ബിബിസി ഇന്ത്യയിലെ ഓഫീസ് (നിർത്തി)
നികുതി ലംഘനം ആരോപിക്കപ്പെട്ട് ആദായ നികുതി വകുപ്പിന്റെ ചോദ്യം ചെയ്യലിന് ഒരു വര്‍ഷത്തിന് ശേഷം ഇന്ത്യയിലെ ന്യൂസ് റൂം അടച്ച് ബിബിസി.
ഇന്ത്യന്‍ ജീവനക്കാര്‍ സ്ഥാപിച്ച പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്ക് പ്രസിദ്ധീകരണ ലൈസന്‍സ് കൈമാറിയെന്നും ‘കളക്ടീവ് ന്യൂസ് റൂം വഴിയാകും പ്രവര്‍ത്തനങ്ങളെന്നും ബിബിസി അറിയിച്ചു. 2002ലെ ഗുജറാത്ത് കലാപത്തെ കുറിച്ചുള്ള ഡോക്യുമെന്ററി സംപ്രേഷണം ചെയ്തതിന് പിന്നാലെയാണ് നരേന്ദ്രമോദി സര്‍ക്കാര്‍ ബിബിസിയെയും വേട്ടയാടാന്‍ ആരംഭിച്ചത്.
നാല് മുന്‍ ബിബിസി ജീവനക്കാര്‍ സ്ഥാപിച്ച കലക്ടീവ് ന്യൂസ് റൂം അടുത്ത ആഴ്ച പ്രവര്‍ത്തനമാരംഭിക്കും.ഹിന്ദി, ഗുജറാത്തി, മറാഠി, പഞ്ചാബി, തമിഴ്, തെലുങ്ക് എന്നീ ഏഴ് ഭാഷകളിലെ ബിബിസിയുടെ ഡിജിറ്റല്‍ സേവനങ്ങള്‍ക്കുള്ള ഉള്ളടക്കങ്ങള്‍ കലക്ടീവ് ന്യൂസ്റൂം നിര്‍മിക്കും.മാധ്യമപ്രവര്‍ത്തനത്തില്‍ വിട്ടുവീഴ്ച ചെയ്യില്ലെന്നും കലക്ടീവ് ന്യൂസ്റൂമിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ രൂപ ത്സാ വ്യക്തമാക്കി. നേരത്തെ ബിബിസി ഇന്ത്യയുടെ സീനിയര്‍ ന്യൂസ് എഡിറ്ററായിരുന്നു രൂപ ത്സാ.
കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു 2002ലെ ഗുജറാത്ത് കലാപത്തെ കുറിച്ചുള്ള ഡോക്യുമെന്ററി ബിബിസി സംപ്രേഷണം ചെയ്തത്. ദ മോദി ക്വസ്റ്റിയന്‍ എന്ന ഡോക്യുമെന്ററിയുടെ സംപ്രേക്ഷണം കേന്ദ്രസര്‍ക്കാര്‍ വിലക്കി. ഗുജറാത്ത് കലാപത്തില്‍ നരേന്ദ്രമോദിയുടെ പങ്ക് മറയില്ലാതെ വിവരിക്കുന്ന ഡോക്യുമെന്ററി ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തിരുന്നു. പിന്നാലെ ആദായ നികുതി വകുപ്പ് ബിബിസിയുടെ മുംബൈ, ദില്ലി ഓഫീസുകളില്‍ കയറിയിറങ്ങി. മണിക്കൂറുകളോളം റെയ്ഡും വന്‍തുക പിഴയും ചുമത്തി. ഒരു വര്‍ഷമായി പ്രതികാര നടപടി തുടരുകയാണ്. ഈ പശ്ചാത്തലത്തിലാണ് ഇന്ത്യയിലെ ന്യൂസ് റൂമുകള്‍ അടയ്ക്കാന്‍ ബിബിസിയുടെ തീരുമാനം. പ്രസിദ്ധീകരണ ലൈസന്‍സ് ഇന്ത്യന്‍ ജീവനക്കാര്‍ സ്ഥാപിച്ച പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്ക് കൈമാറിയതായും ബിബിസി അറിയിച്ചു.
അടുത്തയാഴ്ച മുതല്‍, ബിബിസി മുന്‍ ജീവനക്കാര്‍ ചേര്‍ന്ന് ‘കളക്ടീവ് ന്യൂസ് റൂം’ ആരംഭിക്കും. കളക്ടീവ് ന്യൂസ് റൂം വഴിയാകും ബി ബി സി യുടെ ഇന്ത്യയിലെ ഇനിയുള്ള പ്രവര്‍ത്തനങ്ങള്‍. കളക്ടീവ് ന്യൂസ് റൂം കമ്പനിയുടെ 26% ഓഹരികള്‍ക്കായി ബിബിസി സര്‍ക്കാരിന് അപേക്ഷ നല്‍കിയിട്ടുണ്ട്. മറ്റൊരു സ്ഥാപനത്തിന് പ്രസിദ്ധീകരണ ലൈസന്‍സ് കൈമാറുന്നത് ചരിത്രത്തില്‍ ആദ്യമായിട്ടാണെന്നും മാധ്യമപ്രവര്‍ത്തനത്തില്‍ വിട്ടുവീഴ്ച ചെയ്യില്ലെന്നും ബിബിസി പ്രതികരിച്ചു. 1940 മെയ് മാസത്തിലാണ് ബിബിസി ഇന്ത്യയില്‍ സംപ്രേക്ഷണം ആരംഭിച്ചത്. ഹിന്ദി, ഗുജറാത്തി, മറാഠി, പഞ്ചാബി, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലാണ് ബിബിസി ഇന്ത്യയില്‍ പ്രവര്‍ത്തിച്ചത്. ഇരുന്നൂറൂളം ജീവനക്കാരുണ്ടായിരുന്ന ബിബിസിയുടെ ഇന്ത്യന്‍ ന്യൂസ് റൂം ബ്രിട്ടന് പുറത്തുള്ള സ്ഥാപനത്തിന്റെ വലിയ ന്യൂസ് റൂമായിരുന്നു. കഴിഞ്ഞ വര്‍ഷം മോദി സര്‍ക്കാരിനെ നിരന്തരം വിമര്‍ശിക്കുന്ന മറ്റൊരു മാധ്യമസ്ഥാപനമായ ന്യൂസ് ക്ലിക്ക് ഓണ്ലൈനിന് നേരെയും റെയ്ഡും അറസ്റ്റും ഉള്‍പ്പെടെ നടന്നിരുന്നു.
നിലവില്‍ ബിബിസിയുടെ ഇന്ത്യയിലെ ഓഫീസിലുണ്ടായ 200 ഓളം പേര് കലക്ടീവ് ന്യൂസ്റൂമിലേക്ക് മാറിയിട്ടുണ്ട്.