യുഡിഎഫ് സ്ഥാനാര്‍ഥി കൊടിക്കുന്നില്‍ സുരേഷിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ സമാപനം ചെങ്ങന്നൂര്‍ ടൗണിനെ ബഹുവര്ണക്കടലാക്കി മാറ്റി. വൈകിട്ട് നാലോടെ പ്രവര്‍ത്തകരെക്കൊണ്ട് ടൗണ്‍ നിറഞ്ഞു. പത്തനാപുരത്തെയും ചങ്ങനാശേരിയിലെയും റോഡ് ഷോയില്‍ പങ്കെടുത്തശേഷം സ്ഥാനാര്‍ഥി അഞ്ചോടെയാണ് ചെങ്ങന്നൂരിലെത്തിയത്. പ്രവര്‍ത്തകരുടെ മധ്യത്തിലേക്ക് സ്ഥാനാര്‍ഥി വന്നിറങ്ങിയതോടെ ആവേശം ഉച്ചസ്ഥായിലായി. താളമേളങ്ങളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ ചെണ്ടയും ചേങ്ങിലയും ഇലത്താളവും മുഴങ്ങിയതോടെ മറ്റു താളമേളങ്ങള്ക്കുമേല് അസുരവാദ്യം മേല്‍ക്കൈ നേടി. ഇതോടെ വര്‍ണക്കൊടികളുമായി പ്രവര്‍ത്തകര്‍ ഇളകിയാടി.
വാനില്‍നിന്ന് വര്‍ണക്കടലാസുകള്‍ മഴയായി പെയ്തിറങ്ങി. മിനി ലോറിയില്‍ പ്രത്യേകം തയാറാക്കിയ തട്ടിലേക്ക് പ്രവര്‍ത്തകര്‍ സ്ഥാനാര്‍ഥിയെ എടുത്തുകയറ്റി. പ്രവര്‍ത്തകരോടൊപ്പം സ്ഥാനാര്‍ഥിയും നൃത്തം വച്ചു. ആറിന് നിമിഷങ്ങള്‍ മാത്രം ബാക്കി... മൈക്കെടുത്തു, താളമേളങ്ങള്‍ നിലച്ചു. മാവേലിക്കരയില്‍ നമ്മള് ജയിക്കും, നമ്മളേ ജയിക്കൂ. ആത്മവിശ്വാസം തുളുമ്പുന്ന വാക്കുകള്‍ പ്രവര്‍ത്തകര്‍ ആരവത്തോടെ ഏറ്റെടുത്തു. കൊടിക്കുന്നില്‍ തുടര്‍ന്നു.
ഇന്ത്യാമുന്നണി അധികാരത്തില്‍ വരും രാഹുല്‍ ഗാന്ധി നമ്മുടെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. ആവേശം ചെങ്ങന്നൂര്‍ പട്ടണത്തില്‍ മെക്സിക്കന്‍ തിരപോലെ അലയടിച്ചു. ഒന്നരമാസക്കാലം നീണ്ടുനിന്ന പരസ്യപ്രചരണത്തിന് അതോടെ ശുഭപര്യവസാനമായി.
_____________________________________________
എന്‍ഡിഎ സ്ഥാനാര്‍ഥി ബൈജു കലാശാലയുടെ കൊട്ടിക്ക ലാശം ആവേശകടല്‍ തീര്‍ത്തു. രാവിലെ പത്തനാപുരം മണ്ഡലത്തിലെ പര്യടനത്തോടെയാണ് പരിപാടികള്‍ ആരംഭിച്ചത്. തുടര്‍ന്ന് കുന്നത്തൂര്‍ മണ്ഡലത്തിലെ വിവിധ പരിപാടികളില്‍ പങ്കെടുത്തു. തുടര്‍ന്ന് കൊട്ടാരക്കര മണ്ഡലത്തില്‍ റോഡ് ഷോ നടത്തി.ഉച്ചയ്ക്കുശേഷം ചെങ്ങന്നുരില്‍ നടന്ന കൊട്ടിക്കലാശത്തിനായി എത്തി. ചെങ്ങന്നുര്‍ മുണ്ടന്‍കാവ് എന്‍ഡിഎ ഓഫീസില്‍നിന്ന് പ്രകടനമായി ആരംഭിച്ച് കെഎസ്ആര്‍ടിസി ജംഗ്ഷന്, സുര്യ, വെള്ളാവുര് ജംഗ്ഷന് എന്നിവിടങ്ങളിലെത്തി കൂടുതല്‍ പ്രവര്‍ത്തകര്‍ക്കൊപ്പം നടക്കുന്ന കൊട്ടിക്കലാശത്തിനായി എത്തി.
സ്ത്രീകള്‍ ഉള്‍പ്പെടെ നിരവധിപ്പേര്‍ കൊട്ടിക്കലാശത്തില്‍ പങ്കെടുത്തു. ബിജെപിയുടെയും ബിഡിജെഎസിന്റെയും പതാകകള്‍ വീശിയും നൃത്തം ചെയ്തും കലാശക്കൊട്ട് കൊഴുപ്പിച്ചു. ചിലര്‍ തെരഞ്ഞെടുപ്പ് ചിന്നമായ കുടവും കൈയിലേന്തിയാണ് എത്തിയത്. സ്ഥാനാര്‍ഥി അണികളെ ആവേശമുള്മുനയില് നിര്‍ത്തി ടിപ്പറിനു മുകളില്‍നിന്ന് പ്രസംഗിച്ച് വോട്ടഭ്യര്‍ഥിച്ചു.