അമേരിക്കന്‍ മുന്‍ പ്രസിഡന്റും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയുമായ ഡോണാള്‍ഡ് ട്രംപിന് നേരെ വെടിയുതിര്‍ത്തത് ഇരുപതുകാരന്. ട്രംപിന്റെ പാർട്ടിയായ റിപ്പബ്ലിക്കൻ അംഗമായ ബെതല്‍ പാര്‍ക്കില്‍ നിന്നുള്ള തോമസ് മാത്യു ക്രൂക്ക്സ് എന്ന യുവാവാണ് വെടിവച്ചത് എന്നാണ് സീക്രട്ട് സെര്‍വീസിന്റെ പ്രാഥമിക വിലയിരുത്തല്‍. ഏറ്റുമുട്ടലില്‍ ഇയാള്‍ കൊല്ലപ്പെട്ടു. വധശ്രമത്തിന് പിന്നിലെ കാരണം വ്യക്തമായിട്ടില്ല. എന്നാൽ, താൻ ട്രംപിനും റിപ്പബ്ലിക്കൻസിനും എതിരാണെന്ന് പ്രഖ്യാപിക്കുന്ന തോമസ് മാത്യുവിന്റെ വീഡിയോ സോഷ്യല്‍ മീഡയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാൽ ഈ യുവാവിന് ക്രിമിനൽ പശ്ചാത്തലങ്ങൾ ഒന്നും തന്നെ ഇല്ല.
തിരഞ്ഞെടുപ്പ് പ്രചാണത്തിന് ഒരുക്കിയിരുന്ന വേദിക്ക് സമീപത്തുള്ള മാനുഫാക്ചറിങ് പ്ലാന്റിന് മുകളില്‍ നിന്നാണ് ഇയാള്‍ വെടിയുതിര്‍ത്ത് എന്നാണ് വിവരം. സ്റ്റേജിന്റെ 200 അടി അകലത്തിലാണ് ഈ കെട്ടിടം. ഇയാളുടെ പക്കല്‍ നിന്ന് ഒരു എ-ആര് സ്റ്റൈല്‍ റൈഫിള്‍ പിടിച്ചെടുത്തിട്ടുണ്ട്. റാലി നടന്ന സ്ഥലത്ത് നിന്ന് 64 കിലോമീറ്റര്‍ മാറിയാണ് ബെതല്‍ പാര്‍ക്കെന്ന സ്ഥലം. ഇയാള്‍ മാത്രമാണോ കൃത്യം ആസൂത്രണം ചെയ്തതെന്ന് ഇപ്പോള്‍ വ്യക്തമാക്കാന്‍ സാധിക്കില്ലെന്നാണ് എഫ്ബിഐ പറയുന്നത്. അതേസമയം ട്രംപ് ആശുപത്രി വിട്ടു.
അതേസമയം ഡോണൾഡ് ട്രംപിന് നേരെയുണ്ടായ വെടിവയ്പ് വധശ്രമക്കുറ്റമായി കണക്കാക്കി അന്വേഷണം നടത്തുമെന്നാണ് യുഎസ് അറിയിച്ചത്. യുഎസ് ആഭ്യന്തര സുരക്ഷാ വിഭാഗവും ഫെഡറൽ ഏജൻസിയായ യുഎസ് സീക്രട്ട് സർവീസും ചേർന്നാണ് അന്വേഷണം നടത്തുക.