കേരളത്തിലെ കോൺഗ്രസുകാർക്ക് ബി.ജെ.പി. അനുകൂലനിലപാടാണുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോൺഗ്രസ് എല്ലായ്പോഴും കേന്ദ്രസർക്കാരിന്റെ കൂടെയായിരുന്നുവെന്ന് പറഞ്ഞ മുഖ്യമന്ത്രി, കേരളത്തിനെതിരേ കേന്ദ്രസർക്കാർ സ്വീകരിക്കുന്ന നിലപാട് തെറ്റാണെന്ന് പറയാൻ കോൺഗ്രസുകാർ എപ്പോഴെങ്കിലും തയ്യാറായോ എന്നും ചോദിച്ചു. കോൺഗ്രസ് എപ്പോഴും കേരളത്തെ കുറ്റപ്പെടുത്തിക്കൊണ്ടിരിക്കുകയായിരുന്നുവെന്നും മുഖ്യമന്ത്രി ആരോപിച്ചു. മാവേലിക്കരയിലെ എൽ.ഡി.എഫ്. സ്ഥാനാർഥി സി.എ അരുൺകുമാറിൻറെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുത്ത് ഭരണിക്കാവിൽ സംസാരിക്കുകയായിരുന്നു മഖ്യമന്ത്രി.
ഹര്‍ഷാരവത്തോടെ കുന്നത്തൂരിലെ ജനങ്ങൾ മുഖ്യമന്ത്രിയെ വേദിയിലേക്ക് സ്വീകരിച്ചു. സ്ഥാനാര്‍ത്ഥി സി എ അരുണ്‍കുമാറിനെ മുഖ്യമന്ത്രി വേദിയിലേക്ക് സ്വീകരിച്ച് ഹസ്തദാനം ചെയ്ത് കൈമുറുകെ പിടിച്ച് ഉയര്‍ത്തി. അരുണ്‍കുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണയോഗം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.
'കേന്ദ്ര അന്വേഷണ ഏജൻസികൾ നാടാകെ വലവീശി നടക്കുന്നു. കെജ്രിവാളിനെയടക്കം അറസ്റ്റ് ചെയ്തു. ഒരു വർഷം മുമ്പ് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ ഇ.ഡി. അറസ്റ്റ് ചെയ്തപ്പോൾ എന്തുകൊണ്ട് കെജ്രിവാളിനെ അറസ്റ്റ് ചെയ്തില്ല എന്നായിരുന്നു കോൺഗ്രസിന്റെ ചോദ്യം. കെജ്രിവാളല്ലേ മുഖ്യസൂത്രധാരകൻ, കെജ്രിവാളിനെയല്ലേ അറസ്റ്റ് ചെയ്യേണ്ടത് എന്നായിരുന്നു ചോദ്യം.
എന്തായിരുന്നു കോൺഗ്രസിന്റെ സമീപനം? കേന്ദ്ര അന്വേഷണ ഏജൻസികളെല്ലാം എല്ലാ പ്രതിപക്ഷപാർട്ടികളുടേയും നേരെ നീങ്ങുന്നു കോൺഗ്രസിനുനേരെയും നീങ്ങിയിട്ടുണ്ട്. കോൺഗ്രസിനുനേരെ വരുമ്പോൾ അവരതിനെ എതിർക്കും. കോൺഗ്രസിതര പാർട്ടികളുടെ നേരെ വരുമ്പോൾ അവർ കേന്ദ്ര അന്വേഷണ ഏജൻസികളുടെ കൂടെനിൽക്കും. കെജ്രിവാളിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് ഡൽഹിയിൽ നടന്ന റാലിയിൽ കോൺഗ്രസുകാർ പങ്കെടുത്തത് നല്ല കാര്യം. പക്ഷേ, അവരുടെ സമീപനത്തിൽ എന്തെങ്കിലും മാറ്റമുണ്ടോ?', മുഖ്യമന്ത്രി ചോദിച്ചു.
കിഫ്ബിക്കെതിരേ ഇ.ഡി. മന്ത്രി തോമസ് ഐസക്കിന് നോട്ടീസയച്ചപ്പോൾ ഇ.ഡിയുടെ കൂടെയാണ് കോൺഗ്രസും പ്രതിപക്ഷനേതാവും നിന്നതെന്നും എപ്പോഴും സംഘപരിവാർ ശക്തികൾക്കൊപ്പമാണ് കോൺഗ്രസ് നിൽക്കുന്നതെന്നും പിണറായി വിജയൻ കുറ്റപ്പെടുത്തി. കേരളത്തിന്റെ ശബ്ദം പാർലമെന്റിൽ ഉയരുകയാണ് നമുക്ക് വേണ്ടത്. എന്നാൽ, കോൺഗ്രസുകാർക്ക് അത് സാധ്യമല്ലെന്ന് ജനങ്ങൾക്കാകെ ബോധ്യമായിരിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആര്‍എസ്എസ് രൂപീകരിച്ച് 100 വർഷം തികയുന്ന വേളയിൽ രാജ്യത്തെ മത രാഷ്ട്രമാക്കാനാണ് ബിജെപി നീക്കമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആര്‍എസ്എസ് അജണ്ട നടപ്പിലാക്കാൻ ബിജെപി ശ്രമിക്കുന്നു. കോൺഗ്രസ് അത് നടപ്പിലാക്കാൻ സഹായിക്കുന്നു. കോൺഗ്രസിന് സംഘപരിവാർ മനസിനോട് യോജിപ്പ് വരുന്നു. ഭരണഘടനക്ക് ഒരു വിലയും കൽപ്പിക്കാത്ത സർക്കാരായി കേന്ദ്രം ഭരിക്കുന്ന എൻഡിഎ സര്‍ക്കാര്‍ മാറി.
മൗലിക അവകാശങ്ങൾ ഹനിക്കുന്ന രീതിയിലാണ് കേന്ദ്ര സർക്കാരിന്റെ പ്രവര്‍ത്തനമെന്നും പിണറായി കുറ്റപ്പെടുത്തി. കശ്മീർന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞപ്പോൾ സന്തോഷിച്ച കോൺഗ്രസുകാർ രാജ്യത്തുണ്ട്. യുഎപിഎ കരിനിയമം ഭേദഗതിയിൽ കോൺഗ്രസ് ബിജെപിക്ക് ഒപ്പം നിന്നു. കരിനിയമത്തെ എതിർക്കാൻ ഒരു കോൺഗ്രസ് എംപിയും. ഉണ്ടായില്ല. കേരളത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ് എംപി മാരും മിണ്ടിയില്ലെന്നും കുറ്റപ്പെടുത്തി.
