പ്രശസ്ത ബ്രിട്ടീഷ് സൈദ്ധാന്തിക ഭൗതിക ശാസ്ത്രജ്ഞനും അടിസ്ഥാന കണികയായ ഹിഗ്സ് ബോസോണിന്റെ സാധ്യത പ്രവചിച്ച നൊബേൽ ജേതാവുമായ പീറ്റർ ഡബ്ല്യു. ഹിഗ്സ് (94) ഇനി ഓർമ. ദ്രവ്യത്തിനു പിണ്ഡം നൽകുന്ന ഹിഗ്സ് ബോസോൺ എന്ന ദൈവ കണത്തെക്കുറിച്ചുള്ള പഠനത്തിനാണ് പീറ്റർ ഹിഗ്സും ബൽജിയം സ്വദേശി ഫ്രാൻസ്വ ഇംഗ്ലർട്ടും 2013ൽ ഭൗതികശാസ്ത്രത്തിനുള്ള നൊബേൽ നേടിയത്.
ഹിഗ്സ് ബോസോൺ കണത്തിന്റെ സാധ്യത പീറ്റർ ഹിഗ്സ് മുന്നോട്ടുവച്ചത് 1964 ഒക്ടോബറിലാണ്. പിന്നീട് ആര് നൂറ്റാണ്ടിനുശേഷം ജനീവയിൽ യൂറോപ്യൻ ഓർഗനൈസേഷൻ ഫോർ ന്യൂക്ലിയർ റിസർച്ച് (സേൺ) ആസ്ഥാനത്ത് ഭൂമിക്കടിയിലായി 27 കിലോമീറ്റർ ചുറ്റളവിൽ സ്ഥാപിച്ചിരിക്കുന്ന ലാർജ് ഹാഡ്രൺ കൊളൈഡറിൽ ഗവേഷകർ നടത്തിയ പരീക്ഷണങ്ങളാണ് ദൈവകണത്തിന്റെ അസ്തിത്വം 2012ൽ തെളിയിച്ചത്. തുടർന്ന് ഹിഗ്സ് ബോസോൺ എന്നു പേരും നൽകി.
യുക്തിവാദിയായ ഹിഗ്ഗ്സ്, ഹിഗ്സ് ബോസോൺ കണികയെ ദൈവകണികയെന്ന് വിളിക്കുന്നതിന് എതിരായിരുന്നു.1929ൽ ബ്രിട്ടനിലാണ് ഹിഗ്സിന്റെ ജനനം. കിങ്സ് കോളജിൽ നിന്നു പിഎച്ച്ഡി നേടി. ഹിഗ്സ് തന്റെ കരിയറിലെ ഭൂരിഭാഗവും ചെലവഴിച്ചത് യുകെയിലെ എഡിൻബർഗ് സർവകലാശാലയിലാണ്. 2012 ഇദ്ദേഹത്തോടുള്ള ആദരസൂചകമായി സർവ്വകലാശാലയിൽ ഹിഗ്സ് സെൻറർ ആരംഭിച്ചു. ഹ്യൂസ് മെഡലും, റുഥർഫോർഡ് മെഡലും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
