ഡെവലപ്പര്‍മാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമെല്ലാം ഒരു സന്തോഷ വാര്‍ത്ത കൂടി ചാറ്റ് ജിപിടിയുടെ ചാറ്റ് ജിപിടി ഗോ സബ്സ്ക്രിപ്ഷന് ഇന്ത്യയില്‍ ഇനി ഒരു വര്‍ഷത്തോളം സൗജന്യമായി ഉപയോഗിക്കാം (ChatGPT GO free for one year). നവംബര്‍ 4 മുതല്‍ ഈ ആനുകൂല്യം ആസ്വദിക്കാനാവും. പെര്‍പ്ലെക്സിറ്റി, ജെമിനൈ പോലുള്ള എതിരാളികള്‍ സമാനമായ പ്രചാരണ ഓഫറുകള്‍ ലഭ്യമാക്കുന്നതിനിടെയാണ് ഓപ്പണ്‍ എഐയും ചാറ്റ്ജിപിടി ഗോ സൗജന്യമാക്കി രംഗത്തുവന്നിരിക്കുന്നത്. കഴിഞ്ഞയാഴ്ച തന്നെ ഓപ്പണ്‍ എഐ ഈ പ്രഖ്യാപനം നടത്തിയിരുന്നു.
ഓഫര്‍ കാലയളവില്‍ ChatGPT (ചാറ്റ്ജിപിടി) യില്‍ സൈന്‍ അപ്പ് ചെയ്യുന്നവര്‍ക്കും നേരത്തെ അക്കൗണ്ടുള്ളവര്‍ക്കും ഗോ സബ്സ്ക്രിപ്ഷന് സൗജന്യമായി ലഭിക്കും. ഇതുവഴി മെച്ചപ്പെട്ട ചാറ്റ്ജിപിടി ഫീച്ചറുകള്‍ ഉപയോഗപ്പെടുത്താനാവും. ചിത്രങ്ങള്‍ നിര്‍മിക്കുന്നതിന്റെ എണ്ണം കൂടും, അതുപോലെ സ്റ്റോറേജ്, മെസേജ് ലിമിറ്റ് ഉള്‍പ്പടെയുള്ളവ വര്‍ധിക്കും.
ഇന്ത്യയില്‍ ഇതിനകം വന്‍ സ്വീകാര്യത നേടിക്കഴിഞ്ഞ ഓപ്പൺ എ ഐ യുടെ ചാറ്റ്ജിപിടിയെ കൂടുതല്‍ ഉപഭോക്താക്കളിലേക്ക് എത്തിക്കാനും ഇന്ത്യയില്‍ വളര്‍ച്ച നേടാനുമുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഈ പ്രഖ്യാപനം.
ChatGPT GO എന്താണ്? ?
*ജിപിടി 5 എഐ മോഡലിന്റെ കഴിവുകള്‍ കുടുതല്‍ ഉപയോഗപ്പെടുത്താനാവും.
*കൂടുതല്‍ സന്ദേശങ്ങള്‍ അയക്കാനും ഫയല്‍ അപ്ലോഡുകള്‍ ചെയ്യാനും സാധിക്കും
*ചിത്രങ്ങള്‍ നിര്‍മിക്കുന്ന വേഗം വര്‍ധിക്കും
*ചാറ്റിലെ കൂടുതല്‍ കാര്യങ്ങളും സന്ദര്‍ഭങ്ങളും ഓര്‍ത്തുവെക്കും
*പരിമിതമായ ഡീപ്പ് സെര്‍ച്ച് കഴിവുകള്‍ ലഭിക്കും
*പ്രൊജക്ടുകള്‍, ടാസ്കുകള്, കസ്റ്റം ജിപിടികള്‍ എന്നിവ നിര്‍മിക്കാനാവും
ChatGPT GO എങ്ങനെ ആക്ടിവേറ്റ് ചെയ്യാം?
നവംബർ നാല് മുതൽ ചാറ്റ് ജിപിടി തുറക്കുമ്പോൾ തന്നെ സബ്സ്ക്രിപ്ഷൻ അപ്ഗ്രേഡ് ചെയ്യാൻ നിർദേശിച്ചുള്ള പോപ് അപ്പ് ബാനർ കാണാം. അതിൽ ക്ലിക്ക് ചെയ്താൽ. ചാറ്റ്ജിപിടിയുടെ സബ്സ്ക്രിപ്ഷൻ പേജിലേക്ക് പോവാം. അതിൽ ചാറ്റ് ജിപിടി ഗോ സബ്സ്ക്രിപ്ഷൻ തിരഞ്ഞെടുത്ത് പേമെന്റ് പൂർത്തിയാക്കാം. ക്രെഡിറ്റ് കാർഡോ, യുപിഐയോ ഇതിനായി ഉപയോഗിക്കാം. തുടക്കത്തിൽ പണമൊന്നും തന്നെ ഈടാക്കില്ല. ഓഫർ കാലാവധി കഴിഞ്ഞാൽ സബ്സ്ക്രിപ്ഷൻ തുകയായ 399 രൂപ ഈടാക്കിത്തുടങ്ങും. എന്നാൽ അതിന് മുമ്പ് സബ്സ്ക്രിപ്ഷൻ ആവശ്യമില്ലാത്തവർക്ക് അത് പിൻവലിക്കാവുന്നതാണ്.
