നൂറുവർഷം മുൻപ് നാടിനെ ഞെട്ടിച്ച ആദ്യ വെള്ളപ്പൊക്കം ഭാരതപ്പുഴയിലേക്കെത്തിയപ്പോഴും തിരുകൊച്ചിയെയും മലബാറിനെയും ബന്ധിപ്പിച്ചിരുന്ന കൊച്ചിന്‍പാലം തലകുനിച്ചില്ല. 1902-ല്‍ പാലം നിര്‍മിക്കുമ്പോള്‍, വെള്ളം കയറാനുള്ള സാധ്യത നിര്‍മാതാക്കള്‍ മുന്നില്‍ക്കണ്ടിരുന്നു. നല്ല ഉയരമുണ്ടായിരുന്നതിനാല്‍, 1924-ലെ (കൊല്ലവർഷം 1099) പ്രളയത്തിലും പാലത്തില്‍ വെള്ളം കയറിയില്ല. എന്നാല്‍, അന്ന് പാലത്തിന്റെ എത്ര ഉയരംവരെ വെള്ളം കയറിയിരുന്നെന്ന് ചരിത്രകാരര്‍ക്ക് വ്യക്തതയില്ല. പിന്നീട് 2018-ലും 2019-ലും വെള്ളപ്പൊക്കമുണ്ടായപ്പോള്‍ ഇടിഞ്ഞുവീണ ഭാഗത്തുമാത്രമാണ് വെള്ളം കയറിയത്.
കൊച്ചിയെയും ഷൊര്‍ണൂരിനെയും ബന്ധിപ്പിക്കുകയെന്ന ലക്ഷ്യമിട്ട് 122 വര്ഷംമുന്പാണ് കൊച്ചിന്‍പാലം നിര്‍മിച്ചത്. കൊച്ചി മഹാരാജാവായിരുന്ന രാമവര്‍മയാണ് അന്ന് ഭാരതപ്പുഴയ്ക്ക് കുറുകെയൊരു പാലം എന്ന, അസാധ്യം എന്നുകരുതിയിരുന്ന പാലം യാഥാര്‍ഥ്യമാക്കിയത്. തൃപ്പൂണിത്തുറ ശ്രീപൂര്ണത്രയീശക്ഷേത്രത്തിലെ സ്വര്‍ണത്തില്‍ത്തീര്‍ത്ത 14 നെറ്റിപ്പട്ടങ്ങള്‍ ഉള്‍പ്പെടെ ഉപയോഗിച്ചാണ് നിര്‍മാണത്തിനുള്ള 84 ലക്ഷം രൂപ കണ്ടെത്തിയതെന്നാണ് ചരിത്രകാരര്‍ പറയുന്നത്.
1902 ജൂണ്‍ രണ്ടിന് ആദ്യ ചരക്കുവണ്ടി പാലത്തിലൂടെ കടന്നുപോയി. ജൂണ്‍ 16-ന് യാത്രാവണ്ടിയും സഞ്ചരിച്ചു. സ്വാമി വിവേകാനന്ദന്റെ കേരളപര്യടനമുള്പ്പെടെയുള്ള യാത്രകളും പാലത്തിലൂടെയായിരുന്നു. പിന്നീട് ഒരുനൂറ്റാണ്ടിലേറെ മോട്ടോര്‍വാഹനങ്ങളും തീവണ്ടികളും സഞ്ചരിച്ച മലബാറിന്റെ കവാടമെന്നു പറയാവുന്ന കൊച്ചിന്‍പാലം 2011 നവംബര്‍ ഒന്നിനാണ് തകര്‍ന്നുവീണത്. 2022-ല്‍ ഒരുഭാഗംകൂടി തകര്‍ന്നുവീണു. 15 സ്പാനുകളിലായി 300 മീറ്റര്‍ നീളത്തില്‍ പാലം പൊളിച്ചുനീക്കാന്‍ ശ്രമം നടന്നെങ്കിലും പുരാവസ്തുവകുപ്പും നാട്ടുകാരും എതിര്‍ത്തു
ആദ്യ മോണോറെയിൽ ഒലിച്ചു പോയതിന് ഒരു നൂറ്റാണ്ട്
ഇന്ത്യയിലെ ആദ്യ മോണോറെയിലായിരുന്നു ബ്രിട്ടീഷുകാര്‍ സ്ഥാപിച്ച മൂന്നാറിലെ കുണ്ടള വാലി റെയില്‍വേ. ട്രെയിന്‍ സര്‍വീസ് ഉള്‍പ്പെടെയുള്ള ആധുനികസൗകര്യങ്ങള്‍ അക്കാലത്ത് മൂന്നാറിന് മാത്രം സ്വന്തമായിരുന്നു. എന്നാല്‍, മഹാപ്രളയത്തില്‍ സ്റ്റേഷനുകളും പാളങ്ങളുമുള്പ്പെടെ സകലതും ഒലിച്ചുപോയി. ആരാധനാലയങ്ങളും വന്‍കെട്ടിടങ്ങളും തകര്‍ന്നടിഞ്ഞു. ഒരിക്കലും പുനര്നിര്മിക്കാനാവാത്തവിധം മൂന്നാറിലെ ട്രെയിന്‍ സര്‍വീസ് ഓര്‍മയായി മാറി.
1902-ലാണ് ബ്രിട്ടീഷുകാര്‍ മൂന്നാറില്‍ ട്രെയിന്‍ സര്‍വീസ് തുടങ്ങിയത്. തമിഴ്നാട്ടിലേക്ക് തേയില കൊണ്ടുപോകുന്നതിനായി ആദ്യം മോണോറെയിലാണ് സ്ഥാപിച്ചിത്. പിന്നീട് 1908-ല്‍ നാരോഗേജായി ഉയര്‍ത്തി. മൂന്നാറില്‍ നിന്ന് തേയില ട്രെയിന്‍ മാര്‍ഗ്ഗം ടോപ്സ്റ്റേഷനില്‍ എത്തിച്ച് അവിടെനിന്ന് റോപ് വേ വഴി തമിഴ്നാട്ടിലെ ബോഡിനായ്ക്കന്നൂരില്‍ എത്തിക്കുകയായിരുന്നു.
1924 ജൂലൈ 17-ന് ഉണ്ടായ മഴയിലും മലയിടിച്ചിലും തീവണ്ടിപാത തകര്‍ന്നു. മൂന്നാറിനും മാട്ടുപ്പട്ടിക്കും ഇടയിലുണ്ടായിരുന്ന പാത പൂര്‍ണമായി ഒലിച്ചുപോയി. മഹാപ്രളയം മൂന്നാറിന്റെ ചരിത്രത്തെ രണ്ടായി വേര്‍തിരിച്ചു. ആധുനികനിലവാരത്തില്‍ ബ്രിട്ടീഷുകാര്‍ നിര്‍മിച്ച പട്ടണം ഓര്‍മയായി മാറി. പ്രളയത്തില്‍ പൂര്‍ണമായി തകരുന്നത് വരെ ബ്രിട്ടീഷുകാര്‍ മൂന്നാറില്‍ ട്രെയിന്‍ സര്‍വീസ് നടത്തിയിരുന്നു.
1877-ല്‍ കണ്ണന് ദേവന് മല ജോണ്‍ മണ്ട്രോ പാട്ടത്തിനെടുത്ത കാലം മുതലണ് മൂന്നാറിന്റെ ചരിത്രം ആരംഭിക്കുന്നത്. 1894-ല്‍ തേയിലത്തോട്ടം ഫിന്‍ലെ കമ്പനിയുടെ ഉടമസ്ഥതയിലേക്ക് മാറുന്നതോടെയാണ് മൂന്നാറിന്റെ വികസനമാരംഭിച്ചത്. എന്നാല്‍ 1924-ലെ മഹാപ്രളയം മൂന്നാറിനെ തകര്‍ത്തെറിഞ്ഞു. ബ്രിട്ടീഷ് ഭരണകാലത്ത് പട്ടണമായിരുന്ന മൂന്നാര്‍ ശ്മശാനഭൂമിയായി മാറി. ഇന്നത്തെ ആധുനിക പട്ടണങ്ങളോട് കിടപിടിക്കുന്ന സൗകര്യങ്ങളെല്ലാം ഓര്‍മ്മയായി.
പിന്നീട് കണ്ണന് ദേവന് കമ്പനിയുടെ കഠിനപ്രയത്നമാണ് മൂന്നാറിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിന് കാരണമായത്. കമ്പനിയുടെ മാട്ടുപ്പട്ടിയിലെ ആസ്ഥാനം മൂന്നാറിലേക്ക് മാറ്റിയ കമ്പനി ടൗണ്‍ പുനര്‍നിര്‍മിച്ചു. തകര്‍ന്ന റെയില്‍വേയ്ക്ക് പകരമായി ലോറി സര്‍വീസ് തുടങ്ങി. പിന്നീട് ചരക്കുനീക്കത്തിനായി റോപ്പ് വേ സംവിധാനവും സ്ഥാപിച്ചു. യന്ത്രസാമഗ്രികള്‍ ഇറക്കുമതിചെയ്ത് പുതിയ തേയില ഫാക്ടറികള്‍ സ്ഥാപിച്ചു. 1926-ല്‍ മുന്നാര്‍ തേയില ഫാക്ടറി കെട്ടിടത്തില്‍ ഇംഗ്ലീഷ് സ്കൂള്‍ സ്ഥാപിച്ചു.
1918-ല്‍ സ്ഥാപിച്ച ആംഗ്ലോ തമിഴ് സ്കൂള്‍ പ്രളയത്തില്‍ തകര്‍ന്നെങ്കിലും പിന്നീട് പുനര്‍നിര്‍മിച്ചു. സ്കൂള്‍ പിന്നീട് സര്‍ക്കാര്‍ ഏറ്റെടുത്തു. 1947-ല്‍ രാജ്യത്തെ ആദ്യ ആര്‍ച്ച് ഡാം കുണ്ടളയില്‍ നിലവില്‍വന്നു. പിന്നീട് മാട്ടുപ്പട്ടി ഡാമും പണിതു. കാലം മാറിയതോടെ വിനോദസഞ്ചാരമേഖലയില്‍ മൂന്നാര്‍ മുന്നേറി. സ്വദേശികളും വിദേശികളുമായി സഞ്ചാരികള്‍ വന്നെത്തിയതോടെ നാട് പുരോഗതിയി ലേക്ക് നീങ്ങി. പിന്നീട് 99-ലെ വെള്ളപ്പൊക്കത്തിന് സമാനമായി 2018-ല്‍ മഹാപ്രളയവുമുണ്ടായി.