ഗൂഗിൾ അസിസ്റ്റന്റ് സേവനം നിർത്തുമ്പോൾ പകരം എത്തുന്നത് നിർമ്മിത ബുദ്ധിയിൽ അധിഷ്ഠിതമായ സേവനമാണ്. ഗൂഗിൾ അസിസ്റ്റൻറ് മാറി ജമിനി വരുമ്പോൾ പ്രധാന മാറ്റം ആശയവിനിമയത്തിലാണ്.
സ്മാർട്ട് ഫോൺ ഉപയോഗിക്കുന്ന എല്ലാവർക്കും സുപരിചിതമാണ് ആൻഡ്രോയിഡ് ഫോണുകൾ. ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകളിൽ ഒരു പതിറ്റാണ്ടോളം നീണ്ടുനിന്ന ഗൂഗിൾ അസിസ്റ്റന്റ് സേവനം (Google Assistant) അവസാനിക്കുന്നു. പകരം ഗൂഗിളിന്റെ അത്യാധുനിക നിർമ്മിത ബുദ്ധി അധിഷ്ഠിതമായ പ്ലാറ്റ്ഫോം ജെമിനി (Gemini AI) എത്തും. ആൻഡ്രോയിഡ് ഫോണുകൾ, ടാബ്ലെറ്റുകൾ, ഗൂഗിൾ അസിസ്റ്റന്റിന്റെ ഐഒഎസ് ആപ്പ് എന്നിവയിലെല്ലാം 2026-ഓടെ ജെമിനി പൂർണ്ണമായും ലഭ്യമാകുമെന്ന് ഗൂഗിൾ ഔദ്യോഗികമായി അറിയിച്ചു.
2016-ലാണ് ഗൂഗിൾ അസിസ്റ്റന്റ് ആദ്യമായി ആൻഡ്രോയിഡ് സ്മാർട്ട് ഫോണുകളിൽ (Android Smartphone) അവതരിപ്പിക്കപ്പെട്ടത്. കൃത്യം പത്ത് വർഷം തികയുന്ന 2026-ൽ അസിസ്റ്റന്റ് പടിയിറങ്ങുമ്പോൾ, ജനറേറ്റീവ് എഐ (Generative AI) സാങ്കേതികവിദ്യയെ മനുഷ്യന്റെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കുക എന്ന വലിയ ലക്ഷ്യമാണ് ഗൂഗിളിനുള്ളത്. കേവലം നിർദ്ദേശങ്ങൾ അനുസരിക്കുന്നതിലുപരി, കൂടുതൽ അറിവുള്ളതും വേഗത്തിൽ പ്രതികരിക്കുന്നതുമായ ഒരു പേഴ്സണൽ അസിസ്റ്റന്റിനെയാകും ജെമിനിയിലൂടെ (Google Gemini) ഉപയോക്താക്കൾക്ക് ലഭിക്കുക.
യഥാർത്ഥത്തിൽ 2025 അവസാനത്തോടെ ഈ മാറ്റം പൂർത്തിയാക്കാനായിരുന്നു കമ്പനി പദ്ധതിയിട്ടിരുന്നത്. എന്നാൽ, നിലവിൽ ഗൂഗിൾ അസിസ്റ്റന്റ് ചെയ്യുന്ന എല്ലാ കാര്യങ്ങളും ജെമിനിക്കും കൃത്യമായി ചെയ്യാൻ സാധിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി ഈ പ്രക്രിയ 2026 വരെ നീളുമെന്ന് കമ്പനി വ്യക്തമാക്കി. കൂടാതെ, അവധിക്കാലത്ത് (Holiday Season) പ്ലാറ്റ്ഫോമിൽ വലിയ മാറ്റങ്ങൾ വരുത്തുന്നത് ഉപയോക്താക്കളെ ബുദ്ധിമുട്ടിക്കുമെന്നതിനാലുമാണ് മാറ്റം സാവധാനത്തിലാക്കാൻ തീരുമാനിച്ചത്. ഓരോ രാജ്യങ്ങളിലും ഘട്ടം ഘട്ടമായിട്ടായിരിക്കും ഈ മാറ്റം നടപ്പിലാക്കുക.
ഗൂഗിൾ അസിസ്റ്റന്റിന് പകരം ജെമിനി എത്തുമ്പോഴുള്ള പ്രധാന മാറ്റം ആശയവിനിമയ രീതിയിലായിരിക്കും. നിലവിലെ രീതിയിൽ നമ്മൾ നൽകുന്ന നിർദ്ദേശങ്ങൾ അതേപടി അനുസരിക്കുകയാണ് അസിസ്റ്റന്റ് ചെയ്യുന്നത്. എന്നാൽ ജെമിനി എത്തുന്നതോടെ കാര്യങ്ങൾ കൂടുതൽ സംഭാഷണശൈലിയിലേക്ക് മാറും. സ്വാഭാവിക ഭാഷയിൽ ജെമിനിയോട് സംസാരിക്കാമെന്നതിനൊപ്പം, കാര്യങ്ങൾ ദൃശ്യരൂപത്തിൽ മനസ്സിലാക്കാനും സന്ദർഭത്തിനനുസരിച്ച് മറുപടി നൽകാനും ജെമിനിക്ക് സാധിക്കും.
ഇതിനകം തന്നെ വെയർ ഒഎസ്, ഗൂഗിൾ ടിവി, ആൻഡ്രോയിഡ് ഓട്ടോ എന്നിവയിൽ ജെമിനി സേവനം ലഭ്യമായിത്തുടങ്ങിയിട്ടുണ്ട്. നോട്ട് ബുക്ക് എൽഎം (NotebookLM), എഐ വീഡിയോ ഡിറ്റക്ഷൻ, സെമാന്റിക് സെർച്ച് ഉൾപ്പെടെയുള്ള അത്യാധുനിക ഫീച്ചറുകളുമായാണ് ജെമിനി എത്തുന്നത്. വരും വർഷങ്ങളിൽ സ്മാർട്ട്ഫോൺ ഉപയോഗത്തിൽ വലിയ വിപ്ലവം സൃഷ്ടിക്കാൻ ഈ മാറ്റം സഹായിക്കുമെന്നാണ് സാങ്കേതിക ലോകം വിലയിരുത്തുന്നത്.(Google Assistant replacing Gemini AI )
