പേജ് നമ്പർ 34, ഭാഗം 86 സീരിയൽ നമ്പർ 945 വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദൻ... ആലപ്പുഴ പറവൂർ ഗവ. ഹൈസ്കൂളിലെ 86-ാം നമ്പർ ബൂത്തിൽ ഇത്തവണ ഈ പേര് മുഴങ്ങിക്കേട്ടില്ല. പുന്നപ്ര വയലാർ സമരനായകൻ വി.എസ്. അച്യുതാനന്ദൻ തിരുവനന്തപുരത്തെ വീട്ടിൽ വിശ്രമജീവിതത്തിലായതോടെ പറവൂരിലെ വോട്ടുത്സവവും മുടങ്ങി.
മുഖ്യമന്ത്രിയായകാലംമുതൽ ആളുംആരവവുമായി വി.എസ്. വോട്ടുചെയ്യാനെത്തുന്നതിലൂടെ ജന്മനാടായ പറവൂരിലെ പോളിങ് ബൂത്തും പ്രശസ്തിനേടി. മാധ്യമങ്ങളുടെ വൻപട വി.ഐ.പി. വോട്ട് റിപ്പോർട്ടുചെയ്യാനെത്തിയിരുന്നു. വോട്ടെടുപ്പുകഴിഞ്ഞ് സ്വതസിദ്ധമായ ആംഗ്യവിക്ഷേപങ്ങളോടെ വി.എസ്. നടത്തുന്ന പ്രതികരണവും ശ്രദ്ധനേടിയിരുന്നു. 2019-ലെ പാർലമെന്റ് തിരഞ്ഞെടുപ്പിലാണ് വി.എസ്. അവസാനമായി വോട്ടുചെയ്യാനെത്തിയത്.
അക്കൊല്ലം പുന്നപ്ര-വയലാർ വാർഷികവാരാചരണച്ചടങ്ങിൽ പങ്കെടുത്തശേഷം തിരുവനന്തപുരത്തേക്കുമടങ്ങിയ വി.എസിന് ആരോഗ്യപ്രശ്നങ്ങൾമൂലം പിന്നീട് നാട്ടിലേക്കെത്താനായിട്ടില്ല. 1957 മുതലുള്ള എല്ലാ തിരഞ്ഞെടുപ്പുകളിലും മുടങ്ങാതെ വോട്ടുചെയ്യാനെത്തിയിട്ടുള്ള വി.എസ്. ജില്ലവിട്ട് മലമ്പുഴയിൽ മത്സരിച്ചപ്പോഴും പതിവുമുടക്കിയില്ല. വി.എസിന്റെ ഭാര്യ വസുമതിയും വോട്ടിനെത്തിയില്ല. മകൻ വി.എ. അരുൺകുമാറും മരുമകൾ രജനിയും ചെറുമകൻ അർജുനും തിരുവനന്തപുരത്തുനിന്ന് ഉച്ചയോടെയെത്തി വോട്ടുരേഖപ്പെടുത്തി.
