പി. ജയരാജൻ സംസ്ഥാന കമ്മിറ്റിയിൽ ഉന്നയിച്ച വിഷയം വളച്ചൊടിച്ച് പ്രചരിപ്പിച്ചു
വലിയ വിവാദങ്ങൾക്കൊടുവിൽ ഒടുവിൽ സിപിഐഎം (CPIM) കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജൻ്റെ ആത്മകഥ പുറത്തിറങ്ങി. 'ഇതാണെൻ്റെ ജീവിതം' എന്ന പേരിലാണ് ഇ.പി. ജയരാജൻ ആത്മകഥ എഴുതിയത്. കണ്ണൂരിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ കഥാകൃത്ത് ടി. പത്മനാഭന് നൽകി പുസ്തകം പ്രകാശനം ചെയ്തു. മാതൃഭൂമി ബുക്സാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്.
കഴുത്തിൽ വെടിയുണ്ടകളുടെ അംശവുമായാണ് ജയരാജൻ ഇപ്പോഴും ജീവിക്കുന്നതെന്ന് പ്രകാശന വേദിയിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇ.പി. ജയരാജനെതിരെ (EP JAYARAJAN) അസത്യങ്ങളും അർധസത്യങ്ങളും കൊണ്ട് വലതുപക്ഷത്തിന്റെ അക്രമണമുണ്ടായി.പലവിധത്തിലുള്ള ദുരരോപണങ്ങൾ നേരിടേണ്ടി വന്നു. കാലത്തിനനുസരിച്ച് മാറണം എന്ന് പറഞ്ഞപ്പോൾ കട്ടൻ ചായയും പരിപ്പുവടയും പറഞ്ഞ് പരിഹസിച്ചു. പാലക്കാട് ഉപാതിരഞ്ഞെടുപ്പ് സമയത്തും ഇത് ആവർത്തിച്ചു. ഇതിനെയെല്ലാം ജയരാജൻ അതിജീവിച്ചന്നും വേദിയിൽ മുഖ്യമന്ത്രി പറഞ്ഞു.
നാട്ടിലാകെ പാറി നടന്ന ചെങ്കൊടിയുടെ പാതയിൽ ആവേശത്തോടെ അണിനിരന്ന ഒരു ഒൻപതാം ക്ലാസുകാരൻ. ആ ഒൻപതാം ക്ലാസുകാരൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പോരാട്ടവഴിയിലെ അനിഷേധ്യ നേതാവായ ചരിത്രം. ആ ചരിത്രവും അതിനോട് ചേർന്ന അനുഭവങ്ങളുമാണ് ഇ.പി. ജയരാജന്റെ ആത്മകഥ. "ഇതാണെന്റെ ജീവിതം" എന്ന പേരിൽ ഇ.പി. ആത്മകഥ എഴുതുമ്പോൾ അതൊരു സമര കാലത്തിന്റെ അടയാളപ്പെടുത്തലാകുമെന്നതിലും തർക്കമില്ല.
ഇ.പിയുടെതെന്ന പേരിൽ നേരത്തെ പ്രചരിച്ച ആത്മകഥാ ഭാഗങ്ങളുണ്ടാക്കിയ വിവാദം ചെറുതല്ല. പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ മത്സരിച്ച എൽഡിഎഫ് സ്ഥാനാർഥിയെക്കുറിച്ചും ബിജെപി നേതാവ് പ്രകാശ് ജാവദേക്കറെ കണ്ടെന്ന വിവാദത്തേക്കുറിച്ചും ഇ.പിയുടെ തുറന്നെഴുത്ത് എന്ന പേരിൽ ആത്മകഥയുടെ ഭാഗങ്ങൾ പ്രചരിച്ചിരുന്നു. ഇത് പിന്നീട് ഡിസി ബുക്സും ഇ.പിയും തമ്മിലുള്ള നിയമ പോരാട്ടത്തിലും പുതിയ പ്രസാധകരായ മാതൃഭൂമി ബുക്സിലുമെത്തി.
ആത്മകഥയിൽ വൈദേകം റിസോർട്ട് വിവാദത്തിൽ ആത്മകഥയിൽ പരാമർശവുമായി ഇ.പി ജയരാജൻ. വിവാദങ്ങളിൽ ബന്ധപ്പെട്ടവർ വ്യക്തത വരുത്തിയിരുന്നെങ്കിൽ വ്യക്തിപരമായ അധിക്ഷേപങ്ങൾ നിലയ്ക്കുമായിരുന്നു എന്നാണ് പരാമർശം. പി. ജയരാജൻ സംസ്ഥാന കമ്മിറ്റിയിൽ ഉന്നയിച്ച വിഷയം വളച്ചൊടിച്ച് പ്രചരിപ്പിച്ചു എന്നും ഇ.പി. ജയരാജൻ ആത്മകഥയിൽ പറയുന്നു. മകനെ ബി ജെ പി സ്ഥാനാർഥിയാക്കാൻ ശ്രമം നടന്നെന്നും ആത്മകഥയിൽ പരാമർശം ഉണ്ട്. ശോഭാ സുരേന്ദ്രനാണ് ഇതിനുള്ള ശ്രമങ്ങൾ നടത്തിയത് എന്നും ജയരാജൻ പറയുന്നു.
വൈദേകം, ജാവദേക്കർ വിവാദങ്ങൾ ജയരാജൻ ആത്മകഥയിൽ തുറന്നെഴുതിയിട്ടുണ്ട്. വൈദേകം റിസോർട്ട് വിവാദത്തിൽ ഒരു സ്വകാര്യ കമ്പനിയെ സഹകരണ സ്ഥാപനത്തെ പോലെ സഹായിക്കാൻ പാടുണ്ടോ എന്ന് മാത്രമാണ് പി. ജയരാജൻ സംസ്ഥാന കമ്മിറ്റിയിൽ ചോദിച്ചത്. ജയരാജൻ ഉന്നയിച്ച വിഷയം പക്ഷേ വളച്ചൊടിച്ച് പ്രചരിപ്പിച്ചു. വിവാദങ്ങളിൽ ബന്ധപ്പെട്ടവർ വ്യക്തത വരുത്തിയിരുന്നെങ്കിൽ തനിക്കെതിരായ വ്യക്തിപരമായ അധിക്ഷേപങ്ങൾ നിലക്കുമായിരുന്നുവെന്ന് ഇ.പി. ജയരാജൻ ആത്മകഥയിൽ അഭിപ്രായപ്പെട്ടു.
പ്രകാശ് ജാവദേക്കർ- ഇപി കൂടിക്കാഴ്ചയും ആത്മകഥയിൽ വിശദീകരിക്കുന്നുണ്ട്. മകന്റെ വീട്ടിൽ വന്ന് ജാവദേക്കർ പരിചയപ്പെട്ടതിനെ താൻ ബിജെപിയിലേക്ക് എന്ന രീതിയിൽ പ്രചരിപ്പിച്ചവരിൽ ഒരാൾ ശോഭ സുരേന്ദ്രനാണ്. അവർ തൻ്റെ മകനെ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാക്കാൻ ശ്രമം നടത്തിയെന്നും ഇപി വെളിപ്പെടുത്തുന്നു.
എറണാകുളത്ത് വെച്ച് മകനെ പരിചയപ്പെട്ട് ഫോൺ നമ്പർ വാങ്ങിയ ശേഷം നിരന്തരം ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചു. നിരന്തരമായ ഫോൺ വിളി സദുദേശ്യത്തോടെയല്ലെന്ന് കണ്ട് മകൻ പിന്നീട് പ്രതികരിച്ചില്ലെന്നും ആത്മകഥയിൽ പറയുന്നു. എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് മാറ്റിയ തീരുമാനത്തിൽ ജയരാജന് പരാതിയുണ്ടായിരുന്നു എന്ന സൂചനയും ആത്മകഥയിലുണ്ട്. പ്രയാസം കേന്ദ്രകമ്മിറ്റിയെ അറിയിച്ചിരുന്നെന്നും പാർട്ടി തീരുമാനം തുറന്ന മനസ്സോടെ സ്വീകരിക്കുകയും അംഗീകരിക്കുകയും ചെയ്തുവെന്നും ജയരാജൻ പറയുന്നു.

