ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിലെ വോട്ടുകൾ പൂർണമായും വിവിപാറ്റ് സ്ലിപ്പുകളുമായി ഒത്തുനോക്കണം എന്നാവശ്യപ്പെട്ടു നൽകിയ ഹർജികൾ സുപ്രീം കോടതി തള്ളി. പേപ്പർ ബാലറ്റുകൾ തിരികെ കൊണ്ടുവരണമെന്ന ആവശ്യവും നിരാകരിച്ചു. ലോക്സഭ തിരഞ്ഞെടുപ്പിന്റെ വെള്ളിയാഴ്ച രണ്ടാം ഘട്ടം നടക്കുന്നതിനിടെയാണ് നിർണായക കേസിൽ സുപ്രീം കോടതി വിധി പറഞ്ഞത്.
മുഴുവൻ സ്ലിപ്പുകളും എണ്ണാൻ ആകില്ലെന്ന് വ്യക്തമാക്കിയ കോടതി എന്നാല്‍ സ്ലിപ് ലോഡിങ് യൂണിറ്റ് സീല്‍ ചെയ്ത് സുക്ഷിക്കമെന്നും കോടതി നിരീക്ഷിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന ദിനത്തിലാണ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് ദീപങ്കര്‍ ദത്ത എന്നിവരടങ്ങിയ ബെഞ്ചിന്റെ സുപ്രധാന വിധി.
'ഒരു സംവിധാനത്തെ മൊത്തമായി സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നത് അനാവശ്യ ചര്‍ച്ചകള്‍ക്ക് വഴിവയ്ക്കും. എന്നാല്‍ ആക്ഷേപങ്ങള്‍ പരിശോധിക്കാന്‍ ചില നിര്‍ദേശങ്ങളും സുപ്രീം കോടതി മുന്നോട്ട് വച്ചു. ഇവിഎമ്മിന്റെ മൈക്രോകണ്ട്രോളര് ബേണ്‍ ചെയ്ത മെമ്മറി, സീരിയല്‍ നമ്പര്‍ എന്നിവ തിരഞ്ഞെടുപ്പില്‍ രണ്ട്, മൂന്ന് സ്ഥാനാര്‍ത്ഥികളുടെ അഭ്യര്‍ത്ഥന അനുസരിച്ച് വിദഗ്ദരുടെ സംഘത്തിന് പരിശോധിക്കാം. എന്നാല്‍ ഫലം വന്ന് ഏഴ് ദിവസത്തിനകം ഇതിനായി അപേക്ഷ നല്‍കണം. പരിശോധന സംബന്ധിച്ച ചിലവിലേക്ക് നിശ്ചിത തുക കെട്ടിവയ്ക്കണം. ആരോപണം തെളിഞ്ഞാല്‍ ഈ തുക മടക്കിനല്‍കും'' സുപ്രീം കോടതി അറിയിച്ചു.
വോട്ടിങ് മെഷീനില്‍ ചിഹ്നം ലോഡുചെയ്യല്‍ പ്രക്രിയ പൂര്‍ത്തിയാക്കിക്കഴിഞ്ഞാല്‍ സിംബല്‍ ലോഡിംഗ് യൂണിറ്റ് സീല്‍ ചെയ്യണം. ഇവ കുറഞ്ഞത് 45 ദിവസമെങ്കിലും സൂക്ഷിക്കണമെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് ഉൾപ്പെടെയുള്ളവരാണു ഹർജി നൽകിയിരുന്നത്. ജഡ്ജിമാരായ സഞ്ജീവ് ഖന്ന, ദീപാങ്കർ ദത്ത എന്നിവരുടെ ബെഞ്ച് 2 വ്യത്യസ്ത വിധികളാണു പറഞ്ഞത്. ഹർജികളിൽ തിരഞ്ഞെടുപ്പു കമ്മിഷനിൽനിന്നു സുപ്രീംകോടതി സാങ്കേതിക വിശദീകരണം ആവശ്യപ്പെട്ടിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് വിധി പ്രസ്താവിച്ചത്.