അമേരിക്കൻ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനു നേരെ ആക്രമണം. പെൻസിൽവാനിയയിലെ റാലിക്കിടെയാണ് ട്രംപിനു നേരെ ആക്രമണമുണ്ടായത്. പൊതുവേദിയിൽ പ്രസംഗിക്കുന്നതിനിടെ വെടിയുതിർക്കാൻ ശ്രമമുണ്ടായി. ട്രംപിന്റെ വലതു ചെവിക്കു പരുക്കേറ്റു. വേദിയിൽ പരുക്കേറ്റു വീണ ട്രംപിനെ സുരക്ഷാ സേന ഉടൻ സ്ഥലത്തു നിന്നു മാറ്റി. ട്രംപ് സുരക്ഷിതനാണെന്നും സമീപമുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും അദ്ദേഹത്തിന്റെ വക്താവ് സ്റ്റീവൻ ച്യൂങ് അറിയിച്ചു.
Courtesy-ANI/Xplatform
ട്രംപിനു നേരെ വെടിയുതിർത്ത അക്രമിയെ സുരക്ഷാസേന വെടിവച്ചുകൊന്നു. റാലിയിൽ പങ്കെടുത്ത ഒരാള്‍ കൊല്ലപ്പെട്ടതായും മറ്റൊരാൾക്കു ഗുരുതര പരുക്കേറ്റതായും രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.അമേരിക്കന്‍ സമയം ശനിയാഴ്ച വൈകുന്നേരം 6.15-നാണ് ആക്രമണം നടന്നത്. ആക്രമണകാരിയെ യുഎസ് സീക്രട്ട് സര്‍വീസ് ഉദ്യോഗസ്ഥര്‍ വെടിവെച്ചു വീഴ്ത്തിയെന്ന റിപ്പോർട്ട് ഉണ്ട്.
വലതു ചെവിയുടെ മുകള്‍ ഭാഗത്താണ് വെടിയേറ്റതെന്ന് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമായ ട്രൂത്തില്‍ ട്രംപ് അറിയിച്ചു. ട്രംപ് സുരക്ഷിതനാണെന്ന് അദ്ദേഹത്തിന്റെ വക്താവ് വ്യക്തമാക്കി.ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടെന്നും ഒരാള്‍ക്ക് ഗുരുതരമായി പരുക്കേറ്റു എന്നുമാണ് ട്രംപിന്റെ പ്രസ്താവനയില്‍ പറയുന്നത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി അമേരിക്കന്‍ സീക്രട്ട് സര്‍വീസ് വ്യക്തമാക്കി. ട്രംപിന് എതിരായ ആക്രമണത്തെ അപലപിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡന് രംഗത്തെത്തി. ''പെന്‍സില്‍വാലിയയിലെ റാലിക്കിടെ ഡോണാള്‍ട് ട്രംപിന് വെടിയേറ്റതായി വിവരം ലഭിച്ചു. അദ്ദേഹം സുരക്ഷിതനാണെന്ന കാര്യത്തില്‍ ആശ്വാസമുണ്ട്. അദ്ദേഹത്തിനും കുടുംബത്തിനും റാലിയില്‍ പങ്കെടുത്ത മുഴുവന്‍ ആളുകള്‍ക്കും വേണ്ടി ഞാന്‍ പ്രാര്‍ഥിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്. ഇത്തരം ആക്രമണങ്ങള്‍ക്ക് അമേരിക്കയില്‍ സ്ഥാനമില്ല. ഈ ആക്രമണത്തെ അപലപിക്കാന്‍ അമേരിക്ക ഒറ്റക്കെട്ടായി നില്ക്കും'', അദ്ദേഹം കുറിച്ചു.
അഭിസംബോധന തുടങ്ങി അല്പസമയം കഴിഞ്ഞപ്പോഴായിരുന്നു വെടിവച്ചത്. റാലി നടക്കുന്നതിന് സമീപത്തെ കെട്ടിടത്തിൽ നിന്നാണ് അക്രമി വെടിവയ്പ്പുണ്ടായത്. അക്രമി എട്ടുതവണ വെടിവച്ചുവെന്നാണ് റിപ്പോർട്ട്. കൊലപാതക ശ്രമമാണോ നടന്നതെന്ന് അന്വേഷണത്തിന് ശേഷമേ വ്യക്തമാകൂ എന്നാണ് സുരക്ഷാ ഉദ്യോഗസ്ഥർ പറയുന്നത്. അക്രമിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളും വ്യക്തമല്ല.
സുരക്ഷാ സൈനികരുടെ വെടിയേറ്റ് അക്രമിയുടെ തല തകർന്ന നിലയിലാണ്. ഇയാളുടെ തിരിച്ചറിയൽ രേഖകൾ പരിശോധിച്ചുവരികയാണ്.
1981 ൽ റൊണാൾഡ് റീഗനുനേരെയുണ്ടായ ആക്രമണത്തിനുശേഷം അമേരിക്കയിൽ ഒരു പ്രസിഡന്റിനുനേരെയോ പ്രസിഡൻഷ്യൽ സ്ഥാനാർത്ഥിക്കുനേരെയോ ഉണ്ടാകുന്ന ആദ്യ വധശ്രമാണിപ്പോഴത്തേതെന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ടുചെയ്യുന്നത്.
പ്രസംഗത്തിനിടെ ചെറിയ ശബ്ദം കേട്ടതായും, വെടിയുണ്ട ശരീരത്തെ കീറി കടന്നു പോയതായും അമേരിക്കൻ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. പെൻസിൽവാനിയയിലെ റാലിക്കിടെ വെടിയേറ്റതിനെക്കുറിച്ചു പ്രതികരിക്കുകയായിരുന്നു ട്രംപ്. നിലവിൽ ഡോക്ടർമാരുടെ പരിചരണത്തിലാണു ട്രംപ്. ആരോഗ്യനിലയിൽ പ്രശ്നങ്ങളില്ല. ‘‘പിതാവിനോട് കാണിക്കുന്ന സ്നേഹത്തിനും പ്രാർഥനയ്ക്കും നന്ദി’’–ട്രംപിന്റെ മകൾ ഇവാൻക എക്സിൽ കുറിച്ചു.