വിവാദ സിനിമയുടെ പ്രദർശനം 'കത്തോലിക്ക' സഭ വക
സുദീപ്തോ സെന്‍ സംവിധാനം ചെയ്ത പ്രൊപ്പഗണ്ട സിനിമ കേരള സ്റ്റോറി പ്രദര്‍ശിപ്പിച്ച് ഇടുക്കി രൂപത. വിശ്വാസോത്സവത്തിന്റെ ഭാഗമായി രൂപതയ്ക്കു കീഴിലുള്ള പള്ളികളിൽ സണ്‍ഡേ ക്ലാസിലായിരുന്നു പ്രദര്‍ശനം. പത്ത് മുതല്‍ 12 വരെയുള്ള ക്ലാസ് വിദ്യാർഥികൾക്കുവേണ്ടി ഏപ്രില്‍ നാലിനായിരുന്നു സിനിമ പ്രദര്‍ശിപ്പിച്ചത്. കുട്ടികളെ പ്രണയത്തിലകപ്പെടുത്തി തീവ്രവാദത്തിലേക്ക് നയിക്കുന്നുവെന്നും ഇതിനെതിരെ അവബോധം സൃഷ്ടിക്കാനാണ് ചിത്രം പ്രദര്‍ശിപ്പിച്ചതെന്നുമാണ് രൂപതയുടെ വിശദീകരണം.
എല്ലാ വര്‍ഷവും അവധിക്കാലത്ത് രൂപതയ്ക്ക് കീഴില്‍ ക്ലാസുകള്‍ നടക്കാറുണ്ട്. ഈ വര്‍ഷം രണ്ട്, മൂന്ന്, നാല് തീയതികളിലാണ് ക്ലാസ് നടന്നത്. ഇതിന്റെ ഭാഗമായി 10 മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ കുട്ടികള്‍ക്ക് പ്രണയത്തെക്കുറിച്ചുള്ള പാഠപുസ്തകം നല്‍കുകയും സിനിമ പ്രദര്‍ശിപ്പിക്കുകയുമായിരുന്നു. തുടര്‍ന്ന് കുട്ടികളോട് ചിത്രത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാനും റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ആവശ്യപ്പെടുകയായിരുന്നു.
വര്‍ഗീയമാനം നല്കിയതുകൊണ്ടാണ് ചിത്രം വിവാദ ചര്‍ച്ചയായതെന്നും ഇടുക്കി രൂപത മീഡിയ കോഡിനേറ്റര്‍ ഫാദര്‍ ജിന്‍സ് ന്യായീകരിച്ചു.
ഈ മാസം അഞ്ചിനാണ് ദൂരദര്‍ശനില്‍ ചിത്രം പ്രദര്‍ശിപ്പിച്ചത്. വിവാദ സിനിമ സര്‍ക്കാര്‍ മാധ്യമത്തിലൂടെ പ്രദര്‍ശിപ്പിക്കുന്നതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു അപ്പോഴാണ് അതിനെ തൊട്ടു മുൻപുള്ള ദിവസം സഭ വക പ്രദർശനവും.
കുട്ടികള്‍ക്ക് നല്കിയ പാഠപുസ്തകത്തില്‍ ലവ് ജിഹാദിനെക്കുറിച്ചുള്ള ഭാഗങ്ങളുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എന്താണ് ലവ് ജിഹാദെന്നും കുട്ടികളെ പ്രണയം നടിച്ച് മതപരിവര്‍ത്തനം നടത്തുന്നുണ്ടെന്നും പാഠപുസ്തകത്തില്‍ പറയുന്നുണ്ട്. മുന്‍ മുഖ്യമന്ത്രിമാരായ വി എസ് അച്യുതാനന്ദനെയും ഉമ്മന്‍ ചാണ്ടിയെയും പുസ്തകത്തില്‍ ഉദ്ധരിക്കുന്നുണ്ട്. കേരള സ്റ്റോറി ഒരു മോശം സിനിമയല്ലെന്ന് സീറോ മലബാര്‍ സഭയും പറഞ്ഞു.
