നിരന്തരമുണ്ടാകുന്ന കാലാവസ്ഥാമാറ്റങ്ങൾ കാരണം ഭൂമിയുടെ അച്ചുതണ്ടിനും അതിനെ ആസ്പദമാക്കിയുള്ള ഭ്രമണത്തിലും മാറ്റങ്ങളുണ്ടായിക്കൊണ്ടിരിക്കുകയാണെന്ന് പഠനങ്ങൾ. ധ്രുവപ്രദേശങ്ങളിലെ ഹിമപാളികൾ വലിയതോതിൽ ഉരുകുകയും ഭൂമധ്യരേഖയിലേക്കു കൂടുതലായി ജലം ഒഴുകിയെത്തുകയും ചെയ്യുന്നതിന്റെ ഫലമായി ഭൂമിയുടെ ഭ്രമണത്തിന്റെ വേഗത കുറഞ്ഞുവരികയും ദിവസങ്ങൾക്ക് ദൈർഘ്യമേറുകയും ചെയ്യുന്നു. സ്വിറ്റ്സർലാൻഡിലെ സൂറിച്ചിലുള്ള ഇടിഎച്ച് സർവകലാശാലയിലെ ഗവേഷകരുടേതാണ് കണ്ടെത്തൽ.
ഭൂമിയുടെ അച്ചുതണ്ടിന്മേലുള്ള ഭാരത്തിന്റെ വിന്യാസത്തിനു വ്യത്യാസം വരുന്നതുമൂലം ജഡത്വം വർധിക്കുന്നതിനാലാണ് ഭ്രമണവേഗത കുറയുന്നത്. ചൂടിന്റെ കാഠിന്യം കാരണം ധ്രുവപ്രദേശങ്ങളിലെ മഞ്ഞുപാളികൾ ഉരുകുന്നതിനാലാണ് ഭാരവിന്യാസത്തിനു കാര്യമായ വ്യത്യാസമുണ്ടാകുന്നത്. മഞ്ഞ് പാളികൾ ഉരുകി വരുന്ന വെള്ളം ഭൂമധ്യരേഖയിലേക്ക് കേന്ദ്രീകരിക്കുമ്പോൾ ജഡത്വം വർദ്ധിക്കുന്നു ഇതാണ് കാരണം.ഇടിഎച്ച് സൂറിച്ച് സർവകലാശാലയിൽ (Eidgenössische Technische Hochschule Zürich) നിന്നുള്ള പുതിയ ഗവേഷണത്തിലാണ് ഇക്കാര്യം പറയുന്നത്. കാലാവസ്ഥാ വ്യതിയാനം കാരണം ഭൂമിയുടെ ധ്രുവ പ്രദേശങ്ങളിലെ മഞ്ഞ് ഉരുകുകയും ജലം ഭൂമധ്യരേഖയിലേക്ക് ഒഴുകുകയും ചെയ്യുന്നത് ഭൂമിയുടെ പിണ്ഡത്തിൻ്റെ വിതരണത്തിൽ മാറ്റം വരുത്തുകയും അച്ചുതണ്ടിന്റെ ജഡത്വം വര്ധിപ്പിക്കുകയും ഭ്രമണത്തെ മന്ദഗതിയിലാക്കുകയും ചെയ്യുന്നുവെന്നാണ് പറയുന്നു. നേച്ചർ ജിയോസയൻസിലും പിഎൻഎഎസിലും പഠനം പ്രസിദ്ധീകരിച്ചു.
ഫിഗർ സ്കേറ്റർ മഞ്ഞിൽ അതിവേഗം കറങ്ങുന്ന സമയത്ത് കൈകൾ നീട്ടുന്നതിന് സമാനമാണ് ഈ പ്രതിഭാസമെന്ന് പഠനത്തിന് നേതൃത്വം നൽകി പ്രൊഫസർ ബെനഡിക്റ്റ് സോജ അഭിപ്രായപ്പെട്ടു. ഭൂമിയുടെ പിണ്ഡം അച്ചുതണ്ടിൽ നിന്ന് അകന്നുപോകുമ്പോൾ, ജഡത്വം വർധിക്കുകയും ഭ്രമണം മന്ദഗതിയിലാക്കുകയും ചെയ്യുന്നുവെന്നും പറയുന്നു. ചന്ദ്രൻ്റെ വേലിയേറ്റ ഘർഷണമാണ് ഭൂമിയുടെ ദിവസങ്ങൾ നീണ്ടുനിൽക്കുന്ന പ്രധാന ഘടകമെങ്കിലും ആഗോളതാപനം മൂലമുണ്ടാകുന്ന ഹരിതഗൃഹ വാതക ഉദ്വമനം തടസ്സമില്ലാതെ തുടരുകയാണെങ്കിൽ ഭൂമിയുടെ ഭ്രമണത്തെ വലിയ രീതിയിൽ സ്വാധീനിക്കുമെന്നും ഗവേഷകർ കണ്ടെത്തി.
നിർമിത ബുദ്ധി സംയോജിപ്പിച്ച്, ഭൂമിയുടെ കോർ, ആവരണം, ഉപരിതലം എന്നിവയിലെ പ്രക്രിയകൾ അച്ചുതണ്ടിനെ ചലിപ്പിക്കുന്നതിന് എങ്ങനെ സ്വാധീനിക്കുന്നുവെന്നും ഗവേഷകർ വിവരിച്ചു. കാലാവസ്ഥാ വ്യതിയാനം ഭൂമിയുടെ ചലനത്തെ വിവിധ തരത്തിൽ ബാധിച്ചേക്കാമെന്ന് കണ്ടെത്തലുകൾ സൂചിപ്പിക്കുന്നു. ഭൂമിയുടെ കറക്കത്തിലുണ്ടാകുന്ന നേരിയ വ്യതിയാനം ദൈനംദിന ജീവിതത്തിലുണ്ടാക്കുന്ന മാറ്റങ്ങൾ വളരെ ചെറുതാണെങ്കിലും ബഹിരാകാശ നാവിഗേഷനിൽ സുപ്രധാനമായ പ്രത്യാഘാതങ്ങളുണ്ടായേക്കാമെന്നും ഗവേഷകർ പറയുന്നു.
.1900 മുതൽ നിരീക്ഷിക്കപ്പെടുന്ന ധ്രുവങ്ങളുടെ ചലനത്തിൻ്റെ കാരണങ്ങൾക്കു പൂർണമായ വിശദീകരണം നൽകാൻ ഈ കണ്ടെത്തലുകൾക്ക് കഴിയുമെന്നാണ് ഗവേഷകർ അഭിപ്രായപ്പെടുന്നത്. ദൈനംദിന ജീവിതത്തിൽ ഇത്തരത്തിലുള്ള മാറ്റങ്ങൾക്കു വലിയ പ്രസക്തിയില്ലെന്നു തോന്നാമെങ്കിലും ബഹിരാകാശ ഗവേഷണത്തിൽ ഇതിന്റെ സ്വാധീനം വളരെ വലുതാണ്.
ഭൂമിയുടെ ഭ്രമണത്തിലെ ചെറിയ വ്യതിയാനങ്ങൾ പോലും ഭൂമിക്ക് പുറത്തുള്ളവയുമായുള്ള ദൂരം കണക്കാക്കുന്നതിൽ വലിയ തെറ്റുകൾ വരുത്താനിടവരും. മറ്റ് ഗ്രഹങ്ങളിലേക്ക് കൃത്യമായി എത്തിച്ചേരുന്നതിനു പോലും ഇത്തരത്തിൽ ഭൂമിക്കുണ്ടാകുന്ന ചെറിയ മാറ്റങ്ങൾ കൃത്യമായി കണക്കിലെടുത്തുകൊണ്ടുള്ള കണക്കുകൂട്ടലുകൾ നിർണായകമാണ്.
മനുഷ്യന്റെ പ്രവൃത്തികൾ നമ്മുടെ ഗ്രഹത്തിന്റെ അടിസ്ഥാന ഘടനയെ പോലും ഏതളവിൽ ബാധിക്കുന്നുവെന്നതിലേക്കാണ് ഇത്തരത്തിലുള്ള ഗവേഷണങ്ങൾ വിരൽ ചൂണ്ടുന്നത്.