![]() |
| Courtesy |
ഭൂമിയുടെ യഥാർത്ഥ രൂപം മനുഷ്യനാൽ മനുഷ്യന് മുന്നിൽ നേരിട്ട് അനാവരണം ചെയ്ത 1968ലെ അപ്പോളോ-8 ചാന്ദ്രദൗത്യ സംഘാംഗവും വിഖ്യാതമായ എര്‍ത്ത്റൈസ് ഫോട്ടോ പകര്‍ത്തിയയാളുമായ വില്യം ആന്‍ഡേഴ്സ് വിമാനാപകടത്തില്‍ മരണപ്പെട്ടു. 90 വയസായിരുന്നു. അമേരിക്കന്‍ വ്യോമസേനയിലെ മുന്‍ മേജര്‍ ജനറല്‍ കൂടിയായ വില്യം സ്വയം പറത്തിയ ചെറുവിമാനം വാഷിംഗ്ടണിലെ ജുവാന്‍ ദ്വീപിനടുത്തുള്ള കടലില്‍ തകര്‍ന്നുവീഴുകയായിരുന്നു. വില്യം ആന്‍ഡേഴ്സിന്റെ മകനാണ് പിതാവിന്റെ മരണവിവരം ലോകത്തെ അറിയിച്ചത്.
അമേരിക്കന്‍ വ്യോമസേനയുടെ ഭാഗമായിരുന്ന വില്യം ആന്‍ഡേഴ്സ് നാസയുടെ 1968ലെ അപ്പോളോ-8 ദൗത്യത്തിന്റെ ഭാഗമായതോടെയാണ് ബഹിരാകാശ ഗവേഷണരംഗത്ത് ശ്രദ്ധിക്കപ്പെട്ടത്. വില്യം ആന്‍ഡേഴ്സിനൊപ്പം ഫ്രാങ്ക് ബോര്‍മാനും ജയിംസ് ലോവലും ചന്ദ്രനെ വലംവെച്ച ആദ്യ മനുഷ്യര്‍ എന്ന ചരിത്രം അന്ന് കുറിച്ചു. ഭൂമിയിലിറങ്ങാതെ 10 വട്ടമാണ് ഈ മൂവര്‍ സംഘം ചന്ദ്രനെ അതിന്റെ ഭ്രമണപഥത്തില്‍ വലംവെച്ചത്. മനുഷ്യനെ വഹിച്ചുകൊണ്ട് ഒരു വാഹനം ആദ്യമായി ഭൂമിയുടെ ഭ്രമണപഥത്തിനപ്പുറത്ത് എത്തുന്നത് അപ്പോളോ-8 ദൗത്യത്തിലൂടെയായിരുന്നു എന്ന സവിശേഷതയുമുണ്ട്.
![]() |
| ഇതാണ് ആ വിഖ്യാത ചിത്രം. Photo Courtesy |
ചന്ദ്രനെ 10 വട്ടം വലംവെച്ചുള്ള അപ്പോളോ-8ന്റെ പര്യടനത്തിനിടെയായിരുന്നു വിഖ്യാത ചിത്രം 'എര്‍ത്ത് റൈസ്' വില്യം ആൻഡേഴ്സ് പകര്‍ത്തിയത്. അപ്പോളോ 8 കമാന്‍ഡ് മൊഡ്യൂളും സര്‍വീസ് മൊഡ്യൂളും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനൊപ്പം പാരിസ്ഥിതിക താത്വിക സ്വാധീനം കണക്കിലെടുക്കുമ്പോള്‍ ബഹിരാകാശ പദ്ധതിയിലെ തന്റ ഏറ്റവും പ്രധാനപ്പെട്ട സംഭാവനയാണ് ഗ്രഹത്തില്‍ നീല നിഴല്‍ പതിയുന്ന ആ ചിത്രമെന്ന് വില്യം പലതവണ പറഞ്ഞിട്ടുണ്ട്.
'എര്‍ത്ത് റൈസ്' എന്ന പേരില്‍ പ്രശസ്തമായ ചിത്രത്തിന്റെ ഒറിജിനല്‍ പ്രിന്റ് 2022ല്‍ കോപ്പന്‍ഹേഗനില്‍ നടന്ന ലേലത്തില്‍ 11,800 യൂറോ (10,65,749 രൂപ)യ്ക്കാണ് വിറ്റുപോയത്. ലോകത്തെ മാറ്റിമറിച്ച നൂറ് ഫോട്ടോകളുടെ കൂട്ടത്തില്‍ വില്യം ആന്‍ഡേഴ്സിന്റെ 'എര്‍ത്ത് റൈസി'നെ ലൈഫ് മാഗസിന് അടയാളപ്പെടുത്തിയിരുന്നു
യുഎസ് വ്യോമസേനയുടെ ഭാഗമായിരുന്ന വില്യം ആന്‍ഡേഴ്സ് നാസയുടെ 1968ലെ അപ്പോളോ-8 ദൗത്യത്തിന്റെ ഭാഗമായതോടെയാണ് ബഹിരാകാശ ഗവേഷണരംഗത്ത് ശ്രദ്ധിക്കപ്പെട്ടത്.അപ്പോളോ 8 ദൗത്യം അപകടരഹിതമാണെന്ന് താന്‍ കരുതുന്നില്ലെന്നും എന്നാല്‍ മുന്നോട്ടുപോകുന്നതിന് ദേശീയ, ദേശസ്നേഹ, പര്യവേക്ഷണ കാരണങ്ങളുണ്ടെന്ന് 1997-ല്‍ നാസയുടെ ചരിത്രപ്രധാനമായ അഭിമുഖത്തില്‍ വില്യം പറഞ്ഞിരുന്നു. ദൗത്യം പരാജയപ്പെടാനും ആരംഭിക്കാതിരിക്കാനുമുള്ള സാധ്യതയും ക്രൂ അംഗങ്ങള്‍ തിരിച്ചുവരാതിരിക്കാനുള്ള മൂന്നിലൊന്ന് സാധ്യതയും അദ്ദേഹം കണക്കാക്കിയിരുന്നു. ക്രിസ്റ്റഫര്‍ കൊളംബസ് കപ്പലിൽ ലോകം ചുറ്റാനിറങ്ങിയതും ഇതേ മോശം സാധ്യതകളോടെയായിരിക്കുമെന്നും വില്യം പറഞ്ഞു.
ചന്ദ്രനെ രണ്ടോ മൂന്നോ തവണ പേടകത്തിൽ വലംവെച്ചശേഷമാണ് വില്യം ആൻഡേഴ്സും സംഘവും ഫോട്ടോ ചിത്രീകരിക്കാൻ തുടങ്ങിയത്. ''ഞങ്ങള്‍ പുറകോട്ടും തല കീഴായും പോകുകയായിരുന്നു. സൂര്യനെയോ ഭൂമിയെയോ കണ്ടില്ല, ചുറ്റിക്കറങ്ങി തിരിച്ചെത്തിയപ്പോള്‍ ആദ്യത്തെ എര്‍ത്ത് റൈസ് കണ്ടു,'' വില്യം പറഞ്ഞു. ഭ്രമണപഥം കാണാന്‍ അലങ്കരിച്ച ക്രിസ്മസ് ട്രീ പോലെയായിരുന്നെന്നും എന്നാല്‍ ചാന്ദ്രപ്രകൃതി ഇതില്‍നിന്ന് തികച്ചും വൈരുധ്യം നിറഞ്ഞതാണെന്നും വില്യം പറഞ്ഞിരുന്നു.
1933ല്‍ ഹോങ്കോങില്‍ ജനിച്ച വില്യം ആന്‍ഡേഴ്സ് യുഎസ് നേവല്‍ അക്കാഡമിയില്‍നിന്ന് ബിരുദം നേടിയ ശേഷം ന്യൂക്ലിയര്‍ എൻജിനീയറിങ്ങില്‍ ബിരുദാനന്തര ബിരുദം നേടി. അമേരിക്കന്‍ എയര്‍ ഫോഴ്സില്‍ ഫൈറ്റര്‍ പൈലറ്റായിരുന്ന അദേഹം മേജര്‍ ജനറലായി ഉയർന്നു. ഇതിനിടെയാണ് നാസയുടെ ഭാഗമാവുകയും അപ്പോളോ-8ലെ സഞ്ചാരികളില്‍ ഒരാളാവുകയും ചെയ്തത്. യുഎസിലെ ന്യൂക്ലിയര്‍ റഗുലേറ്ററി കമ്മിഷന് ചെയര്മാന്, നോര്‍വെയിലെ അമേരിക്കന്‍ അംബാസഡര്‍ തുടങ്ങി നിരവധി പദവികള്‍ വഹിച്ചിട്ടുണ്ട്.
.

