രാവിലെ വോട്ട് ചെയ്തവർ
സംസ്ഥാനത്ത് 20 മണ്ഡലങ്ങളിലും വോട്ടെടുപ്പ് തുടങ്ങി. വോട്ടെടുപ്പ് വൈകിട്ട് ആറുവരെയാണ്. രാവിലെ മുതല്‍ തന്നെ പല മണ്ഡലങ്ങളിലും വോട്ടര്‍മാരുടെ നീണ്ടനിര കാണപ്പെട്ടു. ആദ്യ മണിക്കൂറിൽ കനത്ത പോളിങ് രേഖപ്പെടുത്തി. വോട്ട് രേഖപ്പെടുത്താന്‍ പ്രമുഖ നേതാക്കളെത്തി. പലയിടത്തും വോട്ടിങ് യന്ത്രങ്ങളിൽ തകരാർ കണ്ടെത്തി. രാവിലെ അഞ്ചര മുതൽ മോക് പോളിങ് നടത്തിയിരുന്നു. ചില ബൂത്തുകളിൽ വേറെ വോട്ടിങ് മെഷീൻ എത്തിക്കേണ്ടിവന്നു.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താന്‍ ക്യൂ നിന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ധര്‍മ്മടം മണ്ഡലത്തിലെ പിണറായി ആര്‍സി അമല ബിയുപി സ്കൂളിലാണ് മുഖ്യമന്ത്രി കുടുംബസമേതം വോട്ട് രേഖപ്പെടുത്താനെത്തിയത്.
അദ്ദേഹത്തിന്റെ വീടിനടുത്തുള്ള ബൂത്തിലാണ് പിണറായി വോട്ട് രേഖപ്പെടുത്തിയത്. ഭാര്യ കമല, മകൾ വീണ വിജയൻ എന്നിവരോടൊപ്പം പ്രാദേശിക നേതാക്കളും പിണറായിക്കൊപ്പം ഉണ്ടായിരുന്നു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായുള്ള പതിവ് തെറ്റിക്കാതെ ഇക്കുറിയും വീട്ടിൽ നിന്ന് കാൽനടയായാണ് മുഖ്യമന്ത്രി പോളിങ് ബൂത്തിലേക്ക് എത്തിയത്. ജനങ്ങളെ അഭിവാദ്യം ചെയ്തും കുശലം പറഞ്ഞുമാണ് ബൂത്തിലേക്ക് പിണറായി നടന്നത്.
പിണറായിയിലെ അമല യൂപി സ്കൂളിലെ 161-ാം നമ്പര്‍ ബൂത്തിലാണ് പിണറായിക്കും കുടുബംത്തിനും വോട്ട്. ബൂത്തിൽ നീണ്ട ക്യൂവിലേക്കായിരുന്നു മുഖ്യമന്ത്രി വോട്ട് ചെയ്യാനെത്തിയത്. എന്നാൽ നേരിട്ട് വോട്ട് ചെയ്യാൻ ബൂത്തിലേക്ക് കയറാൻ മുഖ്യമന്ത്രി തയ്യാറായില്ല. മുന്നിൽ ഇരുപതോളം പേര് നിൽക്കുമ്പോൾ ക്യൂവിൽ നിന്നായിരുന്നു മുഖ്യമന്ത്രി വോട്ട് രേഖപ്പെടുത്തിയത്.
മാവേലിക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സി എ അരുണ്‍ കുമാര്‍ കായംകുളം ചേരാവള്ളി എൽപി സ്കൂളിലെ 98 നമ്പർ ബൂത്ത് രാവിലെ 7 മണി കഴിഞ്ഞ് വോട്ട് രേഖപ്പെടുത്തി.
സംസ്ഥാനത്തെ 20 ലോക്സഭാ സീറ്റുകളിലും യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ വിജയിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. സംസ്ഥാനത്ത് ഭരണ വിരുദ്ധ വികാരം ശക്തമാണ്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് എതിരാണ് ജനവികാരം. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള ഇന്ത്യ മുന്നണി ഭരണത്തില്‍ തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കുന്നതായും പറവൂരില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം വി ഡി സതീശന് പ്രതികരിച്ചു.
പുലര്‍ച്ചെ തന്നെ കുടുംബ സമേതമെത്തി വോട്ട് ചെയ്ത് തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി. രാവിലെ 6.30ഓടെയാണ് സുരേഷ് ഗോപി കുടുംബസമേതം പോളിങ് ബൂത്തിലെത്തിയത്. തൃശൂര്‍ മുക്കാട്ടുകര സെന്റ് ജോര്‍ജ് സിഎല്‍പി സ്കൂളിലെ ബൂത്ത് നമ്പര്‍ 115ലാണ് സുരേഷ് ഗോപിയും കുടുംബവും വോട്ട് രേഖപ്പെടുത്തിയത്. ഭാര്യ രാധിക, ഭാര്യ മാതാവ് ഇന്ദിര, മക്കളായ ഗോകുൽ, ഭാഗ്യ, മാധവ് എന്നിവരും വോട്ട് രേഖപ്പെടുത്തി. സ്വന്തം പേരില്‍ വോട്ട് ചെയ്യാനായതിൽ സന്തോഷമുണ്ടെന്ന് സുരേഷ് ഗോപി പറഞ്ഞു. തൃശൂരിലും അതുവഴി കേരളത്തിലും താമര വിരിയുമെന്നും സുരേഷ് ഗോപി പറഞ്ഞു.
വിരൽതുമ്പിലൂടെ താമരയെ തൊട്ടുണര്‍ത്തി തൃശൂരും അതുവഴി കേരളത്തെയും വിരിയിക്കുമെന്ന ആത്മവിശ്വാസമുണ്ട്. എനിക്ക് വേണ്ടി ആദ്യമായി എനിക്ക് തന്നെ വോട്ട് ചെയ്യാനായതില്‍ അതിയായ സന്തോഷം. ഒന്നാമതായി വോട്ടു ചെയ്യണമെന്ന് ആഗ്രഹിച്ചതാണ്. സാധിച്ചില്ല. മുതിർന്ന പൗരന്മാര് എത്തിയതിനാല്‍ അവരാണ് ആദ്യം വോട്ട് ചെയ്തത്. പത്താമതായി വോട്ടു ചെയ്യാനായി. ഏറെ സന്തോഷം. എല്ലാ ഘടകങ്ങളും വോട്ടായി മാറും. കഴിഞ്ഞ 10 വർഷത്തെയെങ്കിലും എംപിമാരുടെ പ്രവർത്തനം വിലയിരുത്തപ്പെടുമെന്നും സുരേഷ് ഗോപി പറഞ്ഞു. സുരേഷ് ഗോപിയുടെയും കുടുംബത്തിന്റെയും വോട്ട് തൃശൂര്‍ ലോക്സഭ മണ്ഡലത്തിലേക്ക് നേരത്തെ മാറ്റിയിരുന്നു.