പത്തനംതിട്ടയിലെ തിരഞ്ഞെടുപ്പ് പോരാട്ടത്തെച്ചൊല്ലി വാക്പോരുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണിയും മകൻ അനിൽ ആന്റണിയും. ബിജെപി സ്ഥാനാര്‍ഥിയായ അനില്‍ തോല്‍ക്കണമെന്നും മക്കളെക്കുറിച്ച് അധികം പറയിക്കരുതെന്നും ആന്റണി പറഞ്ഞു. അച്ഛനെയോർത്ത് സഹതാപമെന്നും കാലാഹരണപ്പെട്ട നേതാക്കളുടെ പാർട്ടിയാണ് കോണ്‍ഗ്രസെന്നുമായിരുന്നു ഇതിനോടുള്ള അനിലിന്റെ പ്രതികരണം.
മാധ്യമങ്ങളുമായുള്ള മുഖാമുഖം പരിപാടിലായിരുന്നു അനിലിനെതിരായ ആന്റണിയുടെ പരാമർശം. ''പത്തനംതിട്ടയിൽ ആന്റോ ആന്റണി ജയിക്കണം. കോവിഡിനുശേഷം ആരോഗ്യപ്രശ്നങ്ങളുള്ളതിനാൽ താൻ പ്രചാരണത്തിനു പോകുന്നില്ല. താന്‍ പ്രചരണത്തിന് ഇറങ്ങാതെ തന്നെ ആന്റോ ആന്റണിക്ക് നല്ല ഭൂരിപക്ഷം ലഭിക്കും,'' ആന്റണി പറഞ്ഞു.
കോണ്‍ഗ്രസ് നേതാക്കളുടെ മക്കള്‍ ബിജെപിയിലേക്കു പോകുന്നത് തെറ്റാണെന്ന് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി ആന്റണി പറഞ്ഞു. ''മക്കളെക്കുറിച്ച് അധികം പറയിപ്പിക്കണ്ട. ആ ഭാഷ ഞാന്‍ ശീലിച്ചിട്ടില്ല, എന്റെ സംസ്കാരത്തിന്റെ ഭാഗമല്ല. മറ്റ് മക്കളെക്കുറിച്ച് പറയാന്‍ ആഗ്രഹിക്കുന്നില്ല. എന്റെ മതം കോണ്‍ഗ്രസാണ്. കെഎസ് യുവില്‍ ചേര്‍ന്ന കാലം മുതല്‍ കുടുംബം വേറെ, രാഷ്ട്രീയം വേറെ എന്ന് നിലപാടെടുത്തയാളാണ് താൻ,'' അദ്ദേഹം പറഞ്ഞു.
ബിജെപി എല്ലായിടത്തും മൂന്നാം സ്ഥാനത്താകുമെന്നും ആന്റണിയുടെയും കരുണാകരന്റെയും മക്കൾ ബിജെപിയിലേക്ക് പോയതിനെപ്പറ്റിയുള്ള ചോദ്യത്തിന് അദ്ദേഹം മറുപടി നൽകി.
നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ബിജെപി വീണ്ടും അധികാരത്തിൽ വന്നാൽ ഭരണഘടനാമൂല്യങ്ങൾ അട്ടിമറിക്കപ്പെടുമെന്ന് എ.കെ.ആന്റണി പറഞ്ഞു. ബിജെപി സർക്കാർ വീണ്ടും അധികാരത്തിലെത്തിയാൽ ജനാധിപത്യത്തിന്റെ അന്ത്യത്തിനു തുടക്കമാകും. ഈ തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ കേന്ദ്രത്തിൽ ബിജെപി ഭരണം അവസാനിപ്പിക്കണമെന്നും അതാണ് തിരഞ്ഞെടുപ്പിന്റെ പ്രധാന ലക്ഷ്യമെന്നും എ.കെ.ആന്റണി പറഞ്ഞു. ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങൾ കണ്ണിലെ കൃഷ്ണമണി പോലെ സംരക്ഷിക്കാൻ കഴിയണം. ഭരണഘടന സംരക്ഷിക്കേണ്ട, ഇന്ത്യ എന്ന ആശയത്തെ വീണ്ടെടുക്കാനുള്ള തിരഞ്ഞെടുപ്പാണിത്. ഇന്ത്യയെന്ന ആശയം വലിയ വെല്ലുവിളി നേരിടുന്നു. 10 വർഷമായി നരേന്ദ്രമോദി സർക്കാർ ആ ആശയത്തെ ഞെക്കി ഞെരുക്കി ഇല്ലാതാക്കാൻ ശ്രമിക്കുകയാണ്. ആർഎസ്എസിന്റെ പിൻസീറ്റ് ഭരണം അവസാനിപ്പിക്കലാകണം തിരഞ്ഞെടുപ്പിന്റെ ലക്ഷ്യം. ഇന്ത്യ മുന്നണി കേന്ദ്രത്തിൽ അധികാരത്തിൽ വരണം. കേരളത്തിൽ പിണറായിയുടെ ജനദ്രോഹ നടപടികൾക്കെതിരായി 20 സീറ്റും യുഡിഎഫിനു നൽകണമെന്നും എ.കെ.ആന്റണി പറഞ്ഞു.
ഭരണഘടന നിർമിച്ചതിന്റെ അവകാശം കോൺഗ്രസിനും അംബേദ്കർക്കും മാത്രമാണെന്ന് എ.കെ.ആന്റണി പറഞ്ഞു. ഭരണഘടന സംരക്ഷിക്കുന്നതിനെ കുറിച്ച് വാചാലനാകുന്ന പിണറായിയുടെ പാർട്ടിക്ക് ഭരണഘടന ഉണ്ടാക്കിയതിൽ ഒരു പങ്കുമില്ല. കോൺഗ്രസ് സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചവരാണ് പിണറായി വിജയന്റെ പാർട്ടിയുടെ പൂർവികർ. എന്നിട്ടും കോൺഗ്രസിനെ ആക്ഷേപിച്ചാൽ കേരളം പിണറായിക്ക് മാപ്പ് തരില്ല. അരിയാഹാരം കഴിക്കുന്ന മലയാളികൾ പിണറായിയുടെ അവകാശ വാദങ്ങൾ നിരാകരിക്കും. ഏപ്രിൽ 26ന് അതാണ് നടക്കുക. മലയോര മേഖലയിലെ വന്യജീവി ശല്യം കേരളത്തിലേത് പോലെ എവിടെയുമില്ല. മലയോര കർഷകരെ അവിടെനിന്ന് ഓടിക്കാനുള്ള നീക്കം ഇതിനു പിന്നിലുണ്ടോ എന്നും സംശയമുണ്ട്. ജനം ഇതൊന്നും മറക്കില്ല. ജീവിക്കാൻ വഴിയില്ലാതെ റഷ്യയിൽ യുദ്ധം ചെയ്യാൻ വരെ യുവാക്കൾ പോകുന്നു. പ്രതീക്ഷ നശിച്ച് കേരളത്തിൽ ഇനി ജീവിച്ചിട്ട് കാര്യമില്ല എന്ന് യുവാക്കൾ തിരിച്ചറിയുന്നു. ഇങ്ങനെ പോയാൽ കേരളം ഇതരസംസ്ഥാന തൊഴിലാളികളുടെ മാത്രം നാടായി മാറുമെന്നും ആന്റണി പറഞ്ഞു.
ഏറ്റവും വലിയ അബദ്ധമാണ് തുടർഭരണമെന്നും അതിന്റെ ദുരിതമാണ് കേരളം അനുഭവിക്കുന്നതെന്നും എ.കെ.ആന്റണി പറഞ്ഞു. തിരഞ്ഞെടുപ്പ് സമയമായിട്ടു പോലും പാനൂരിൽ ബോംബ് ഉണ്ടാക്കുന്നു. പണ്ട് ഇത് സ്ഥിരം പരിപാടിയായിരുന്നു. വനിതകൾക്ക് സീറ്റ് നൽകിയത് കുറഞ്ഞതായി ആന്റണി പറഞ്ഞു. അത് സീറ്റ് പട്ടികയുടെ പോരായ്മയായി. നിയമസഭാ തിരഞ്ഞെടുപ്പിൽ ആ കുറവ് പരിഹരിക്കുമെന്നും ചോദ്യങ്ങൾക്ക് മറുപടിയായി എ.കെ.ആന്റണി പറഞ്ഞു.
ചന്ദ്രനെ കാണുമ്പോൾ കുരക്കുന്ന പട്ടികൾ 'കോൺഗ്രസുകാർ'; അനിൽ ആൻറണി
എ.കെ.ആന്റണിയെ കാണുമ്പോൾ സഹതാപം മാത്രമാണ് തോന്നുന്നതെന്ന് മകനും പത്തനംതിട്ടയിലെ എൻഡിഎ സ്ഥാനാർഥിയുമായ അനിൽ ആന്റണി. ‘രാഷ്ട്രവിരുദ്ധമായി പ്രവർത്തിക്കുന്ന ഗാന്ധി കുടുംബത്തിനു വേണ്ടിയാണ് അദ്ദേഹം സംസാരിക്കുന്നത്. അദ്ദേഹം പഴയ പ്രതിരോധ മന്ത്രിയാണ്. പാക്കിസ്ഥാനെ വെള്ളം പൂശാൻ ശ്രമിച്ച ഒരു എംപിക്ക് വേണ്ടി സംസാരിച്ചപ്പോൾ എനിക്കു വിഷമമാണ് തോന്നിയത്. ജൂൺ നാലിനു നരേന്ദ്രമോദി വീണ്ടും പ്രധാനമന്ത്രിയാകും. ഇതു കണ്ട് ചന്ദ്രനെ നോക്കി കുരയ്ക്കുന്ന പട്ടികളെ പോലെ കാലഹരണപ്പെട്ട കോൺഗ്രസ് നേതാക്കൾ കുരച്ചു കൊണ്ടേയിരിക്കും’ – അനിൽ ആന്റണി പറഞ്ഞു.
കോൺഗ്രസ് പഴയ കോൺഗ്രസല്ലെന്നും അനിൽ ആന്റണി പറഞ്ഞു. ഇന്ത്യയെ നല്ല രീതിയിൽ മുന്നോട്ടുകൊണ്ടുപോകാൻ നരേന്ദ്ര മോദി നയിക്കുന്ന ബിജെപിക്കു മാത്രമേ സാധിക്കുകയുള്ളൂ. 15 വർഷമായി പത്തനംതിട്ടയിൽ വികസനം നടന്നിട്ടില്ല. വികസനമില്ലായ്മ മറച്ചുവയ്ക്കാൻ വേണ്ടി ആന്റോ ആന്റണി ജനങ്ങളെ കബളിപ്പിക്കുകയാണ്. തീവ്ര നിലപാടുകളുള്ള ചില വോട്ടുകൾക്ക് വേണ്ടി ആന്റോ ആന്റണി ഇന്ത്യയെ തള്ളിപ്പറഞ്ഞു. രാജ്യവിരുദ്ധമായ നയങ്ങൾ എടുക്കുന്നതുകൊണ്ടാണ് ദേശീയരാഷ്ട്രീയത്തിൽ നിന്നും കോൺഗ്രസിനെ ഇന്ത്യൻ ജനത ചവിറ്റുകൊട്ടയിലേക്ക് എറിഞ്ഞത്. 370ലധികം സീറ്റുകൾ ബിജെപി നേടും. ആന്റോ ആന്റണി പരാജയപ്പെടും. ഈ തിരഞ്ഞെടുപ്പിലും കോൺഗ്രസിനു പ്രതിപക്ഷ സ്ഥാനം പോലും ലഭിക്കില്ലെന്നും അനിൽ ആന്റണി പറഞ്ഞു.
പത്തനംതിട്ടയിൽ ആരൊക്കെ വന്നാലും ഒന്നും നടക്കില്ലെന്നും അനിൽ ആന്റണി ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഇതിനുമുൻപ് തിരുവല്ല മണ്ഡലത്തിലെ എംപിയായിരുന്ന പി.ജെ.കുര്യനും പത്തനംതിട്ടയുടെ വികസനമില്ലായ്മയുടെ കാരണക്കാരനാണ്. രാഹുൽഗാന്ധി കോൺഗ്രസിനെ വളർത്തി വളർത്തി പാതാളത്തിലെത്തിച്ചു. കാലഹരണപ്പെട്ട നേതാക്കളാണ് കോൺഗ്രസിലുള്ളത്. കോൺഗ്രസ് ഒരു കുടുംബത്തിനു വേണ്ടി മാത്രമാണ് പ്രവർത്തിക്കുന്നതെന്നും അനിൽ ആന്റണി ആരോപിച്ചു.