കൂറ്റൻ തിമിംഗലത്തിന്റെ ആക്രമണത്തില്‍ തലകീഴായി മറിഞ്ഞ ബോട്ടില്‍നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ട് യാത്രികര്‍. യു.എസിലെ റേ ടൗണിനടുത്തുള്ള ന്യൂ ഹാംപ്ഷറിലെ പോര്‍ട്സ്മൗത്ത് ഹാര്‍ബറില്‍ മീന്‍പിടിത്തത്തില്‍ ഏര്‍പ്പെട്ടിരുന്നവരാണ് അപകടത്തില്‍പെട്ടത്. തൊട്ടടുത്ത് മീന്‍ പിടിച്ചുകൊണ്ടിരുന്നയാള് എടുത്ത, ബോട്ടിനെ ആക്രമിക്കുന്ന തിമിംഗലത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാണ്. ദൃശ്യം അസ്വസ്ഥത ഉണ്ടാക്കുന്നതാണെങ്കിലും അപകടത്തില്‍പെട്ടവര്‍ക്കും തിമിംഗലത്തിനും പരിക്കുകളില്ലെന്ന് യു.എസ്. കോസ്റ്റ്ഗാര്‍ഡ് അറിയിച്ചു.
ചൊവ്വാഴ്ച രാവിലെ സഹോദരനൊപ്പം മീന്പിടിച്ചുകൊണ്ടിരിക്കുന്നതിനിടെ തിമിംഗലം പലതവണ വെള്ളത്തില്‍നിന്നും പൊങ്ങിവരുന്നത് കണ്ടിരുന്നതായി വീഡിയോ എടുത്ത കോളിന് യാഗര്‍ പറയുന്നു. പതിനാറുകാരനായ കോളിന്റെയും പത്തൊമ്പതുകാരനായ വയാട്ടിന്റെയും ആദ്യത്തെ മീന്‍പിടുത്ത ദിവസമായിരുന്നു അത്. അതുകൊണ്ടുതന്നെ തിമിംഗലത്തെ അടുത്ത് കണ്ടതിന്റെ ആവേശത്തിലും ആശങ്കയിലുമായിരുന്നു കോളിന്.
ഉടന്‍തന്നെ തിമിംഗലത്തെക്കുറിച്ച് സഹോദരന് യാഗറിനോട് പറയുകയും ഫോണില്‍ വീഡിയോ എടുക്കാന്‍ തുടങ്ങുകയും ചെയ്തു കോളിന്. പെട്ടെന്നാണ് തിമിംഗലം തൊട്ടടുത്ത് മീന്‍പിടിക്കുകയായിരുന്ന ബോട്ടിന് സമീപത്ത് പൊങ്ങുകയും അതിന് മുകളിലേക്ക് മറിയുകയും ചെയ്തത്. പെട്ടെന്നുണ്ടായ ആഘാതത്തില്‍ ബോട്ട് തലകീഴായി മറിഞ്ഞു. ബോട്ടില്‍ രണ്ടുപേരാണ് ഉണ്ടായിരുന്നത്.
അതില്‍ ഒരാള്‍ക്ക് ബോട്ട് മറിയുന്നതിന് മുമ്പുതന്നെ വെള്ളത്തിലേക്ക് ചാടാന്‍ സാധിച്ചു. മറ്റേയാള്‍ തലകീഴായി മറിഞ്ഞ ബോട്ടിനൊപ്പം വെള്ളത്തില്‍ വീണു. എന്നാല്‍ വൈകാതെ അയാളും വെള്ളത്തിന് മുകളിലേക്ക് പൊങ്ങിവന്നു. ആദ്യം ഒന്നു ഭയന്നുവെങ്കിലും ഉടന്‍തന്നെ ബോട്ടിനടുത്തേക്ക് ചെന്ന് ഇരുവരെയും തങ്ങളുടെ ബോട്ടില്‍ കയറ്റി രക്ഷപ്പെടുത്തുകയായിരുന്നുവെന്ന് കോളിന് പറയുന്നു.
വൈകാതെ യു.എസ്. കോസ്റ്റ് ഗാര്‍ഡ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തുകയും പരിശോധന നടത്തുകയും ചെയ്തു. ആക്രമണത്തില്‍ തിമിംഗലത്തിന് പരിക്കൊന്നും പറ്റിയിട്ടില്ലെന്നും അപകടത്തില്‍പെട്ട ബോട്ട് കരയ്ക്കെത്തിച്ചതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു. അതേസമയം, വടക്കന്‍ ന്യൂ ഇംഗ്ലണ്ട് കമാന്‍ഡ് സെന്ററിന് രണ്ടു തവണ 'മെയ് ഡെ' സിഗ്നല്‍ ലഭിച്ചിരുന്നതായി ഉദ്യോഗസ്ഥര്‍ അറിയിച്ചതായും യു.എസ്. കോസ്റ്റ്ഗാര്‍ഡ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
ലങ് ഫീഡിങ് നടത്തുന്നതിനായി വെള്ളത്തിനു മുകളിലേക്ക് വരുമ്പോഴായിരിക്കാം തിമിംഗലം ബോട്ടില്‍ ഇടിച്ചതെന്ന് യൂണിവേഴ്സിറ്റി ഓഫ് ന്യൂഹാംപ്ഷര്‍ ഷോള്‍സ് മറൈന്‍ ലബോറട്ടറിയിലെ ഉദ്യോഗസ്ഥയായ സാറാ മോറിസ് പറയുന്നു. ജലോപരിതലത്തില്‍നിന്നും അധികം താഴെയല്ലാതെ തിമിംഗലങ്ങളെ കാണുന്ന അവസരങ്ങളിലെങ്കിലും ഇത്തരം സ്ഥലങ്ങളില്‍നിന്നു മീന്‍പിടുത്തം ഒഴിവാക്കണമെന്നും അവിടെനിന്നും മാറിക്കൊടുക്കണമെന്നും സാറ പറയുന്നു.വീഡിയോയില്‍ കാണുന്നത് കൂനന്‍ തിമിംഗലം (humpback whale) ആണെന്ന് പോര്‍ട്ട്സ്മൗത്തിലുള്ള ബ്ലൂ ഓഷന്‍ സൊസൈറ്റി ഫോര്‍ മറൈന്‍ കണ്‍സര്‍വേഷന്‍ പ്രവര്‍ത്തകര്‍ തിരിച്ചറിഞ്ഞുട്ടുണ്ട്. വലിയ തിമിംഗലങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും സജീവവും സാധാരണയായി കാണാന്‍ സാധിക്കുന്നതുമായ തിമിംഗലമാണ് കൂനന്‍ തിമിംഗലം.
'മെയ് ഡെ'
റേഡിയോ മുഖാന്തിരമുള്ള ആശയവിനിമയങ്ങളില്‍ അടിയന്തര സാഹചര്യങ്ങളെ സൂചിപ്പിക്കാനായി ഉപയോഗിക്കുന്ന പ്രത്യേക വാക്കാണ് 'മെയ് ഡെ'. ജീവന് ഭീഷണിയുള്ളത്ര ഗൗരവതരമായ സാഹചര്യങ്ങളിലാണ് 'മെയ് ഡെ' സന്ദേശങ്ങള്‍ നല്‍കുന്നത്. കപ്പലുകളിലെ ക്യാപ്റ്റന്മാരും വിമാനങ്ങളിലെ പൈലറ്റുമാരുമാണ് പൊതുവേ 'മെയ് ഡെ' സന്ദേശം നല്‍കാറ്. ഈ വാക്കിന് ലോക തൊഴിലാളിദിനമായ മെയ് ദിനവുമായി ബന്ധമില്ല. സഹായിക്കുക എന്നര്‍ഥമുള്ള ഫ്രഞ്ച് വാക്കില്‍ നിന്നാണ് 'മെയ് ഡെ' ഉണ്ടായത്.