എഐ മോഡലുകളുടെ കഴിവുകള്‍ മെച്ചപ്പെടുത്താനുള്ള ശ്രമത്തിലാണ് ചാറ്റ്ജിപിടി നിര്‍മാതാക്കളായ ഓപ്പണ്‍ എഐ. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് മനുഷ്യബുദ്ധിയേക്കാള്‍ മികവ് നല്‍കാനുള്ള ശ്രമത്തിലാണ് കമ്പനിയെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇപ്പോഴിതാ 'സ്ട്രോബെറി' എന്ന് പേരിട്ട് വിളിക്കുന്ന ഓപ്പണ്‍ എഐയുടെ ഗവേഷണ ദൗത്യവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പുറത്തുവന്നിരിക്കുകയാണ്.
അത്യാധുനികമായ വിചിന്തനശേഷിയുള്ള എഐ മോഡലുകള്‍ വികസിപ്പിച്ചെടുക്കാനുള്ള ശ്രമത്തിലാണ് ഓപ്പണ്‍ എഐ എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.' സ്ട്രോബെറി' എന്ന പേരിലാണ് കമ്പനിയുടെ ഈ ഗവേഷണങ്ങള്‍ നടക്കുന്നതെന്ന് കമ്പനിയുമായി ബന്ധപ്പെട്ട ചിലരെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതുമായി ബന്ധപ്പെട്ട കമ്പനിയിലെ ചില രേഖകളും റോയിട്ടേഴ്സ് പരിശോധിച്ചു. എന്നാല്‍ സ്ട്രോബെറി പ്രൊജക്ട് എത്രത്തോളം പുരോഗമിച്ചിട്ടുണ്ടെന്നും എന്ന് നിലവിൽ വരുമെന്നും വ്യക്തമല്ല.
ഓപ്പണ്‍ എഐ വളരെ രഹസ്യമായാണ് ഈ പ്രൊജക്ടിനായി പ്രവര്‍ത്തിച്ചുവരുന്നത്. കേവലം ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുക എന്നതിലുപരി സ്വയം ഇന്റര്‍നെറ്റില്‍ തിരയാനും വിവരങ്ങള്‍ വിശകലനം ചെയ്യാനുമുള്ള കഴിവ് എഐ മോഡലുകള്‍ക്ക് കൊണ്ടുവരാന്‍ ഈ പദ്ധതി ലക്ഷ്യമിടുന്നു. 'ഡീപ്പ് റിസര്‍ച്ച്' എന്നാണ് ഈ കഴിവിനെ ഓപ്പൺ എഐ വിളിക്കുന്നത്. മെച്ചപ്പെട്ട വിചിന്തനശേഷി ഇതിന് വേണം. നിലവിലുള്ള എഐ മോഡലുകള്‍ക്ക് സ്വയം ഇന്റര്‍നെറ്റില്‍ തിരയാനും ശരിയായ വിവരങ്ങള്‍ കണ്ടെത്താനുമുള്ള കഴിവില്ല.
നേരത്തെ പ്രൊജക്ട് ക്യൂ സ്റ്റാര്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന പ്രൊജക്ടാണ് സ്ട്രോബെറി എന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ടില്‍ പറയുന്നു. എഐ മോഡലുകളുടെ ബുദ്ധി മനുഷ്യനോളം എത്തിക്കാനുള്ള ദൗത്യമാണിതെന്ന രീതിയില്‍ നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. സങ്കീര്‍ണമായ ഗണിത, ശാസ്ത്ര പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനുള്ള കഴിവ് എഐയ്ക്ക് നല്‍കുകയാണ് പ്രൊജക്ട് ക്യൂസ്റ്റാറിന്റെ ലക്ഷ്യമെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.