കുറഞ്ഞ ചന്ദ്രപ്രകാശം, തെളിഞ്ഞ കാലാവസ്ഥ എന്നിവ മികച്ച കാഴ്ചാനുഭവം വാഗ്ദാനം ചെയ്യും. മാത്രമല്ല ഓറിയോണിഡ് ഉൽക്കാവർഷം പാരമ്യത്തിലെത്തുന്ന സമയം കൂടിയാണ് ഒക്ടോബര്‍
![]() |
| SWAN (C/2025 R2) |
പ്രാചീന മനുഷ്യര്‍ക്ക് ആകാശം അത്ഭുതങ്ങളുടെ ലോകമായിരുന്നു. ഇരുള് പരക്കുമ്പോള്‍ തെളിയുന്ന നക്ഷത്രലോകം കാഴ്ചയുടെ വസന്തം മാത്രമല്ല ഒരുക്കിയത്, അവരുടെ ഉള്ളിലെ ജിജ്ഞാസയും ആകാശം തൊട്ടുണര്‍ത്തി. സൂര്യചന്ദ്രന്മാരെ ചിലപ്പോള്‍ വിഴുങ്ങുന്ന കറുത്ത മൂടപടവും, ആകാശത്ത് കൂടെ സഞ്ചരിക്കുന്ന തീഗോളങ്ങളായ ധൂമകേതുക്കളുടെയും രഹസ്യങ്ങള്‍ അറിയാൻ അവര്‍ ആകാംക്ഷ കൊണ്ടു. ഇന്നും അതേ ആകാംക്ഷയോടെ ആകാശലോകത്തെ വിസ്മയങ്ങള്‍ കാണാൻ മനുഷ്യൻ കാത്തരിക്കാറുണ്ട്.
വാല്നക്ഷത്രങ്ങള് (comet) ആകാശനിരീക്ഷകര്‍ എന്നും കാത്തിരിക്കുന്ന കാഴ്ചകളിലൊന്നാണ്. ഒരുപാട് നേരം രാത്രിയില്‍ കാത്തിരുന്നു അവസാനം ഒറ്റ രാത്രിയില്‍ രണ്ട് വാല്‍നക്ഷത്രങ്ങളെ കാണാന്‍ സാധിച്ചാലോ? എന്നാല്‍ അത്തരത്തില്‍ അപൂര്‍വമായ ഒരു അവസരമാണ് ഒക്ടോബര്‍ മാസം നിങ്ങള്‍ക്കായി ഒരുക്കുന്നത്. കോമറ്റ് സ്വാനും (SWAN (C/2025 R2) കോമറ്റ് ലെമ്മണും (Lemmon (C/2025 A6) ഒക്ടോബർ 21ന് ഭൂമിയുടെ ഏറ്റവും അടുത്തെത്തും. വടക്കൻ അർദ്ധഗോളത്തിലുള്ളവര്ക്കാകട്ടെ ഒരേ രാത്രിയിൽ രണ്ട് വാൽനക്ഷത്രങ്ങളെയും കാണാനും സാധിക്കും. ഒപ്പം ഒറിയോണിഡ് ഉൽക്കാവർഷത്തിനും സാക്ഷിയാകാം.
ലെമ്മണ്‍ വടക്കുപടിഞ്ഞാറൻ ചക്രവാളത്തിലും സ്വാന് തെക്കുപടിഞ്ഞാറൻ ആകാശത്തുമായിരിക്കും വിരുന്നെത്തുക. ദൂരദർശിനികളുടെ സഹായമില്ലാതെ തന്നെ രണ്ട് വാല്‍നക്ഷത്രങ്ങളെയും കാണാനാകും എന്നാണ് പ്രതീക്ഷിക്കുന്നത്. എങ്കിലും ദൂരദർശിനികളുണ്ടെങ്കില് കാഴ്ച കൂടുതല്‍ മിഴിവുള്ളതാകും. ഒക്ടോബർ 9 ഓടെ രണ്ട് വാൽനക്ഷത്രങ്ങളും ആകാശത്ത് പ്രത്യക്ഷപ്പെടാൻ തുടങ്ങിയിട്ടുണ്ട്. എങ്കിലും അമാവാസി അടുക്കുന്ന ഒക്ടോബര്‍ 21നായിരിക്കും കാഴ്ച മികച്ചതാകുക. കുറഞ്ഞ ചന്ദ്രപ്രകാശം, തെളിഞ്ഞ കാലാവസ്ഥ എന്നിവ മികച്ച കാഴ്ചാനുഭവം വാഗ്ദാനം ചെയ്യും. മാത്രമല്ല ഓറിയോണിഡ് ഉൽക്കാവർഷം പാരമ്യത്തിലെത്തുന്ന സമയം കൂടിയാണ് ഒക്ടോബര്‍ 21. അതേസമയം, പെട്ടെന്നുള്ള പൊട്ടിത്തെറികളോ പാതയിലെ മാറ്റങ്ങളോ വാല്‍നക്ഷത്രങ്ങളുടെ ദൃശ്യപരതയെ പ്രതികൂലമായി ബാധിച്ചേക്കാം.
SWAN (C/2025 R2) വാൽനക്ഷത്രം
2025 സെപ്റ്റംബറിലാണ് ഈ വാല്‍നക്ഷത്രത്തെ കണ്ടെത്തുന്നത്. ഒക്ടോബർ രണ്ടാമത്തെ ആഴ്ച മുതൽ മധ്യ- വടക്കൻ അക്ഷാംശങ്ങളിൽ നീലകലർന്ന പച്ച നിറത്തില്‍ ഈ വാല്‍നക്ഷത്രം ദൃശ്യമാകും. സൂര്യാസ്തമയത്തിന് തൊട്ടുപിന്നാലെ തെക്കുപടിഞ്ഞാറൻ ആകാശത്ത് ലിബ്ര നക്ഷത്രസമൂഹത്തിലേക്കാണ് നോക്കേണ്ടത്. ഒക്ടോബര്‍ അവസാനത്തിലേക്ക് നീങ്ങുമ്പോള്‍ സ്കോർപിയസ്, ഓഫ്യൂച്ചസ്, സെർപെൻസ് എന്നിവയിലൂടെ സ്വാന് വടക്കുകിഴക്കായി നീങ്ങും. ഒക്ടോബർ 13ന് ഓഫ്യൂച്ചസിലെ തിളക്കമുള്ള നക്ഷത്രമായ സാബിക്കിന് തൊട്ടുതാഴെയായി കടന്നുപോകും. ഒക്ടോബർ 21 ഓടെ സൂര്യനോട് ഏറ്റവും അടുത്തുള്ള സ്ഥാനത്തെത്തും. ഈ സമയം വാല്‍നക്ഷത്രത്തിന്റെ പ്രകാശം ഉച്ചസ്ഥായയിലെത്തും. തുടർന്ന് ഭൂമിയിൽ നിന്ന് അകലുകയും ക്രമേണ മങ്ങുകയും ചെയ്യും. മികച്ച കാഴ്ചയ്ക്കായി പ്രകാശ മലിനീകരണം കുറഞ്ഞ സ്ഥലങ്ങള്‍ തിരഞ്ഞെടുക്കണം.
Lemmon (C/2025 A6) വാൽനക്ഷത്രം
2025 ജനുവരിയിൽ അരിസോണയിലെ മൗണ്ട് ലെമ്മൺ സർവേയാണ് ഈ വാല്‍നക്ഷത്രത്തെ കണ്ടെത്തിയത്. ഭൂമിയോട് അടുക്കുന്തോറും കൂടുതൽ പ്രകാശിച്ചുകൊണ്ടിരിക്കുകയാണ് ലെമ്മൺ. ബിഗ് ഡിപ്പർ നക്ഷത്രസമൂഹത്തിന് താഴെയായി വടക്കുപടിഞ്ഞാറൻ ആകാശത്ത് താഴ്ന്ന നിലയിൽ ലെമ്മൺ ദൃശ്യമാകുകയും ചെയ്യും. ഒക്ടോബർ 16 ഓടെ കെയ്ൻസ് വെനാറ്റിക്കിയിലെ തിളക്കമുള്ള നക്ഷത്രമായ കോർ കരോളിയുടെ അടുത്തുകൂടി കടന്നുപോകും. ഒക്ടോബർ 21ന് ഭൂമിയോട് ഏറ്റവും അടുത്തെത്തുകയും ചെയ്യും.
ഓറിയോണിഡ് ഉൽക്കാവർഷം
ഒക്ടോബർ 21- 22 തീയതികളിൽ ഓറിയോണിഡ് ഉൽക്കാവർഷം അതിന്റെ ഉച്ചസ്ഥായിയിലെത്തും. തെളിഞ്ഞ– ഇരുണ്ട ആകാശമാണെങ്കില്‍ മണിക്കൂറിൽ ഏകദേശം 20 ഉൽക്കകളെയെങ്കിലും കാണാന്‍ സാധിക്കും. ഹാലിയുടെ വാൽനക്ഷത്രം അവശേഷിപ്പിച്ച അവശിഷ്ടങ്ങളിൽ നിന്നാണ് ഓറിയോൺ ഉൽക്കകൾ ഉത്ഭവിക്കുന്നത്. തെക്കുകിഴക്കൻ ആകാശത്ത് അർദ്ധരാത്രിക്ക് ശേഷം ഉല്‍ക്കാവര്‍ഷം കാണാം. സ്വാൻ, ലെമ്മൺ, ഓറിയോണിഡുകൾ എന്നിവയെല്ലാം ഒരുമിച്ചെത്തിയാല്‍ അതിശയിപ്പിക്കുന്ന ഒരു രാത്രിയായിരിക്കും നിങ്ങളെ കാത്തിരിക്കുന്നത്.

