ബിജെപി നേതാക്കളും പത്തനംതിട്ട ആലപ്പുഴ മണ്ഡലങ്ങളിലെ ലോക്സഭ സ്ഥാനാര്‍ഥികളുമായ അനില്‍ ആന്റണി, ശോഭ സുരേന്ദ്രന് എന്നിവര്‍ക്കെതിരേ സാമ്പത്തിക ആരോപണവും തെളിവുകളുമായി ദല്ലാള്‍ നന്ദകുമാര്‍.
എൻഡിഎ അധികാരത്തിൽ വന്നാലും ഇന്ത്യ അധികാരത്തിൽ വന്നാലും താൻ ഉന്നയിച്ച ആരോപണങ്ങൾ അന്വേഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
പണം നല്കിയ താനും സ്വീകരിച്ച അനില്‍ ആന്റണിയും നിയമത്തിന് മുന്നില്‍ തെറ്റുകാരാണ്. അത് തെളിയിക്കുമെന്നും നന്ദകുമാര്‍ ഡല്‍ഹിയില്‍ പറഞ്ഞു. യുപിഎ സര്‍ക്കാരിന്റെ കാലത്ത് സുഹൃത്തിനെ കേരള ഹൈക്കോടതിയിലെ സിബിഐ സ്റ്റാന്‍ഡിംഗ് കോണ്‍സലായി നിയമിക്കാമെന്ന് പറഞ്ഞ് തന്റെ കൈയ്യില്‍ നിന്നും അനില്‍ ആന്റണി 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നായിരുന്നു നന്ദകുമാറിന്റെ ആരോപണം.
പണം കൈമാറിയ സാഗര്‍ രത്ന ഹോട്ടലിന്റെ പുറത്ത് ദുബായ് ഡ്യൂട്ടി പെയ്ഡിന്റെ കവറുമായി നന്ദകുമാർ നില്‍ക്കുന്നതിന്റെയും കവര്‍ വാങ്ങുന്നതിന്റെയും ചിത്രങ്ങളാണ് മാധ്യമങ്ങൾക്ക് മുന്നിൽ പ്രദർശിപ്പിച്ചത് . അനിലിന്റെ പുതിയ ഗൂഢസംഘം എന്ന് പറഞ്ഞ് നരേന്ദ്രമോദിക്കൊപ്പം അനില്‍ ആന്റണി, ആന്‍ഡ്രൂസ് ആന്റണി എന്നിവര്‍ നില്ക്കുന്ന ചിത്രവും നന്ദകുമാര്‍ പുറത്ത് വിട്ടു. അനില്‍ ആന്റണിയെ ഇത്തരം വേലകള്‍ പഠിപ്പിച്ചത് ആന്‍ഡ്രൂസ് ആന്റണിയാണെന്നും കാലാ കാലങ്ങളായി പ്രധാനമന്ത്രിയുടെ ഓഫീസുമായി ഇയാൾ ബന്ധപ്പെടുന്നുണ്ടെന്നും നന്ദകുമാര്‍ ആരോപിച്ചു. ഇപ്പോള്‍ ഇവര്‍ എന്‍ഡിഎയ്ക്കൊപ്പമാണെങ്കില്‍ ഇന്‍ഡ്യാ മുന്നണി അധികാരത്തിലെത്തിയാല്‍ ഈ സംഘം അവര്‍ക്കൊപ്പം പോകുമെന്നും നന്ദകുമാര്‍ പറഞ്ഞു. അനില്‍ ആന്റണി നന്ദകുമാറിനെ വിളിച്ച ഫോണ്‍ നമ്പറും പുറത്ത് വിട്ടു.
അനിൽ ആന്റണിയെ കാണാൻ ചെന്നപ്പോൾ പി.ജെ. തോമസ്, ആൻഡ്രൂസ് ആന്റണി എന്നിവർ ഒപ്പമുണ്ടായിരുന്നുവെന്ന് നന്ദകുമാർ പറഞ്ഞു. ഇവർ ഒരു സിൻഡിക്കേറ്റാണെന്ന് ആരോപിച്ച നന്ദകുമാർ, ആൻഡ്രൂസ് ആൻണി തനിക്ക് നൽകിയ വിസിറ്റിങ് കാർഡിന്റെ കോപ്പിയെന്ന് അവകാശപ്പെട്ട രേഖയും പുറത്തുവിട്ടു. 'അനിൽ ആന്റണി തന്നെ നിരന്തരമായി വിളിച്ച രണ്ട് ഫോൺ നമ്പറുകളും സത്യവാങ്മൂലത്തിൽ നൽകിയിട്ടുണ്ട്. ഡൽഹിയിലെ അശോക ഹോട്ടലിൽ അന്ന് കാണാൻ വന്നത് DL-02-CBB-4262 നമ്പറിലുള്ള ബ്രൗൺ നിറത്തിലുള്ള 2012 മോഡൽ ഹോണ്ട സിറ്റി കാറിലാണ്. ഇതും സത്യവാങ്മൂലത്തിലുണ്ട്. അന്നത്തെ തന്റെ ഡ്രൈവർ തന്റെ മൊബൈൽഫോണിൽ ദൃശ്യങ്ങൾ എടുത്തിട്ടുണ്ട്', നന്ദകുമാർ കൂട്ടിച്ചേർത്തു.
താൻ വിഗ്രഹം മോഷ്ടിച്ചുവെന്ന് ആരോപിക്കുകയും തന്നെ കാട്ടുകള്ളനെന്നുവിളിക്കുകയും ചെയ്തതിൽ അനിൽ ആന്റണിക്കും ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനെതിരേയും മാനനഷ്ടത്തിന് ക്രിമിനൽ കേസ് കൊടുത്തിട്ടുണ്ടെന്നും നന്ദകുമാർ പറഞ്ഞു. തനിക്കെതിരെ നിയമനടപടിയെടുക്കുമെന്ന് അനിൽ ആന്റണി പറഞ്ഞിട്ടുണ്ട്. അദ്ദേഹം അതുമായി മുന്നോട്ട് പോകട്ടെയെന്നും നന്ദകുമാർ കൂട്ടിച്ചേർത്തു.
26ന് തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ബാക്കി തെളിവുകള്‍ പുറത്തുവിടും. തനിക്കെതിരെ കേസ് വന്നാല്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ജെ കുര്യന് സാക്ഷിയാവുമെന്നും ദല്ലാള്‍ നന്ദകുമാര്‍ പറഞ്ഞു. അനില്‍ തെറ്റുകാരനാണ് എന്ന് ഒരു കോണ്‍ഗ്രസ് നേതാവും പോലും ഇതുവരെ പറഞ്ഞിട്ടില്ല. എ കെ ആന്റണിയുടെ മകന് ആയതുകൊണ്ടാണ് ആരും ഒന്നും പറയാത്തതെന്നും നന്ദകുമാര്‍ പറഞ്ഞു.
വാങ്ങിയ പണം അനില്‍ ആന്റണി വാങ്ങിയ 25 ലക്ഷം രൂപ അഞ്ച് ഗഡുക്കളായി തിരിച്ചു നല്‍കിയിട്ടുണ്ട്. തിരിച്ചു നല്‍കിയില്ലെന്ന് ഞാന്‍ എവിടെയും പറഞ്ഞിട്ടില്ല. ഇവരൊന്നും ശുദ്ധരല്ലായെന്നാണ് പറയുന്നത്. കേസോ അറസ്റ്റോ പേടിയില്ല. ആരോപണങ്ങളില്‍ ഗൗരവത്തോടെ മുന്നോട്ട് പോകുമെന്നും ടി ജി നന്ദകുമാര്‍ പറഞ്ഞു.
ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് ശോഭാ സുരേന്ദ്രൻ പത്തുലക്ഷം രൂപ വാങ്ങിയതിന് തെളിവുകൾ ഉണ്ടെന്നും അദ്ദേഹം ആരോപിച്ചു. ‘‘ബിജെപിയുടെ ക്രൗഡ്പുള്ളർ നേതാവ് എന്റെ കയ്യിൽ നിന്ന് പത്തുലക്ഷം രൂപ വാങ്ങിയിട്ട് മടക്കിത്തന്നിട്ടില്ല.’’ നന്ദകുമാർ പറഞ്ഞു. രസീതും മാധ്യമങ്ങൾക്ക് മുന്നിൽ കാണിച്ചു.
ശോഭാ സുരേന്ദ്രന്റെ അക്കൗണ്ട് നെയിം ശോഭന സുരേന്ദ്രന് എന്നാണ്. 2014 ലാണ് പണം കൊടുത്തത്. അതൊരു അബദ്ധമായിരുന്നു. അന്ന് പണം കൈമാറാന്‍ നിയന്ത്രണമില്ലായിരുന്നു. ഇന്ന് നിയന്ത്രണമുണ്ട്. രണ്ടാമത് ഡീല്‍ ചെയ്തപ്പോള്‍ അക്കൗണ്ട് വഴിയാണ് കൊടുത്തത് എന്നും നന്ദകുമാര്‍ അവകാശപ്പെടുന്നു.
ശോഭാ സുരേന്ദ്രന്റെ തൃശൂരിലെ പ്രോപ്പര്‍ട്ടി വാങ്ങാന്‍ ശ്രമിച്ചപ്പോള്‍ പത്ത് ലക്ഷം രൂപ അഡ്വാന്‍സ് ആവശ്യപ്പെട്ടു. എസ്ബിഐയുടെ പാര്‍ലമെന്റ് സ്ട്രീറ്റ് ബ്രാഞ്ചില്‍ നിന്നാണ് പണം അയച്ചത്. ചെക്ക് വഴിയാണ് പണം നല്‍കിയത്. പണം തിരിച്ചുതന്നില്ലെന്ന് മാത്രമല്ല സ്ഥലം കാണാന്‍ പോയപ്പോഴാണ് മറ്റ് രണ്ട് പേരില്‍ നിന്ന് കൂടി ശോഭ സ്ഥലത്തിന് അഡ്വാന്‍സ് വാങ്ങിച്ചതായി അറിഞ്ഞതെന്ന് നന്ദകുമാർ പറഞ്ഞു.
സാമ്പത്തിക പ്രതിസന്ധിയിലാണെന്നാണ് ശോഭാ സുരേന്ദ്രന് തന്നോട് പറഞ്ഞത്. എന്ത് ചെയ്യണമെന്ന് ചോദിച്ചപ്പോള്‍ കടമായി പണം തരണമെന്ന് ആവശ്യപ്പെട്ടു. അങ്ങനെയാണ് പ്രോപ്പര്‍ട്ടി തനിക്ക് തന്നാല്‍ പണം തരാമെന്ന ഡീലില്‍ എത്തിയത്. അഡ്വാന്‍സ് എന്ന നിലയ്ക്കാണ് 2023 ജനുവരി നാലിന് പണം കൊടുത്തത്. എഗ്രിമെന്റൊന്നും വെച്ചിട്ടല്ല കൊടുത്തത്. തുടര്‍ന്ന് ആധാരത്തിന്റെ കോപ്പി തന്നു. ഭൂമി കാണാനായി ചെന്നപ്പോഴാണ് മറ്റ് രണ്ട് പേരില്‍ നിന്നും അഡ്വാന്‍സ് വാങ്ങിയെന്ന് അറിഞ്ഞത്. തുടര്‍ന്ന് എന്റെ പണം തിരികെ നല്‍കാമെന്ന് ആവശ്യപ്പെട്ട് വിളിച്ചെങ്കിലും കിട്ടിയില്ലെന്നും നന്ദകുമാര്‍ ആരോപിച്ചു. ശോഭാ സുരേന്ദ്രന് നേരിട്ട് വിളിച്ചതാണെന്നും അവര്‍ പറഞ്ഞു. തൻറെ അമ്മയുടെ ജന്മദിനത്തിൽ വീട്ടിൽ വന്നിരുന്നുവെന്നും ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണെന്നും നന്ദകുമാര്‍ പറഞ്ഞു.
എൻ.ഡി.എ. സ്ഥാനാർഥികൾക്ക് നൽകാൻ വേണ്ടി നൂറുകോടി രൂപയുമായി കേരളത്തിലേക്ക് പുറപ്പെട്ട ഹവാലക്കാരൻ രാജ്യം വിട്ടുവെന്ന ആരോപണവുമായി ദല്ലാൾ നന്ദകുമാർ. ഓരോ സ്ഥാനാർഥിക്കും അഞ്ചു കോടി രൂപ വീതമായിരുന്നുവെന്നും എന്നാൽ സംസ്ഥാനത്ത് എത്തുന്നതിന് മുമ്പ് തന്നെ അയാൾ രാജ്യം വിട്ടെന്നും നന്ദകുമാർ ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു. ഇതുകാരണം പല മണ്ഡലങ്ങളിലും എൻ.ഡി.എ. സ്ഥാനാർഥികൾക്ക് പ്രചാരണത്തിന് വേണ്ട പണമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.