2024ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മല്‍ ബോയിസ് ആണ് മികച്ച ചിത്രം. 'ഭ്രമയുഗം' എന്ന സിനിമയിലെ അഭിനയത്തിനു മമ്മൂട്ടി മികച്ച നടനുള്ള പുരസ്കാരത്തിന് അർഹനായി. 'ഫെമിനിച്ചി ഫാത്തിമ' എന്ന ചിത്രത്തിലെ അഭിനയത്തിന് ഷംല ഹംസ മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു. 'മഞ്ഞുമ്മല്‍ ബോയിസ്' സംവിധായകൻ ചിദംബരം ആണ് മികച്ച സംവിധായകൻ. തൃശ്ശൂർ സാഹിത്യ അക്കാദമി ഹാളില്‍ നടന്ന വാർത്താ സമ്മേളനത്തിൽ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്.
ഫാസിൽ മുഹമ്മദ് സംവിധാനം ചെയ്ത 'ഫെമനിച്ചി ഫാത്തിമ' ആണ് മികച്ച രണ്ടാമത്തെ ചിത്രം. 'ഭ്രമയുഗം' എന്ന ചിത്രത്തിലെ അഭിനയത്തിന് സിദ്ധാർത്ഥ് ഭരതനും മഞ്ഞുമ്മല്‍ ബോയ്സിലെ അഭിനയത്തിന് സൗബിൻ ഷാഹിറും മികച്ച സ്വഭാവനടന്മാരായും 'നടന്ന സംഭവം' എന്ന ചിത്രത്തിലെ അഭിനയത്തിന് ലിജോമോൾ ജോസ് മികച്ച സ്വഭാവനടിയായും തെരഞ്ഞെടുക്കപ്പെട്ടു. ആസിഫ് അലി (കിഷ്കിന്ധാ കാണ്ഡം), ടൊവിനോ തോമസ് (എആർഎം), ജ്യോതിർമയി (ബോഗെയ്ൻവില്ല), ദർശന രാജേന്ദ്രന് (പാരഡൈസ്) എന്നിവർ അഭിനയത്തിന് പ്രത്യേക ജൂറിയുടെ പ്രത്യേക പരാമർശത്തിന് അർഹരായി. 'പാരഡൈസ്' എന്ന ചിത്രത്തിന്റെ സംവിധായകന് പ്രസന്ന വിതാനഗെ, നിർമാതാക്കളായ ആന്റോ ചിറ്റിലപ്പിള്ളി, സനിത ചിറ്റിലപ്പിള്ളി എന്നിവർക്കും പ്രത്യേക പരാമർശമുണ്ട്.
സി.എസ്. മീനാക്ഷിയുടെ 'പെണ്‍പാട്ട് താരകള്‍: മലയാളം സിനിമാപ്പാട്ടുകളിലെ പെണ്ണാവിഷ്കാരങ്ങള്‍' എന്ന കൃതി മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള പുരസ്കാരം നേടി. ഡോ. വത്സലൻ വാതുശേരി എഴുതിയ 'മറയുന്ന നാലുകെട്ടുകൾ: മലയാള സിനിമയും മാറുന്ന ഭാവുകത്വങ്ങളും' എന്ന ലേഖനം മികച്ച ചലച്ചിത്ര ലേഖനമായി തെരഞ്ഞെടുക്കപ്പെട്ടു. നൗഫല്‍ മറിയം ബ്ലാത്തൂര്‍ എഴുതിയ 'സമയത്തിന്റെ വിസ്തീർണം' എന്ന ലേഖനത്തിന് ജൂറിയുടെ പ്രത്യേക പരാമർശവും ലഭിച്ചു.
മറ്റ് പുരസ്കാര ജേതാക്കൾ:
മികച്ച ബാലതാരം(ആൺ)- ഈ വിഭാഗത്തില്‍ അവാർഡ് നല്‍കിയില്ല
മികച്ച ബാലതാരം(പെൺ)- ഈ വിഭാഗത്തില്‍ അവാർഡ് നല്‍കിയില്ല
മികച്ച കഥാകൃത്ത് - പ്രസന്ന വിതാനഗെ (പാരഡൈസ്)
മികച്ച ഛായാഗ്രാഹകൻ- ഷൈജു ഖാലിദ് (മഞ്ഞുമ്മൽ ബോയ്സ്)
മികച്ച തിരക്കഥാകൃത്ത് - ചിദംബരം (മഞ്ഞുമ്മൽ ബോയ്സ്)
മികച്ച തിരക്കഥ (അഡാപ്റ്റേഷൻ) - ലാജോ ജോസ്, അമല്‍ നീരദ് (ബോഗയ്ന്‍വില്ല)
മികച്ച ഗാനരചയിതാവ്- വേടന് (കുതന്ത്രം - മഞ്ഞുമ്മൽ ബോയ്സ്)
മികച്ച സംഗീത സംവിധായകൻ(ഗാനങ്ങൾ) - സുഷിൻ ശ്യാം
മികച്ച സംഗീത സംവിധായകൻ (പശ്ചാത്തല സംഗീതം)- ക്രിസ്റ്റോ സേവ്യർ (ഭ്രമയുഗം)
മികച്ച പിന്നണി ഗായകൻ - കെ.എസ് ഹരിശങ്കർ (കിളിയേ - എആർഎം )
മികച്ച പിന്നണി ഗായിക - സൈബ ടോമി (അം അഃ)
മികച്ച ചിത്രസംയോജകൻ - സൂരജ് ഇ.എസ് (കിഷ്കിന്ധാ കാണ്ഡം)
മികച്ച കലാ സംവിധായകൻ - അജയൻ ചാലിശ്ശേരി (മഞ്ഞുമ്മൽ ബോയ്സ്)
മികച്ച സിങ്ക് സൗണ്ട് - അജയന് അടാട്ട് (പണി)
മികച്ച ശബ്ദമിശ്രണം - ഫസല്‍ എ ബക്കർ, ഷിജിന് മെല്വിന് ഘട്ടക്ക് (മഞ്ഞുമ്മല്‍ ബോയ്സ്)
മികച്ച ശബ്ദരൂപകൽപ്പന - ഷിജിന് മെല്വിന് ഹട്ടൻ, അഭിഷേക് നായർ ( മഞ്ഞുമ്മല്‍ ബോയ്സ്)
മികച്ച പ്രോസസിങ് ലാബ് / കളറിസ്റ്റ് - ശ്രീക്ക് വാര്യർ (മഞ്ഞുമ്മല്‍ ബോയ്സ്, ബൊഗൈന്‍വില്ല)
മികച്ച മേക്കപ്പ് ആർട്ടിസ്റ്റ് - റോണക്സ് സേവ്യർ (ബോഗെയ്ന്‍വില്ല, ഭ്രമയുഗം)
മികച്ച വസ്ത്രാലങ്കാരം - സമീറ സനീഷ് (ബോഗെയ്ന്‍വില്ല)
മികച്ച ഡബ്ബിങ് ആർട്ടിസ്റ്റ് (ആൺ) - ഭാസി വൈക്കം / രാജേഷ് ഒവി (ബറോസ് 3ഡി)
മികച്ച ഡബ്ബിങ് ആർട്ടിസ്റ്റ് (പെൺ) - സയനോര (ബറോസ് 3ഡി)
മികച്ച നൃത്ത സംവിധാനം - ബോഗെയ്ന്‍വില്ല
ജനപ്രീതിയും കലാമേന്മയുമുള്ള മികച്ച ചിത്രത്തിനുള്ള പ്രത്യേക അവാർഡ് - പ്രേമലു
മികച്ച നവാഗത സംവിധായകൻ - ഫാസില്‍ മുഹമ്മദ് (ഫെമിനിച്ചി ഫാത്തിമ)
മികച്ച വിഷ്വൽ ഇഫക്റ്റ്സ് - എആർഎം
സ്ത്രീ / ട്രാൻസ്ജെൻഡർ വിഭാഗങ്ങൾക്കുള്ള പ്രത്യേക അവാർഡ് - (പ്രഭയായ് നിനച്ചതെല്ലാം )പായല്‍ കപാഡിയ
അന്തിമ വിധിനിർണയ ജൂറി ചെയർമാൻ പ്രകാശ് രാജ്, രചനാവിഭാഗം ചെയർമാന് മധു ഇറവങ്കര, ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ്, ദിവ്യ ഐയ്യർ ഐഎഎസ് തുടങ്ങിയവർ പുരസ്കാര പ്രഖ്യാപന ചടങ്ങിൽ പങ്കെടുത്തു.
പ്രകാശ് രാജ് ചെയർമാനും സംവിധായകരായ രഞ്ജന്‍ പ്രമോദ്, ജിബു ജേക്കബ്, ഡബ്ബിങ് ആര്‍ട്ടിസ്റ്റും സംസ്ഥാന പുരസ്കാര ജേതാവുമായ ഭാഗ്യലക്ഷ്മി, പിന്നണി ഗായികയും സംസ്ഥാന പുരസ്കാര ജേതാവുമായ ഗായത്രി അശോകന്, സൗണ്ട് ഡിസൈനറും സംവിധായകനുമായ നിതിന്‍ ലൂക്കോസ്, തിരക്കഥാകൃത്തും എഴുത്തുകാരനുമായ സന്തോഷ് ഏച്ചിക്കാനം, മെമ്പർ സെക്രട്ടറി സി. അജോയ് എന്നിവർ അംഗങ്ങളുമായ അന്തിമ വിധിനിർണയ സമിതിയാണ് ചലച്ചിത്ര പുരസ്കാര ജേതാക്കളെ തെരഞ്ഞെടുത്തത്. 128 സിനിമകളാണ് അവാർഡിനായി സമർപ്പിക്കപ്പെട്ടത്. പ്രാഥമിക ജൂറിയുടെ വിശകലനത്തിന് ശേഷം 38 സിനിമകളാണ് അന്തിമ വിധി നിർണയ സമിതി പരിശോധിച്ചത്.
ഞാന്‍ എന്താ പഴയതാണോ
മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയതിന് പിന്നാലെ പ്രതികരണവുമായി നടന് മമ്മൂട്ടി. പുരസ്കാരങ്ങള്‍ നേടിയ എല്ലാവര്ക്കും അഭിനന്ദനങ്ങള്‍ എന്നും അവാര്‍ഡ് പ്രതീക്ഷിച്ചല്ലല്ലോ സിനിമകള്‍ ചെയ്യുന്നതെന്നും എല്ലാവര്ക്കും നന്ദിയെന്നും മമ്മൂട്ടി പ്രതികരിച്ചു.
അവാര്‍ഡ് പ്രതീക്ഷിച്ചല്ലല്ലോ ചെയ്യുന്നത്. ഇതൊക്കെ സംഭവിക്കുന്നതാണ്. ഭ്രമയുഗത്തിലെ കഥാപാത്രവും കഥയും ഒക്കെ വ്യത്യസ്തമാണ്. ഇതൊരു യാത്രയല്ലേ. കൂടെ നടക്കാന്‍ ഒത്തിരി പേരുണ്ടാവില്ലേ. അവരും നമ്മുടെ ഒപ്പം കൂട്ടുവരും. ഇതൊരു മത്സരം എന്നൊന്നും പറയാന്‍ പറ്റില്ലെന്നും മമ്മൂട്ടി പ്രതികരിച്ചു.
അവാര്‍ഡ് പ്രതീക്ഷിച്ചല്ലല്ലോ ചെയ്യുന്നത്. ഇതൊക്കെ സംഭവിക്കുന്നതാണ്. ഭ്രമയുഗത്തിലെ കഥാപാത്രവും കഥയും ഒക്കെ വ്യത്യസ്തമാണ്. ഇതൊരു യാത്രയല്ലേ. കൂടെ നടക്കാന്‍ ഒത്തിരി പേരുണ്ടാവില്ലേ. അവരും നമ്മുടെ ഒപ്പം കൂട്ടുവരും. ഇതൊരു മത്സരം എന്നൊന്നും പറയാന്‍ പറ്റില്ലെന്നും മമ്മൂട്ടി പ്രതികരിച്ചു.
'എല്ലാവര്ക്കും നന്ദി. ഒപ്പം പുരസ്കാരങ്ങള്‍ നേടിയ എല്ലാവര്ക്കും സഹ അഭിനേതാക്കള്‍ക്കും ഒക്കെ നന്ദി. ഒപ്പം ഉണ്ടായിരുന്ന ആസിഫ് അലിക്കും ടൊവിനോയ്ക്കും അഭിനന്ദനങ്ങള്‍. ഷംല ഹംസ, സിദ്ധാര്‍ഥ് ഭരതന്, സൗബിന് എല്ലാവര്ക്കും അഭിനന്ദനങ്ങള്‍ അറിയിക്കുന്നു. നമ്മുടെ ഇവിടുന്ന തന്നെ റോണക്സ് സേവ്യറും സംഗീത സംവിധായകനുമുണ്ട്. അവര്‍ക്കും അഭിനന്ദനങ്ങള്‍. കിട്ടിയവര്‍ക്ക് അഭിനന്ദനങ്ങള്‍, കിട്ടാത്തവര്‍ക്ക് അടുത്ത വര്‍ഷം കിട്ടും.
അവാര്‍ഡ് പ്രതീക്ഷിച്ചല്ലല്ലോ ചെയ്യുന്നത്. ഇതൊക്കെ സംഭവിക്കുന്നതാണ്. ഭ്രമയുഗത്തിലെ കഥാപാത്രവും കഥയും ഒക്കെ വ്യത്യസ്തമാണ്. ഇതൊരു യാത്രയല്ലേ. കൂടെ നടക്കാന്‍ ഒത്തിരി പേരുണ്ടാവില്ലേ. അവരും നമ്മുടെ ഒപ്പം കൂട്ടുവരും. ഇതൊരു മത്സരം എന്നൊന്നും പറയാന്‍ പറ്റില്ല,' മമ്മൂട്ടി പറഞ്ഞു.
പുതുമുഖങ്ങളാണ് അവര്‍ഡ് മുഴുവന്‍ കൊണ്ടു പോയതെന്ന് ഒരു മാധ്യമപ്രവര്‍ത്തക പറഞ്ഞപ്പോള്‍ 'ഞാന്‍ എന്താ പഴയതാണോ എന്നും മമ്മൂട്ടി' ചോദിച്ചത് ചിരിപടര്‍ത്തി.
അഭിനയം ഉപ്പയിൽ നിന്നും പകർന്ന് കിട്ടിയത് ; ഷംല ഹംസ
2024 കേരള സംസ്ഥാന അവാർഡ് പ്രഖ്യാപിച്ചപ്പോൾ, മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടത് 'ഫെമിനിച്ചി ഫാത്തിമ' എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രമായ ഷംല ഹംസയാണ്.കേരള സംസ്ഥാന അവാർഡ് നേടിയതിലും, പ്രത്യേകിച്ച് മമ്മൂട്ടിക്കൊപ്പം അവാർഡ് നേടിയതിൽ വലിയ സന്തോഷമുണ്ടെന്ന് ഷംല ഹംസ പറയുന്നു. കഥാപാത്രത്തിൽ എത്രത്തോളം പെർഫോം ചെയ്യാൻ കഴിയുമെന്ന് മാത്രമാണ് നോക്കിയത്. ഫെമിനിച്ചി ഫാത്തിമ ചിത്രത്തിൽ കൂടെ പ്രവർത്തിച്ച എല്ലാവർക്കും ഷംല നന്ദി പറഞ്ഞു.
സിനിമയിൽ അഭിനയിക്കുന്ന ഏതൊരാളും ലഭിക്കാൻ ആഗ്രഹിക്കുന്ന അവാർഡാണ് ചലച്ചിത്ര അക്കാദമി അവാർഡെന്ന് ഷംല പറഞ്ഞു. എല്ലാത്തിനും കൂടെയുണ്ടായിരുന്നത് ഉമ്മയായിരുന്നു. കഥാപാത്രത്തിനോട് ഒരു പ്രത്യേക ഇഷ്ടമുണ്ടായിരുന്നതിനാൽ, വലിയ ബുദ്ധിമുട്ടാണ്ടായിരുന്നില്ല. സംവിധാകൻ വളരെയധികം സ്വാതന്ത്ര്യം നൽകിയിരുന്നെന്നും ഷംല പറയുന്നു.
"വളരെ സപ്പോർട്ടീവായ ക്രൂ ആയിരുന്നു ഫെമിനിച്ചി ഫാത്തിമയുടേത്. ആദ്യ ചിത്രമായ ആയിരത്തൊന്ന് നുണകളിലൂടെയാണ് ഫെമിനിച്ചി ഫാത്തിമയുടെ നിർമാതാക്കളുമായി പരിചയപ്പെടുന്നത്. അവാർഡ് ലഭിച്ചത് എൻ്റെ മാത്രം കഴിവ് കൊണ്ടാണെന്ന് വിചാരിക്കുന്നില്ല," ഷംല ഹംസ മാധ്യമങ്ങളോട് പറഞ്ഞു.

