വേദശാസ്ത്ര പണ്ഡിതനും കോട്ടയം ഓർത്തഡോക്സ് തിയോളജിക്കല്‍ സെമിനാരി മുൻ പ്രിൻസിപ്പലുമായ ഫാ.ഡോ.ടി.ജെ. ജോഷ്വ (95) അന്തരിച്ചു. എഴുത്തുകാരൻ, പ്രഭാഷകൻ, ദൈവശാസ്ത്ര ചിന്തകൻ എന്നീ നിലകളിലും പ്രശസ്തനായ അദ്ദേഹം തുടർച്ചയായി മൂന്നു പതിറ്റാണ്ടിലേറെ ഒരു പ്രമുഖ പത്രത്തിലെ ഞായറാഴ്ചയിൽ ‘ഇന്നത്തെ ചിന്താവിഷയം’ എന്ന പംക്തി എഴുതിയിരുന്നു. മലങ്കര സഭ ‘ഗുരുരത്നം’ ബഹുമതി നൽകി ആദരിച്ചിട്ടുണ്ട്. അറുപതിലേറെ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പത്തനംതിട്ട ജില്ലയിലെ കോന്നി കൊന്നപ്പാറ തെക്കിനേടത്ത് വീട്ടിൽ ടി.വി.ജോണിന്റെയും റാഹേലിന്റെയും മകനായി 1929 ലാണ് ജനനം. കോട്ടയം സിഎംഎസ് കോളജില്‍നിന്ന് ഇന്റർമീഡിയറ്റും ആലുവ യുസി കോളജിൽ നിന്ന് ബിഎയും കൊൽക്കത്ത ബിഷപ്സ് കോളജിൽനിന്ന് ബിഡിയും നേടിയ ശേഷം അമേരിക്കയിലെ യൂണിയൻ തിയോളജിക്കൽ സെമിനാരിയിൽനിന്ന് എസ്ടിഎം ബിരുദം കരസ്ഥമാക്കി. ജറുസലമിലെ എക്യുമെനിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ഗവേഷണം നടത്തി. 1947 ൽ ശെമ്മാശപ്പട്ടം ലഭിച്ചു. 1956 ൽ വൈദികനായി. 1954 മുതൽ കോട്ടയം ഓര്‍ത്തഡോക്സ് തിയോളജിക്കല്‍ സെമിനാരിയില്‍ അധ്യാപകനായി. കാതോലിക്കാ ബാവ ഉൾപ്പെടെയുള്ള മെത്രാന്മാരുടെയും വൈദികരുടെയും ഗുരുവാണ്.
വിശുദ്ധനാട്ടിൽ, പ്രകാശത്തിലേക്ക്, ക്രിസ്തുവിലുള്ള സ്വാതന്ത്ര്യം, വിശുദ്ധ െഎറേനിയോസ്, അനുദിന ധ്യാനചിന്തക, ഒാര്‍മകളുടെ ചെപ്പ്, 101 സ്വാന്തന ചിന്തകൾ, 101 അമൂല്യ ചിന്തകൾ, 101 പ്രബോധന ചിന്തകൾ, ബൈബിളിലെ കുടുംബങ്ങൾ, സങ്കീർത്തന ധ്യാനം തുടങ്ങിയവയാണ് പ്രധാന കൃതികൾ. ഭാര്യ പരേതയായ മറിയാമ്മ (ആരോഗ്യവകുപ്പ് മുൻ ഡയറക്ടർ). മക്കൾ ഡോ. റോയി, ഡോ. രേണു.
