![]() |
| Courtesy |
കവചവാലന്‍ പാമ്പുകളുടെ ജനുസ്സില്പെട്ട (Uropletis) പുതിയ സ്പീഷീസിനെ പശ്ചിമഘട്ടത്തില്‍നിന്ന് ഗവേഷകര്‍ കണ്ടെത്തി. Uropletis caudomaculata എന്നാണ് ശാസ്ത്രീയ നാമം. ഇംഗ്ളീഷില്‍ ടെയില്സ്പോട്ട് ഷീല്‍ഡ് ടെയില്‍ (Tailspot Shield tail) എന്നാണ് പേര്. വാലറ്റത്തെ മഞ്ഞപ്പുള്ളികളാണ് രണ്ട് പേരിനും ആധാരം.ഇഷ്ടഭക്ഷണം മണ്ണിരയും ചെറുപാമ്പുകളും. വാലറ്റത്ത് മഞ്ഞപ്പൊട്ടുകള്‍. ഇത്തിരിക്കുഞ്ഞന് പാമ്പിന് പേര് മഞ്ഞപ്പൊട്ടുവാലന്‍.
വിഷമില്ലാത്ത, പൊതുവേ മണ്ണിനടിയില്‍ വസിക്കുന്ന കവചവാലന്‍ പാമ്പുകള്‍ മഴക്കാലത്തു മാത്രമേ ഇര തേടി പുറത്തെത്താറുള്ളൂ. അതിനാല്‍ ഇവയെ കണ്ടുകിട്ടുക അപൂര്‍വം. വിരലുകളുടെ വണ്ണവും പരമാവധി 37 സെന്റീമീറ്റര്‍ നീളവുമാണ് ഈ പാമ്പുകള്‍ക്ക് കണ്ടുവരുന്നത്. രൂപശാസ്ത്ര-ജനിതക പഠനങ്ങളിലൂടെയാണ് ഗവേഷക സംഘം പുതിയ ഇനത്തെ തിരിച്ചറിഞ്ഞത്. കവചപാലന് ഇനത്തില്‍പ്പെട്ട 27 പാമ്പുകളെയാണ് ഇതുവരെ കണ്ടെത്തിയിട്ടുള്ളത്. അവയെല്ലാം ജൈവവൈവിധ്യ കലവറയായ പശ്ചിമഘട്ടത്തില്‍ നിന്നുതന്നെയാണ് കണ്ടെത്തപ്പെട്ടിട്ടുള്ളത്.
ഇതോടെ, ലോകത്ത് 410, ഇന്ത്യയില്‍ 349, കേരളത്തില്‍ 128 ഇനവും പാമ്പുകളായി. ന്യൂസിലാന്‍ഡ് ആസ്ഥാനമായുള്ള മഗ്നോളിയ പ്രസ്സിന്റെ സൂട്ടാക്സ ജേര്‍ണലില്‍ പഠനം പ്രസിദ്ധീകരിച്ചു. 1955-ല്‍ മേഘമലയില്‍നിന്ന് ബ്രിട്ടീഷ് ശാസ്ത്രജ്ഞനായ അങ്കസ് എഫ്. ഹട്ടണ് ശേഖരിച്ച് ലണ്ടനിലെ നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയത്തില്‍ എത്തിച്ച സ്പെസിമനില്‍ നിന്നാണ് ഡോ. ഡേവിഡ് ഇതൊരു പുതിയ ഇനമാണെന്ന് തിരിച്ചറിയുന്നതും പഠനം ആരംഭിക്കുന്നതും.
.പശ്ചിമഘട്ടത്തിലെ ആകാശദ്വീപുകളെ (ചോല വനങ്ങളും പുല്‍മേടുകളും അടങ്ങുന്ന ആവാസവ്യവസ്ഥ) കേന്ദ്രീകരിച്ച് നാഷണല്‍ ജിയോഗ്രാഫിക്കിന്റെ സഹായത്തോടെ ഡോ. ദീപക്കിന്റെ നേതൃത്വത്തില്‍ മേഘമലയില്‍ നടന്ന പഠനത്തിനിടയിലാണ് വണ്ടി കയറിയ നിലയില്‍ ആദ്യമായി കണ്ടെത്തുന്നത്. 2017-ല്‍ വനം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ പെരിയാര്‍ കടുവ സങ്കേതത്തില്‍ ഡോ. സന്ദീപിന്റെ നേതൃത്വത്തില്‍ നടന്ന ഉഭയ-ഉരഗ ജീവി സര്‍വേയില്‍ മേഘമലയിലെ കേരളത്തിന്റെ ഭാഗങ്ങളില്‍ നിന്ന് സംഘം പാമ്പിനെ കാണുകയും ഫോട്ടോ എടുക്കുകയും ചെയ്തിരുന്നു.
എന്നാല്‍ വിശദമായ പഠനത്തിനാവശ്യമായ അനുമതി ഇല്ലാത്തതിനാല്‍ സംഘത്തിന് 2022 ജൂലൈ വരെ കാത്തിരിക്കേണ്ടി വന്നു. 2022, 2023 വര്‍ഷങ്ങളിലെ മഴക്കാലത്താണ് പഠനത്തിനാവശ്യമായ കൂടുതല്‍ വിവരങ്ങള്‍ മൂന്നാര്‍ യെല്ലപെട്ടി മേഖലയില്‍നിന്ന് ലഭിച്ചത്.
ബ്രിട്ടീഷ് ശാസ്ത്രജ്ഞന് ഡോ. ഡേവിഡ് ഗോര്‍, കലിക്കറ്റ് സര്‍വകലാശാല ജന്തുശാസ്ത്രവിഭാഗം പോസ്റ്റ് ഡോക്ടറല്‍ ഫെല്ലോ ഡോ. സന്ദീപ് ദാസ്, ന്യൂകാസില്‍ സര്‍വകലാശാല ഗവേഷകന് ഡോ. വി. ദീപക്, വൈല്‍ഡ് ലൈഫ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകന് ജേസണ്‍ ജെറാര്‍ഡ്, ബെംഗളൂരു അശോക ട്രസ്റ്റ് ഫോര്‍ റിസര്‍ച് ഇന്‍ ഇക്കോളജി ആന്‍ഡ് എന്‍വയോണ്‍മെന്റിലെ ഗവേഷകന് സൂര്യനാരായണന് എന്നിവരാണ് പഠനത്തിനു പിന്നില്‍.
.
