പൊതുജനത്തിന് കുറഞ്ഞ നിരക്കിൽ സുരക്ഷിതയാത്ര ഉറപ്പാക്കുന്ന സംസ്ഥാന സർക്കാരിന്റെ ഓൺലൈൻ ഓട്ടോ/ ടാക്സി പ്ലാറ്റ്ഫോമായ കേരള സവാരി 2.0 പൂർണ്ണ അർഥത്തിൽ പ്രവർത്തനം ആരംഭിക്കുന്നതായി പൊതുവിദ്യാഭ്യാസ- തൊഴിൽ മന്ത്രി വി ശിവൻകുട്ടി. തിരുവനന്തപുരം, കൊച്ചി നഗരങ്ങളിലാണ് കേരള സവാരി പൂർണ്ണതോതിൽ പ്രവർത്തനം ആരംഭിക്കുന്നത്. ഡിസംബറോടെ കേരള സവാരി ഒരു മൾട്ടി മോഡൽ ഗതാഗത സംവിധാന ആപ്പ് ആയി മാറും. മെട്രോ, വാട്ടർ മെട്രോ, മെട്രോ ഫീഡർ ബസുകൾ, ഓട്ടോകൾ, കാബുകൾ എന്നിവയെ ഏകോപിപ്പിക്കുന്ന സംവിധാനം രാജ്യത്തിന് തന്നെ മാതൃകയാകുമെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലെ പൂർണ്ണമായ പ്രവർത്തനത്തിന് ശേഷം ഉടൻ തന്നെ മറ്റ് ജില്ലകളിലേക്കും നഗരങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കും.
കേരള സർക്കാർ, പൊലീസ്, ഗതാഗതം, ഐടി, പ്ലാനിംഗ് ബോർഡ് തുടങ്ങിയ വകുപ്പുകളുടെ സഹകരണത്തോടെയാണ് കേരള സവാരി യാഥാർഥ്യമാക്കിയത്. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഐടിഐ ലിമിറ്റഡ് പാലക്കാടിന്റെ സാങ്കേതിക സഹായത്തോടെയാണ് ഇത് നടപ്പിലാക്കിയത്. നിലവിൽ ഐടിഐ പാലക്കാട് കണ്ടെത്തിയ മൂവിംഗ് ടെക് ആണ് പുതിയ ടെക്നിക്കൽ ടീം. മറ്റ് ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ നിന്ന് വ്യത്യസ്തമായി, കേരള സവാരി പ്രവർത്തിക്കുന്നത് സബ്സ്ക്രിപ്ഷൻ രീതിയിലാണ്. സർക്കാരിന്റെ നിശ്ചിത നിരക്കിലുള്ള ഈ സംവിധാനം ഡ്രൈവർമാർക്ക് ഉയർന്ന വരുമാനം ഉറപ്പാക്കുന്നു. പദ്ധതിയുടെ പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വന്നിട്ടുണ്ട്.
2022 ആഗസ്ത് 17നാണ് മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിൽ പൈലറ്റ് പ്രോജക്ടായി 'കേരള സവാരി' ഉദ്ഘാടനം ചെയ്തത്. ആദ്യ പൈലറ്റ് പദ്ധതിയിലെ ന്യൂനതകൾ പരിഹരിച്ച് പുതിയ ടീമിന്റെ സഹായത്തോടെ 2025 ഏപ്രിൽ മുതൽ തിരുവനന്തപുരം, കൊച്ചി നഗരങ്ങളിൽ ട്രയൽ റൺ നടത്തി. ഈ ട്രയൽ റൺ വിജയമായിരുന്നു. 23,000ത്തോളം വരുന്ന ഡ്രൈവർമാർ 3,60,000 ട്രിപ്പുകൾ നടത്തി. 9 കോടി 36 ലക്ഷം രൂപയാണ് ഡ്രൈവർമാർക്ക് ലഭിച്ച വരുമാനം. തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലായി പ്രതിദിനം 1200 യാത്രകൾ.
കേരള സവാരി വെറുമൊരു ഓട്ടോ/ടാക്സി ആപ്പ് എന്നതിലുപരി ഒരു മൾട്ടി മൊബിലിറ്റി ആപ്പായി മാറ്റാനാണ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു. ഇതിനായി മെട്രോ, വാട്ടർ മെട്രോ, ടൂറിസം, തീർഥാടനം, റെയിൽവേ, പ്രീ-പേയ്ഡ് ഓട്ടോ കൗണ്ടർ എന്നിവിടങ്ങളിലെ ടിക്കറ്റ് ബുക്കിംഗുമായി യോജിപ്പിച്ച് പ്രവർത്തിക്കുന്ന രൂപകൽപ്പനയാണ് പൂർത്തിയാക്കിയിട്ടുള്ളത്. സർക്കാർ നിരക്ക് നിശ്ചയിക്കുന്ന മുറയ്ക്ക് ആംബുലൻസുകളും ഗുഡ്സ് വെഹിക്കിൾസുകളും ഈ പ്ലാറ്റ്ഫോമുമായി സംയോജിപ്പിക്കാൻ സാധിക്കും. കേരള സവാരി കേവലം ഒരു ആപ്പ് അല്ല, തൊഴിലാളി ക്ഷേമവും പൊതുജനത്തിന് കുറഞ്ഞ നിരക്കിൽ സുരക്ഷിതമായ യാത്രയും ഉറപ്പാക്കുന്ന കേരള സർക്കാരിന്റെ പ്രതിബദ്ധതയുടെ പ്രതീകമാണെന്നും മന്ത്രി പറഞ്ഞു.
