കണ്ണൂർ ചെങ്ങളായി പഞ്ചായത്തിലെ പരിപ്പായി ഗവ.എൽപി സ്കൂളിനടുത്തുള്ള സ്വകാര്യ ഭൂമിയിൽ ഇന്നലെ നിധി കണ്ടെത്തിയ മഴക്കുഴിയിൽനിന്ന് വീണ്ടും നിധി കിട്ടി. സ്വർണ മുത്തുകളും വെള്ളി നാണയങ്ങളുമാണു കണ്ടെത്തിയത്. രാവിലെ കുഴി വൃത്തിയാക്കാനെത്തിയ തൊഴിലുറപ്പ് തൊഴിലാളികൾക്കാണ് നിധി കിട്ടിയത്.
വെള്ളിയാഴ്ച ഉച്ചയോടെയാണ് മഴക്കുഴി എടുത്തുകൊണ്ടിരിക്കവേയാണ് തൊഴിലുറപ്പ് തൊഴിലാളികൾക്ക് സ്വർണാഭരണങ്ങളും മുത്തും വെളളിയാഭരണങ്ങളും അടങ്ങിയ കുടം ലഭിച്ചത്. ആദ്യം ബോംബാണെന്ന് സംശയിച്ചെന്നും പിന്നീട് ധൈര്യം സംഭരിച്ച് തുറന്നെന്നും നിധിയാണെന്ന് തിരിച്ചറിഞ്ഞപ്പോൾ ഉടൻ തന്നെ പൊലീസിൽ വിവരമറിയിച്ചെന്നും തൊഴിലാളികൾ പറഞ്ഞു.
17 മുത്തുമണികള്‍, 13 സ്വർണ്ണപതക്കങ്ങള്‍, കാശിമാലയുടെ നാല് പതക്കങ്ങള്‍, ഒരു സെറ്റ് കമ്മല്‍, വെള്ളി നാണയങ്ങള്‍ ഉള്‍പ്പെടെയുള്ളവയാണ് കണ്ടെത്തിയത്. വെള്ളിനാണയങ്ങളിലൊന്നും വർഷം രേഖപ്പെടുത്തിയിട്ടില്ല.
ഇന്ന് കൂടുതൽ വസ്തുക്കൾ കണ്ടെത്തി. 3 വെള്ളിനാണയവും ഒരു സ്വർണമുത്തുമാണ് പിന്നീട് കണ്ടെത്തിയത്. കഴിഞ്ഞദിവസം കിട്ടിയതിന് സമീപത്തു നിന്നു തന്നെയാണ് ഇവയും കിട്ടിയത്.
നിധി പൊലീസ് തളിപ്പറമ്പ് കോടതിയിൽ ഹാജരാക്കി. പുരാവസ്തു വകുപ്പിനെ വിവരം അറിയിച്ചതായി പൊലീസ് പറഞ്ഞു. സബ് ഡിവിഷണൽ മജിസ്ട്രേറ്റ് ആണ് ഇവ പുരാവസ്തു വകുപ്പിന് കൈമാറേണ്ടത്. അതേസമയം ഇവയുടെ സ്വാഭാവിക കസ്റ്റോടിയൻ റവന്യൂ വകുപ്പാണ്.
ആഭരണങ്ങൾക്ക് 200 വർഷത്തിലേറെ പഴക്കം കാണില്ലെന്നാണ് പുരാവസ്തു വകുപ്പിന്റെ പ്രാഥമിക നിഗമനം. അതി പുരാതന നൂറ്റാണ്ടുകളിലെ നാണയങ്ങളല്ല കണ്ടെത്തിയത്. മൂല്യം കണക്കാക്കി പിന്നീട് സ്ഥലം ഉടമയ്ക്ക് നഷ്ടപരിഹാരം നൽകുമെന്നും റവന്യൂവകുപ്പ് അറിയിച്ചു.
‘‘ ആദ്യം തോന്നിയത് കൂടോത്രമാണെന്നാണ്, പേടിച്ച് ആരും കുടം തുറന്നില്ല. പിന്നീട് പരിശോധിച്ചപ്പോഴാണ് നിധി കണ്ടത്’’– കണ്ണൂർ ചെങ്ങളായിയിൽ നിധി കണ്ടെത്തിയ തൊഴിലുറപ്പ് സംഘത്തിലുണ്ടായിരുന്ന സുലോചന പറയുന്നു.
‘‘എനിക്കല്ല, കൂട്ടത്തിലുണ്ടായിരുന്ന ആയിഷയ്ക്കാണ് നിധി കിട്ടിയത്. മുക്കാൽ മീറ്ററോളം മഴക്കുഴി കുഴിച്ചപ്പോൾ ആയിഷയുടെ കാല് തട്ടിയാണ് കുടം പുറത്തുവന്നത്. കുടം മണ്ണിൽനിന്ന് എടുത്ത് മുകളിൽവച്ചു. രാവിലെ കിട്ടിയെങ്കിലും വൈകിട്ട് 4 മണിക്കാണ് ഞങ്ങൾ തുറന്നു നോക്കിയത്. കുടത്തിന്റെ അടപ്പ് തുറന്നു തറയിലേക്ക് തട്ടിയപ്പോഴാണ് ആഭരണങ്ങളും നാണയങ്ങളും കിട്ടിയത്. കുടത്തിൽ ബോംബാണെന്ന് പേടി തോന്നിയില്ല. കൂടോത്രം ആണെന്നു പേടിച്ചു. ആഭരണവും നാണയവും കണ്ടപ്പോൾ പഴക്കം തോന്നി. പഞ്ചായത്തിനെ അറിയിച്ചു. ആറു മണിക്ക് ശേഷമാണ് പൊലീസിനു കൈമാറിയത്. നിധി കിട്ടിയതിനുശേഷം ആ ഭാഗത്തേക്ക് തൊഴിലാളികൾ പോയില്ല. തൊഴിലുറപ്പ് സംഘത്തിൽ 18 പേരുണ്ടായിരുന്നു. ഇവിടെനിന്ന് ആദ്യമായാണ് നിധി കിട്ടുന്നതെന്ന് തൊഴിലാളികൾ പറയുന്നു.
