ഭൂഗർഭ ബങ്കറിൽ വെച്ച് വെടിയുതിർത്തു ജീവനൊടുക്കുമ്പോൾ രക്തത്തുള്ളി തെറിച്ച് വീണ സോഫായിലെ തുണിക്കഷ്ണത്തിൽ നിന്ന് ഡിഎൻഎ വേർതിരിച്ച് എടുത്തപ്പോഴാണ് കാള്‍മാന്‍ സിന്‍ഡ്രോമുണ്ടെന്ന് മനസ്സിലായത്.
ലോകത്തെ വിറപ്പിക്കുകയും നിരവധി മനുഷ്യരെ അതിദാരുണം കൊന്നൊടുക്കുകയും ചെയ്ത ജർമൻ (germany) ഏകാധിപതി അഡോള്‍ഫ് ഹിറ്റ്ലർ (adolf hitler)എന്ന വ്യക്തിയെ പറ്റി പല കഥകളും പ്രചാരത്തിലുണ്ട്. അക്കൂട്ടൽ ഒന്ന് അദ്ദേഹത്തിൻറെ ശാരീരിക പ്രത്യേകതകളെ പറ്റിയായിരുന്നു. വളരെ ചെറിയ ജനനേന്ദ്രിയത്തിനും ഒരു വൃഷ്ണത്തിനും ഉടമയായിരുന്നു ഹിറ്റ്ലര്‍ എന്നതായിരുന്നു ഇക്കൂട്ടത്തിലെ ഒരു കേട്ടുകേള്‍വി. മറ്റൊന്ന് നിരവധി ജൂതന്മാരെ കൊന്നൊടുക്കിയ ഹിറ്റ്ലറിന് പക്ഷേ ജൂത പാരമ്പര്യമുണ്ടെന്നതാണ് മറ്റൊരു കഥ. ഈ കഥകള്‍ക്കും അഭ്യൂഹങ്ങള്‍ക്കുമെല്ലാം ഒരു വ്യക്തതയുണ്ടാക്കിയിരിക്കുകയാണ് അടുത്തിടെ നടന്ന DNA പഠനം, ശാരീരിക സ്ഥിതിയുടെ കാര്യത്തിൽ.
ഹിറ്റ്ലർ സ്ത്രീകളിൽ നിന്ന് വളരെ അകലം പാലിച്ചിരുന്നതായി അന്നും പറയപ്പെട്ടിരുന്നു അതിനു കാരണമായി പറയപ്പെട്ടത് സ്വവർഗാനുരാഗിയാണ് (homosexuality) എന്നതായിരുന്നു. ഹിറ്റ്ലര്‍ സ്വയം വെടിവച്ച് മരിക്കുമ്പോള്‍ സോഫായില്‍ പറ്റിയ ഒരു രക്തസാംപിള്‍ ഗവേഷകര്‍ക്ക് ലഭിച്ചതോടെയാണ് ഇത്തരത്തിലുള്ള കണ്ടെത്തലുകള്‍ക്കും വഴി തുറന്നത്. ഈ രക്തസാംപിളിന്റെ ഡിഎന്‍എ പഠനത്തില്‍ ഹിറ്റ്ലറിന് ജനിതക രോഗമായ കാള്‍മാന്‍ സിന്‍ഡ്രോമുണ്ടെന്ന് (kallmann syndrome) ഗവേഷകര്‍ സ്ഥിരീകരിച്ചു. 'Hitler's DNA: Blueprint of a Dictator' എന്ന ഡോക്യുമെന്ററിയുടെ ചിത്രീകരണത്തിന്റെ ഭാഗമായിട്ടായിരുന്നു ഈ ഗവേഷണം നടത്തിയത്.
ഈ ഡോക്യുമെൻററിയിലാണ് ഗവേഷണ ഫലത്തിന്റെ ഭാഗമായി പ്രവർത്തിച്ച രാജ്യാന്തര ഗവേഷകരും, ചരിത്രകാരന്മാരും ഇത്തരമൊരു അഭിപ്രായം മുന്നോട്ടുവയ്ക്കുന്നത്. കുറഞ്ഞ ടെസ്റ്റോസ്റ്റിറോൺ അളവിനും വലിപ്പം കുറഞ്ഞ ജനനേന്ദ്രിയത്തിനും ഈ അസുഖം കാരണമായേക്കുമെന്നും ഈ അവസ്ഥ ഹിറ്റ്ലറിന് ഉണ്ടായിരുന്നിരിക്കാമെന്നും ഗവേഷകർ അഭിപ്രായപ്പെടുന്നു.
രണ്ടാം ലോകമഹായുദ്ധത്തിന്റെ (second world war) അവസാന നാളുകളിൽ അമേരിക്കയുടെയും ബ്രിട്ടന്റെയും നേതൃത്വത്തിലുള്ള സഖ്യകക്ഷികൾ ജർമ്മനിയുടെ നിയന്ത്രണത്തിൽ ഉണ്ടായിരുന്ന ഓരോ പ്രദേശങ്ങളും പിടിച്ചെടുത്ത് ബെർലിനിലേക്ക് മുന്നേറിയപ്പോൾ പരാജയം സുനിശ്ചിതമെന്ന് മനസ്സിലാക്കിയ ഹിറ്റ്ലർ തന്റെ ഭൂഗർഭ ബങ്കറിൽ വെച്ച് വെടിയുതിർത്തു ജീവനൊടുക്കുമ്പോൾ രക്തം തെറിച്ചു വീണ സോഫയിൽ നിന്ന് അമേരിക്കൻ ആർമിയിലെ കേണൽ റോസ്വെൽ പി. റോസെൻഗ്രെൻ (Colonel Roswell P. Rosengren, U.S. Army) ഒരു രക്തക്കറ പുരണ്ട തുണിക്കഷ്ണം യുദ്ധസ്മാരകമായി സൂക്ഷിച്ചിരുന്നു, ആ തുണി കഷണത്തിൽ നിന്നാണ് ഇപ്പോൾ ഇങ്ങനെ ഒരു പഠനഫലത്തിന് ആസ്പദമായ ഡിഎൻഎ കിട്ടാൻ കാരണമായ രക്തക്കറ ലഭിക്കുന്നത്.ഏകദേശം 80 വർഷം പഴക്കമുള്ള ഈ തുണിക്കഷ്ണം നിലവിൽ അമേരിക്കയിലെ ഗെറ്റിസ്ബർഗ് മ്യൂസിയം ഓഫ് ഹിസ്റ്ററിയിലാണ് (gettysburg museum of history, united states) പ്രദർശിപ്പിച്ചിട്ടുള്ളത്.
കാള്‍മാൻ സിൻഡ്രോമിന് പുറമേ ഓട്ടിസവും ചിത്തഭ്രമവും ബൈപോളാര്‍ ഡിസോര്‍ഡറും ഹിറ്റ്ലറിന് ഉണ്ടാകാനുള്ള സാധ്യതയും ഡിഎൻഎ പഠനം ചൂണ്ടിക്കാട്ടുന്നു. അതേസമയം, ഈ രോഗാവസ്ഥയ്ക്ക് ഹേതു ആകുന്നത് ഒരു പ്രത്യേക ജീനിലെ മാറ്റം കാരണം ഉണ്ടാകുന്ന ജനിതക വൈകല്യമാണിത്. മാതാപിതാക്കളിൽ നിന്ന് പാരമ്പര്യമായി ലഭിക്കാം. ഹോർമോൺ തെറാപ്പിയാണ് നിലവിലുള്ള ചികിത്സ എന്നു പറയുന്നത്. പക്ഷേ ഹിറ്റ്ലറിന് ജൂത പാരമ്പര്യം ഉണ്ടായിരുന്നുവെന്ന് പൊതുവേയുള്ള സംശയങ്ങളെ ഗവേഷണം തള്ളി. ഗവേഷണ ഫലത്തിൽ ശാസ്ത്രജ്ഞർക്ക് പൂർണ്ണ വിശ്വാസം വരാൻ മറ്റൊരു കാരണം കൂടിയുണ്ട് അത്,ഒരു പതിറ്റാണ്ട് മുമ്പ് ശേഖരിച്ച ഒരു പുരുഷ ബന്ധുവിന്റെ വൈ-ക്രോമസോമുമായി രക്ത സാമ്പിൾ കൃത്യമായി പൊരുത്തപ്പെട്ടു എന്നത് തന്നെ കാരണം.
ഹിറ്റ്ലര്‍ തൻ്റെ ജീവിതത്തിലുടനീളം സ്ത്രീകളോട് അകല്‍ച്ച കാട്ടിയിരുന്നു. സ്ത്രീകളുടെ സാമീപ്യം അദ്ദേഹത്തെ വളരെയധികം അസ്വസ്ഥനാക്കിയിരുന്നു. സ്ത്രീകളിൽ നിന്ന് എന്തുകൊണ്ടാണ് അകലം പാലിച്ചിരുന്നതെന്ന് ഇപ്പോള്‍ മനസ്സിലായെന്നും പോട്ട്സ്ഡാം സര്‍വകലാശാലയിലെ അലക്സ് കേ പറഞ്ഞു. ഇപ്പോള്‍ അദ്ദേഹത്തിന് കാള്‍മാൻ സിൻഡ്രോം ഉണ്ടെന്ന് സ്ഥിരീകരിച്ചെന്നും അദ്ദേഹം പറഞ്ഞു. ഇതായിരിക്കാം അന്വേഷിച്ചുകൊണ്ടിരുന്ന ഉത്തരമെന്നും അലക്സ് കേ ഉറപ്പിച്ചു പറയുന്നു.
കാൾമൻ സിൻഡ്രോം?
പ്രായപൂർത്തിയാകുന്നതിനെയും ഗന്ധം തിരിച്ചറിയാനുള്ള കഴിവിനെയും ബാധിക്കുന്ന ഒരു അപൂർവ ജനിതക അവസ്ഥയാണ് കാൾമൻ സിൻഡ്രോം.ഇതിലൂടെ ഹൈപ്പോഗൊനാഡോട്രോപിക് ഹൈപ്പോഗൊനാഡിസം എന്ന അവസ്ഥ ഉണ്ടാകുന്നു. ഈ അവസ്ഥ ബാധിച്ചവർക്ക് GnRH ഹോർമോൺ ഇല്ലാത്തതിനാലോ അല്ലെങ്കിൽ വളരെ കുറവായതിനാലോ സ്വാഭാവികമായി പ്രായപൂർത്തിയാകുന്നതിൽ പ്രശ്നങ്ങളുണ്ടാകുന്നു. ഈ അവസ്ഥയുടെ പ്രധാന ലക്ഷണങ്ങളിലൊന്ന് anosmia-ആണ്. അതായത് ഗന്ധം തിരിച്ചറിയാനുള്ള കഴിവ് കുറയുകയോ പൂർണ്ണമായി ഇല്ലാതാവുകയോ ചെയ്യുന്ന അവസ്ഥ.
30,000 പുരുഷന്മാരിൽ ഒരാളും 1,25,000 സ്ത്രീകളിൽ ഒരാളും മാത്രമാണ് രോഗബാധിതരാകാനുള്ള സാധ്യത എന്നും അതിൽ തന്നെ കൂടുതലും പുരുഷന്മാരിലാണ് കണ്ടുവരുന്നത്.
രോഗലക്ഷണങ്ങൾ
ഗന്ധം തിരിച്ചറിയാനുള്ള കഴിവ് കുറയുകയോ പൂർണ്ണമായി ഇല്ലാതാവുകയോ ചെയ്യുന്ന അവസ്ഥ
വളർച്ചയിലുണ്ടാകുന്ന പ്രശ്നങ്ങൾ
ചിലരിൽ കേൾവി സംബന്ധമായ പ്രശ്നങ്ങൾ, ദന്ത പ്രശ്നങ്ങൾ
ഒരു വൃക്ക ഇല്ലാതിരിക്കുന്ന അവസ്ഥ.
പുരുഷന്മാരിൽ കാണുന്ന ലക്ഷണങ്ങൾ
പ്രായപൂർത്തിയാകാൻ വൈകുക
മുഖത്തും ശരീരത്തും വളരെ കുറഞ്ഞ രോമവളർച്ച
ചെറിയ വൃഷണങ്ങൾ അല്ലെങ്കിൽ ലിംഗം
സ്ത്രീകളിൽ കാണുന്ന ലക്ഷണങ്ങൾ
സ്തനവളർച്ച ഇല്ലാതിരിക്കുക
ആർത്തവം ഉണ്ടാകാതിരിക്കുക
രോഗനിർണയം
ഹോർമോൺ ബ്ലഡ് ടെസ്റ്റ്.
ഗന്ധം തിരിച്ചറിയാനുള്ള കഴിവ് പരിശോധിക്കാം.
ഗന്ധവുമായി ബന്ധപ്പെട്ട തലച്ചോറിലെ ഘടനകളിൽ എന്തെങ്കിലും പ്രശ്നമുണ്ടോ എന്നറിയാൻ എംആർഐ സ്കാൻ.
ചികിത്സ
ഹോർമോൺ തെറാപ്പി: (പുരുഷന്മാർക്ക് ടെസ്റ്റോസ്റ്റിറോൺ, സ്ത്രീകൾക്ക് ഈസ്ട്രജൻ/പ്രൊജസ്റ്ററോൺ)
സ്വന്തമായി കുട്ടികൾ വേണമെന്ന് ആഗ്രഹിക്കുന്നവർക്ക് പ്രത്യേക ഹോർമോൺ കുത്തിവയ്പ്പുകൾ അല്ലെങ്കിൽ pulsatile GnRH therapy.
ഹിറ്റ്ലറിന്റെ ഡിഎൻഎയുമായി ബന്ധപ്പെട്ട പഠനഫലങ്ങൾ പുറത്തുവന്നപ്പോൾ, അതല്ലെങ്കിൽ ഏതൊരു പഠന ഫലം പുറത്തുവരുമ്പോഴും ഉണ്ടാകുന്ന സ്വാഭാവികമായ ചില പ്രതിവാദങ്ങളും അനുകൂലവാദങ്ങളും ഇതിന് പിന്നാലെയും ഉണ്ടായി. അവ ഗവേഷണത്തിന്റെ ധാർമ്മികതയെയും പ്രത്യേകിച്ച് ന്യൂറോളജിക്കൽ പ്രവണതകളെക്കുറിച്ചുള്ള വിവരങ്ങളെയും സംബന്ധിച്ച് ആശങ്കകൾ ഉയരുന്നു എന്നാണ് പറയുന്നത്.
ഓട്ടിസം പോലുള്ള അവസ്ഥകൾക്ക് ഹിറ്റ്ലറുടെ വംശഹത്യ സ്വഭാവത്തിന് ബന്ധമുണ്ടെന്ന് പൊതുജനം തെറ്റിദ്ധരിക്കുമോ എന്നതാണ് പ്രധാന ആശങ്ക. കേംബ്രിഡ്ജ് സർവ്വകലാശാലയിലെ പ്രൊഫ. സൈമൺ ബാരൺ-കോഹൻ അഭിപ്രായപ്പെടുന്നത്: “ഇത്തരത്തിലുള്ള ജനിതക ഫലങ്ങൾ നോക്കുമ്പോൾ കളങ്കപ്പെടുത്തലിന്റെ സാധ്യതയുണ്ട് എന്നാണ്. എന്റെ രോഗനിർണയം ഇത്രയും ഭീകരമായ കാര്യങ്ങൾ ചെയ്ത ഒരാളുമായി ബന്ധിപ്പിക്കുകയാണോ എന്ന് ആളുകൾ ചിന്തിച്ചേക്കാം.” ബ്രിട്ടനിലെ നാഷണൽ ഓട്ടിസ്റ്റിക് സൊസൈറ്റി ഈ കണ്ടെത്തലുകളെ “ചീപ്പ് തട്ടിപ്പ്” എന്നാണ് വിശേഷിപ്പിച്ചത്.
അതേസമയം കഴിഞ്ഞ കാലത്തെ അതിക്രമങ്ങളെ മനസ്സിലാക്കാൻ സാധ്യമായ എല്ലാ വഴികളും ഉപയോഗിക്കണം എന്നും, ഈ വിവരങ്ങൾ ഭാവിയിലെ ഗവേഷകർക്ക് ഉപകാരപ്പെട്ടേക്കാം ,ഇതിനെ അനുകൂലിക്കുന്നവർ പറയുന്നത്.
ശാസ്ത്രീയമായ പരിമിതികളെക്കുറിച്ചും ചിലരെങ്കിലും ആശങ്കകൾ മുന്നോട്ടുവയ്ക്കുന്നുണ്ട്. ആ ആശങ്കകൾ ശരിയും ആവാം തെറ്റും ആവാം. അതുപ്രകാരം ലണ്ടനിലെ കിംഗ്സ് കോളേജിലെ പ്രൊഫ. ഡെനിസ് സിൻഡർകോംബ് കോർട്ട് ഉൾപ്പെടെയുള്ള ജനിതക ശാസ്ത്രജ്ഞർ ഈ അനുമാനങ്ങൾ അതിരുകടന്നുവെന്ന് അഭിപ്രായപ്പെടുന്നത്. ഡിഎൻഎയിൽ ഒരു ഘടകം എൻകോഡ് ചെയ്തതുകൊണ്ട് മാത്രം അത് പ്രകടമാവണമെന്നില്ല. മറിച്ച് ഒരാളുടെ സ്വഭാവം നിർണ്ണയിക്കുന്നത് ജനിതകഘടന മാത്രമല്ല, പരിസ്ഥിതി, ബാല്യകാല അനുഭവങ്ങൾ, വിദ്യാഭ്യാസം തുടങ്ങി നിരവധി ഘടകങ്ങളാണെന്നും അവർ ചൂണ്ടിക്കാണിക്കപ്പെടുന്നു.
മരണാനന്തരമുള്ള ഡിഎൻഎ പഠനം ഹിറ്റ്ലറെപ്പോലെ ഒരു കൊടുംപാതകിയുടെ കാര്യത്തിൽ നടത്താമോ എന്ന സംശയത്തിന് അല്ലെങ്കിൽ വാദത്തിന്,ഹിറ്റ്ലർക്ക് നേരിട്ടുള്ള പിൻഗാമികൾ ഇല്ലാത്തതും അദ്ദേഹത്തിന്റെ ഭീകരമായ ചെയ്തികളും കണക്കിലെടുക്കുമ്പോൾ, പൊതു താൽപ്പര്യത്തിനായി ഈ പഠനം നടത്തുന്നത് ന്യായീകരിക്കാവുന്നതാണ്,പ്രൊഫ. ടൂറി കിംഗിന്റെയും ചരിത്രകാരനായ ഡോ. കേയുടെയും അഭിപ്രായം.
