ഒരു മാസത്തോളം നീണ്ട പരസ്യപ്രചാരണച്ചൂടിന് ആവേശകരമായ കൊട്ടിക്കലാശം. സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലും മൂന്നു മുന്നണികളുടെയും പ്രവര്‍ത്തകര്‍ ആവേശകരമായ റോഡ് ഷോ നടത്തി അവസാന മണിക്കൂറിലെ പ്രചാരണം കളര്‍ഫുള്ളാക്കി. വൈകിട്ട് ആറുമണിയോടെയാണ് പരസ്യപ്രചാരണത്തിന് അവസാനം കുറിച്ചത്. വ്യാഴാഴ്ച നിശബ്ദ പ്രചാരണത്തിന്റെ ദിനമാണ്. മറ്റെന്നാള്‍ രാവിലെ ഏഴു മുതല്‍ സംസ്ഥാനം പോളിങ് ബൂത്തിലേക്ക് നീങ്ങും.
പരസ്യപ്രചാരണത്തിന്റെ സമാപന ദിവസമായ ഇന്ന് സംഘഘര്ഷം ഒഴിവാക്കാന്‍ വിപുലമായ സന്നാഹങ്ങളാണ് പതിനാല് ജില്ലകളിലും പോലീസ് ഒരുക്കിയത്. എന്നാല്‍ നാലു ജില്ലകളില്‍ നേരിയ തോതില്‍ സംഘര്‍ഷമുണ്ടായി. മലപ്പുറത്ത് എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മിലുള്ള വാക്കേറ്റം കൈയ്യാങ്കളിയിലേക്ക് നീങ്ങിയതോടെ പോലീസ് ലാത്തി വീശി.
പരസ്യപ്രചാരണത്തിന്റെ അവസാന ദിനമായ ഇന്ന് രാവിലെ മുതല്‍ മണ്ഡലങ്ങളില്‍ ഓട്ടപ്പാച്ചിലിലായിരുന്നു സ്ഥാനാര്‍ഥികള്‍. വിട്ടുപോയ സ്ഥലങ്ങള്‍ അവസാന നിമിഷം സന്ദര്‍ശിച്ചും ഉറച്ച വോട്ടുകള്‍ ഒരിക്കല്‍ക്കൂടി ഉറപ്പാക്കിയും നീങ്ങിയ ശേഷം വൈകിട്ട് നാലു മണിയോടെയാണ് കൊട്ടിക്കലാശത്തിനായ സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും നീങ്ങിയത്. ആവേശകരമായ റോഡ്ഷോയ്ക്കൊടുവില് നടന്ന കൊട്ടിക്കലാശത്തിനിടയ്ക്ക് ചിലയിടങ്ങളില്‍ മഴ പെയ്തതും പ്രവര്‍ത്തകരുടെ ആവേശച്ചൂടുനെ ശമിപ്പിച്ചില്ല.
ക്രെയിനുകളിലും ജെസിബികളിലുമേറിയാണ് പലയിടത്തും സ്ഥാനാര്‍ത്ഥികള്‍ കൊട്ടിക്കലാശത്തിന്റെ ഭാഗമായുള്ള റോഡ് ഷോയില്‍ പങ്കെടുത്തത്.
കൊട്ടിക്കലാശത്തിനിടെ കൊല്ലം കരുനാഗപ്പള്ളിയിൽ സംഘർഷം. സിപിഐഎം - കോൺഗ്രസ് പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ എംഎൽഎ സി ആർ മഹേഷിന് പരിക്കേറ്റു. കരുനാഗപ്പള്ളിയിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎയാണ് മഹേഷ്. പ്രവർത്തകർ തമ്മിലുണ്ടായ കല്ലേറിലാണ് പരിക്കേറ്റത്. രണ്ട് പൊലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്. സംഘർഷത്തിൽ സിപിഐഎം സംസ്ഥാന സമിതി അംഗം സൂസൻ കോടിക്കും പരിക്കേറ്റു. കല്ലേറിലാണ് പരിക്കേറ്റത്.
പിരിഞ്ഞു പോകാത്ത പ്രവർത്തകരെ പിരിച്ചുവിടാനുള്ള ശ്രമത്തിലാണ് പൊലീസ്. പ്രവർത്തകരെ പിരിച്ചിവിടാൻ പൊലീസ് ലാത്തി വീശുകയും ടിയർഗ്യാസ് പ്രയോഗിക്കുകയും ചെയ്തു.
തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ കലാശക്കൊട്ടിനിടെ സംഘര്‍ഷമുണ്ടായി. എല്‍ഡിഎഫ്- ബിജെപി പ്രവര്‍ത്തകര്‍ തമ്മിലാണ് ആദ്യം സംഘര്‍ഷമുണ്ടായത്. പിന്നീട് എല്‍ഡിഎഫ് -യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മിലും വാക്കേറ്റമുണ്ടായി. കൊട്ടിക്കലാശത്തിന്റെ സമാപനത്തിനിടെ നെയ്യാറ്റിൻകരയില്‍ പൊലീസ് ലാത്തിയും വീശി. കെഎസ്യു -കോണ്‍ഗ്രസ് പ്രവര്‍ത്തകരെയാണ് പൊലീസ് ലാത്തിവീശി ഓടിച്ചത്. കോൺഗ്രസ് പ്രവർത്തകർ പൊലീസിന് നേരെയും അക്രമത്തിന് തുനിഞ്ഞു. മഴ പെയ്യുന്നതിനിടെയും കെഎസ്ആര്‍ടിസി ബസിന് മുകളില്‍ കയറി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചു. കൊട്ടിക്കലാശത്തിനിടെയാണ് പ്രവര്‍ത്തകര്‍ ബസിന് മുകളില്‍ കയറിയത്. ഇതിനെചൊല്ലിയാണ് സംഘര്‍ഷമുണ്ടായത്. കെഎസ്ആര്‍ടിസി ബസിനും കേടുപാട് സംഭവിച്ചു. ബസ് തടഞ്ഞു നിർത്തിയതാണ് സംഘർഷത്തിന് കാരണം.
ഇടുക്കി ചെറുതോണിയിൽ കൊട്ടിക്കലാശത്തിനിടെ എൽഡിഎഫ് പ്രവർത്തകൻ ബിജെപി പ്രവർത്തകർക്ക് നേരെയെറിഞ്ഞ കമ്പുകൊണ്ട് എഎസ്ഐ ക്ക് പരിക്കേറ്റു. ഇടുക്കി ഡിവൈഎസ് പി ഓഫസിലെ സന്തോഷ് ബാബു എന്ന പോലീസുകാരനാണ് പരിക്കേറ്റത്. മുഖത്ത് മുറിവേറ്റ എഎസ് ഐയെ ഇടുക്കി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു
കൊല്ലം പത്തനാപുരത്ത് യുഡിഎഫ് -എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ കയ്യാങ്കളിയുണ്ടായി. ഉച്ചഭാഷിണി നിര്‍ത്തുന്നതുമായി ബന്ധപ്പെട്ടായിരുന്നു തര്‍ക്കം. മലപ്പുറം, കല്‍പ്പറ്റ തുടങ്ങിയ സ്ഥലങ്ങളിലും കൊട്ടിക്കലാശത്തിനിടെ സംഘര്‍ഷമുണ്ടായി.
മലപ്പുറത്ത് കൊട്ടിക്കലാശത്തിനിടെ എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. പൊലീസ് ഇടപെട്ടാണ് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കിയത്. പിന്നീട് വീണ്ടും സംഘര്‍ഷമുണ്ടായി. കൊടി കെട്ടുന്നതുമായി ബന്ധപ്പെട്ട ആണ് തർക്കം എന്ന് വിവരം.
ചെങ്ങന്നൂരിൽ പൊലീസും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. എം സി റോഡിൽ നിന്ന് കൊട്ടികലാശം ആഘോഷിച്ച പ്രവർത്തകാരെ റോഡിൽ നിന്ന് മാറ്റാൻ ശ്രമിച്ചതാണ് കാരണം.