പാടശേഖരത്തിന്റെ ബണ്ട് ഉറപ്പിക്കാൻ ഭൂവുടമകൾ കുരുതി കൊടുത്തെന്ന് വിശ്വസിക്കുന്ന പെരുമ്പറയന് കുട്ടനാട്ടിൽ ആരാധനാലയം. മങ്കൊമ്പ് ചതുർഥ്യാകരിയിലാണ് പെരുമ്പറയന്റെ വിഗ്രഹം പ്രതിഷ്ഠിച്ചത്.നൂറ്റാണ്ടുകളുടെ പഴക്കമുണ്ടെന്ന് കരുതുന്ന കൽവിഗ്രഹമാണ് പ്രത്യേകം തയാറാക്കിയ മണ്ഡപത്തിൽ പ്രതിഷ്ഠിച്ചത്.
യന്ത്രങ്ങളൊന്നും ഇല്ലാതിരുന്ന കാലത്ത് കുട്ടനാട്ടിൽ പൊന്നുവിളയിച്ചിരുന്നത് കർഷകൻ്റെയും തൊഴിലാളിയുടെയും അധ്വാനമായിരുന്നു. ഓരോ പ്രദേശത്തും ബണ്ട് കെട്ടി വയലൊരുക്കി പൊന്നിൻ നിറമുള്ള നെല്ല് കൊയ്തെടുത്ത് കുട്ടനാടിനെ നെല്ലറയാക്കിയവർ. കൃഷിപ്പണിക്കിടയിൽ ജീവിതം ഹോമിക്കേണ്ടി വന്ന അനേകരുടെ കഥകളും കുട്ടനാടൻ കാർഷിക ചരിത്രത്തോടൊപ്പം ചേർത്തു പറയാനുണ്ട്. അത്തരമൊരു ഐതിഹ്യത്തിലെ നായകനാണ് പെരുമ്പറയൻ.
നൂറ്റാണ്ടുകളുടെ പഴക്കമുണ്ടെന്ന് കരുതുന്ന കൽവിഗ്രഹമാണ് മണ്ഡപത്തിൽ പ്രതിഷ്ഠിച്ചത്. മൂന്ന് നൂറ്റാണ്ടിനപ്പുറം നടന്ന കൊടുംചതിയുടെ കഥ വായ്മൊഴിയായാണ് പുതു തലമുറക്ക് കിട്ടിയത്. തെക്കുംകൂറിന്റെയും വടക്കൻ കൂറിന്റെയും ഭരണകാലത്ത് പുളിംകുന്നിൽ രാജാക്കന്മാരുടെ കീഴിൽ പ്രാദേശിക ഭരണ കാര്യങ്ങൾ നടത്തിയിരുന്നത് മാടമ്പിമാരായിരുന്നു എന്നാണ് ഐതിഹ്യം. അയ്യനാട് അക്കാലത്ത് പാടശേഖരത്തിൽ മടവീഴ്ച പതിവായിരുന്നു. പാടശേഖരത്തിന്റെ വടക്കെ പറമ്പിൽ മണലിന്റെ ആധിക്യം കൂടുതൽ ആയതിനാൽ എത്ര ബലപ്പെടുത്തി ബണ്ട് നിർമ്മിച്ചാലും മട വീണ് കൃഷി നശിക്കും.
പാടശേഖരത്തിന്റെ ഉടമയായ കൈമൾക്കും കുടുംബത്തിനും ഇതൊരു തലവേദനയായി മാറി. മടവീഴ്ചക്ക് കാരണം അറിയാൻ കുടുംബ കാരണവർ ജ്യോത്സ്യനെ വിളിച്ചു വരുത്തി പ്രശ്നം വച്ചു. മടയുറക്കാൻ ഒരു കുരുതി വേണമെന്നായിരുന്നു ജോത്സ്യൻ നിർദേശിച്ച പോംവഴി. ഇതിനായി അവർ കണ്ടെത്തിയത് പെരുംപറയനെയും. എന്തും എപ്പോഴും ചെയ്യാൻ തയ്യാറായിരുന്ന തന്റേടിയായിരുന്നു പെരുമ്പറയൻ. അന്ന് മട കുത്താൻ പെരുമ്പറയനും ഉണ്ടായിരുന്നു. മട വീണ് തകർന്ന ബണ്ടിന്റെ ഭാഗത്ത് അവർ പുതിയ കുറ്റികൾ നാട്ടി ചെറ്റ വച്ച് കട്ടകുത്താൻ തുടങ്ങി.
കാരണവർ അന്ന് ബണ്ടിന്റെ ചെറ്റ കുത്തിൽ ഇറക്കിയത് പെരുമ്പറയനെ ആയിരുന്നു. മറ്റ് തൊഴിലാളികൾ കട്ട കുത്തി മടയിലേക്ക് ഇട്ടു കൊണ്ടിരുന്നു. ഇത് കാലു കൊണ്ട് മരച്ചില്ലകൾ നിരത്തി പെരുമ്പറയൻ ചവിട്ടി ഉറപ്പിച്ചു. ഈ സമയം പെരുമ്പറയന്റെ മുകളിലേക്ക് കാരണവരുടെ നിർദ്ദേശപ്രകാരം തൊഴിലാളികൾ കട്ട വാരി ഇട്ടു കൊണ്ടേ ഇരുന്നു. കട്ടയിട്ട് പെരുമ്പറയനെ മൂടാൻ ആയിരുന്നു കാരണവരുടെ നിർദേശം. കട്ടക്കിടയിൽ അകപ്പെട്ട പെരുമ്പ റയന്റെ ജീവൻ മടയിൽ ബലി അർപ്പിച്ചു. ഈ സംഭവത്തിന് ശേഷം കാടിയാടത്തെ കുടുംബത്തിന്റ നാശത്തിന് തുടക്കമായി. പരിഹാരമായി പെരുമ്പറയന്റെ ഒരു പൂർണ്ണ കായ പ്രതിമ നിർമ്മിച്ച് കുടിയിരുത്തണമെന്നും ജോത്സ്യൻ നിർദേശിച്ചു. കാരണവർ പെരുമ്പറയന്റെ പ്രതിമ നിർമ്മിച്ച് പ്രശ്നവിധി പ്രകാരം കുടിയിരുത്തി. എന്നാൽ പിന്നിട് നൂറ്റാണ്ടുകളോളം മഴയും വെയിലുമേറ്റ് പാട വരമ്പത്തിരുന്ന പെരുമ്പറയന്റെ ആ കൽ വിഗ്രഹമാണ് നൂറ് കണക്കിനാളുകളുടെ സാന്നിദ്ധ്യത്തിൽ മങ്കൊമ്പിൽ ചതുർത്ഥ്യാകരി തോപ്പിൽ ചിറയിൽ ക്ഷേത്രം നിർമ്മിച്ചു പ്രതിഷ്ഠിച്ചത്.
ചതുർഥ്യാകരി പ്രദേശത്ത് നാട്ടുകാർ കൃഷിയിറക്കുമ്പോഴും കുട്ടികൾ പരീക്ഷയ്ക്കു പോകുമ്പോഴുമൊക്കെ പെരുമ്പറയനുമുന്നിൽ തിരിവെച്ചു പ്രാർഥിക്കുക പതിവാണ്. എല്ലാ കറുത്തവാവിനും ചൊവ്വ, വെള്ളി ദിവസങ്ങളിലും വെള്ളംകുടി എന്ന വഴിപാടും നേർച്ചയും നടത്തും. വിളക്കുകത്തിച്ചുവെച്ച് കള്ള്, അവൽ, ശർക്കര തുടങ്ങിയവ ഇലയിലാക്കി നേദിക്കുന്ന ചടങ്ങാണ് വെള്ളംകുടി. പെരുമ്പറയനു മാത്രമല്ല, പെരുമ്പറയന്റെ സുഹൃത്തുക്കളായ നാലുപേർക്കുകൂടി ഇല വെക്കണമെന്നതാണു പതിവ്.
