ആലപ്പുഴ പാര്‍ലമെന്റ് മണ്ഡലത്തിലെ ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാര്‍ഥി എ.എം. ആരിഫിന്റെ കൊട്ടിക്കലാശം സക്കറിയ ബസാറിനെ ചെങ്കടലാക്കി. നൂറുകണക്കിന് ഇരുചക്രവാഹനങ്ങളുടെ അകമ്പടിയില്‍ തുറന്നജീപ്പില്‍ ആരംഭിച്ച ആദ്യഘട്ട റോഡ്ഷോ ബീച്ചില്‍ അവസാനിച്ചു. പിന്നീട് സക്കറിയ ബസാറില്‍ നടന്ന കൊട്ടിക്കലാശത്തിന് അരൂരില്‍നിന്ന് നൂറുകണക്കിന് ടൂവീലറുകളുടെ അകമ്പടിയില്‍ തുറന്ന ജീപ്പിലാണ് ആരിഫ് എത്തിയത്.
ആരിഫ് എത്തുന്നതിനു മുമ്പുതന്നെ സക്കറിയാര് ബസാര്‍ പ്രവര്‍ത്തകരെക്കൊണ്ടു നിറഞ്ഞിരുന്നു. യൂത്ത് വിത്ത് ആരിഫ് എന്ന പേരില്‍ നാടന്‍ പാട്ട് കലാകാരന് അതുല്‍ നറുകരയും സംഘവും എത്തിയതോടെ മുദ്രാവാക്യം വിളികള്‍ക്ക് നാടന്‍ പാട്ടിന്റെ താളം കൈവന്നു. ആരിഫ് എത്തിയതോടെ പ്രവര്‍ത്തകരുടെ ആവേശം അണപൊട്ടി. പ്രവര്‍ത്തകരുടെ മധ്യത്തിലേക്ക് സ്ഥാനാര്‍ഥി വന്ന് ഇറങ്ങിയതോടെ സ്ഥാനാര്‍ഥിയെ കൈകളിലേന്താന്‍ പ്രവര്‍ത്തകര്‍ മത്സരിച്ചു. ചെങ്കൊടിയുമായി പ്രവര്‍ത്തകര്‍ അക്ഷരാര്‍ഥത്തില്‍ ഇളകിയാടുകയായിരുന്നു. എംഎല്‍എമാരായ പി.പി. ചിത്തരഞ്ജനും എച്ച്. സലാമും ആരിഫിനെ അനുഗമിച്ചു. മന്ത്രി പി. പ്രസാദും കലാശക്കോട്ടിനെത്തിയിരുന്നു.
______________________________
ത്രിവര്ണക്കടലാക്കി മാറ്റി ആലപ്പുഴയെ ആവേശത്തിലാറാടിച്ച് യുഡിഎഫ് സ്ഥാനാര്‍ഥി കെ.സി. വേണുഗോപാലിന്റെ തെരഞ്ഞെടുപ്പ് പരസ്യപ്രചരണത്തിനു സമാപനമായി. രാവിലെ 7.30ന് കളര്‍കോടുനിന്നും ആരംഭിച്ച റോഡ് ഷോ എല്ലാ മണ്ഡലങ്ങളിലും പര്യടനം നടത്തി ആലപ്പുഴ വട്ടപ്പള്ളിയില്‍ പര്യവസാനിച്ചു. വേനല്‍ച്ചൂടിനെ വെല്ലുവിളിച്ച് ഒന്നരമാസത്തോളം നീണ്ട പര്യടനത്തിനാണ് ഇതോടെ അവസാനമായത്.
ചെണ്ടമേളം, നാസിക് ഡോള്‍, ബാന്റ്മേളം എന്നിവയുടെ താളത്തോടെയും ആയിരക്കണക്കിനു വരുന്ന പ്രവര്‍ത്തകര്‍ ഉയര്‍ത്തിയ യുഡിഎഫ് പതാകകളും ത്രിവര്‍ണ ബലൂണുകളും കൂടിച്ചേര്‍ന്നപ്പോള്‍ കൊട്ടിക്കാലാശത്തിനു മിഴിവേറെയായി. ആര്പ്പുവിളികളികളുടേയും നൂറുകണക്കിന് ഇരുചക്രവാഹനങ്ങളുടെയും അകമ്പടിയോടെ കെ. സി. വേണുഗോപാല്കൂടി എത്തിയതോടെ പ്രവര്ത്തകരുടെആവേശം അണപൊട്ടി.
______________________________
മുല്ലയ്ക്കലില്‍ നടന്ന ശോഭാ സുരേന്ദ്രന്റെ കൊട്ടിക്കലാശത്തില്‍ സ്ത്രീകള്‍ അടക്കം നൂറുകണക്കിനു പ്രവര്‍ത്തകരാണ് പങ്കെടുത്തത്. തോട്ടപ്പള്ളി മുതല്‍ പുന്നപ്ര വരെയുള്ള പ്രദേശങ്ങളില്‍നിന്ന് ഇരുചക്രവാഹനങ്ങളില്‍ അടക്കം എത്തിയ പ്രവര്‍ത്തകര്‍ കരുമാടിയില്‍ എത്തി അവിടെനിന്ന് മുല്ലക്കലിലെത്തിയാണ്് കൊട്ടിക്കലാശത്തിന് സമാപനം കുറിച്ചത്.
ശോഭാ സുരേന്ദ്രന്റെ കട്ടൗട്ടറുകളും നരേന്ദ്ര മോദിയുടെ മുഖം മൂടികളും ധരിച്ചാണ് ഏറെയും പേര് എത്തിയത്. ബിജെപി ജില്ലാ പ്രസിഡന്റ് എം. വി. ഗോപകുമാറും സീരിയല്‍, സിനിമാതാരം നിധിന് ജോസഫും സ്ഥാനാര്‍ഥിയോടൊപ്പം തുറന്ന വാഹനത്തില്‍ ജനങ്ങളെ അഭിവാദ്യം ചെയ്തു. അമിത് ഷായുടെ പൊതുസമ്മേളനത്തിനുശേഷം ഉച്ചകഴിഞ്ഞാണ് ശോഭാ സുരേന്ദ്രന് വിവിധ മണ്ഡലങ്ങളില്‍ റോഡ് ഷോ നടത്തിയത്.