടിയിൽ ടെലിഫോൺ ഇരിക്കുന്നുണ്ട്. എന്നാൽ റിസീവർ നെതന്യാഹുവിന്റെ (Benjamin Netanyahu)കൈയിലാണ്. ചെവിയിൽ ഫോൺ വെച്ച ശേഷം കൈയിലുള്ള കുറിപ്പിലുള്ളത് വായിക്കുന്ന നെതന്യാഹുവിനെയും ചിത്രത്തിൽ കാണാം. ഇത് ഖത്തറിനോടുള്ള ക്ഷമാപണമാണെന്നും എല്ലാം തിരക്കഥ ആണോ എന്നുമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന ചോദ്യം.
സെപ്തംബര്‍ ഒന്‍പതിനാണ് ദോഹയിലെ ലഗ്താഫിയയില്‍ ഇസ്രയേല്‍ ആക്രമണം നടത്തിയത്. സമാധാന ചര്‍ച്ചകള്‍ക്കായി എത്തിയ നേതാക്കളെയായിരുന്നു ഇസ്രയേല്‍ ആക്രമിച്ചത്. ആക്രമണത്തില്‍ ഹമാസ് നേതാവിന്റെ മകനടക്കം ആറ് പേര് കൊല്ലപ്പെട്ടു. സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും സാധാരണക്കാര്‍ക്കും പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
ഹമാസ് പൊളിറ്റിക്കല്‍ ബ്യൂറോ അംഗങ്ങള്‍ താമസിച്ചിരുന്ന കെട്ടിടത്തിന് നേര്‍ക്കാണ് ആക്രമണം നടത്തിയതെന്നായിരുന്നു ഇസ്രയേല്‍ വാദം.
ഖത്തറിനോട് മാപ്പ് പറയാൻ നെതന്യാഹുവിനെ ട്രംപ് നിർബന്ധിക്കുകയായിരുന്നുവെന്നും, അതിനാലാണ് നെതന്യാഹു ഖത്തറിനോട് മാപ്പ് പറഞ്ഞതെന്നുമാണ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ. ദോഹയിൽ നടത്തിയ ആക്രമണത്തിൽ നെതന്യാഹുവിനെതിരേ ട്രംപ് അടക്കമുള്ളവർ രംഗത്തെത്തിയിരുന്നു.
