ഇന്റർനെറ്റ് ഉപയോഗിക്കുന്നവരിൽ ഗൂഗിൾ വല്ലപ്പോഴുമെങ്കിലും ഉപയോഗിക്കാത്തവർ വളരെ കുറവായിരിക്കും. ലോകത്തെ ഏറ്റവും ഉപയോഗിക്കപ്പെടുന്ന സെർച് എൻജിൻ എന്ന നിലയിൽ നിന്ന് പല തലങ്ങളുള്ള പ്രവർത്തനത്തിലേക്ക് ഇന്നു ഗൂഗിൾ മാറിക്കഴിഞ്ഞു.
1995ൽ സ്റ്റാൻഫഡ് സർവകലാശാലയിലെ രണ്ടു വിദ്യാർഥികൾ കൂട്ടുകാരായി. ലാറി പേജും സെർജി ബ്രിന്നും.പിൽക്കാലത്ത് ഒരുപാടു സ്വപ്നങ്ങളെ കൈക്കുടയിലാക്കിയ ഒരു കിടിലൻ ടെക് കൂട്ടുകെട്ടായിരുന്നു അത്. ആദ്യകാലത്ത് ബാക്റബ് എന്നറിയപ്പെടുന്ന ഒരു സെർച് എൻജിൻ പദ്ധതി ഇവർ വികസിപ്പിച്ചു. എന്നാൽ തൊട്ടടുത്ത വർഷം ഇവർ ഒരു കാര്യം മനസ്സിലാക്കി. ഈ പേര് മാറ്റണം.
അതേ തുടർന്ന് അവർ പേരുകൾ ആലോചിച്ചു. തങ്ങളുടെ കൂട്ടുകാരനായ സീന്ഡ ആൻഡേഴ്സനോടും ഒരു സജഷൻ തരാൻ അവർ പറഞ്ഞു, ഗൂഗോൾപ്ലെക്സ് എന്ന ഒരു വാക്ക് ആൻഡേഴ്സൻ മുന്നോട്ടുവച്ച്. ഒന്ന് കഴിഞ്ഞാൽ 100 പൂജ്യങ്ങൾ കൂടി വരുന്ന വലിയൊരു നമ്പരാണ് ഇത്. ഗൂഗിൾ ഭാവിയിൽ വലിയ അളവിലുള്ള ഡേറ്റ കൈകാര്യം ചെയ്യേണ്ടിവരുമെന്നതാണ് ഇത്തരമൊരു വാക്കിന് ആൻഡേഴ്സനെ പ്രേരിപ്പിച്ചത്.
ലാറി പേജ് അതിനെ ചുരുക്കി ഗൂഗോൾ എന്നാക്കി (googol).എന്നാൽ ഈ പേര് ഡൊമെയ്ൻ റജിസ്റ്റർ ചെയ്തപ്പോൾ ആൻഡേഴ്സന് ഒരു കയ്യബദ്ധം പറ്റി. ഗൂഗോൾ (googol), ഗൂഗിളായി മാറി. ലോകത്തെ ഇതിഹാസതുല്യമായ ഒരു പദത്തിന്റെ ഉദ്ഭവം ഇങ്ങനെയായിരുന്നുപിന്നീട് 1999ൽ ഗൂഗിളിന്റെ ആദ്യ ഓഫിസ് യുഎസ്സിലെ പാലോ അൽറ്റോയിൽ സ്ഥാപിച്ചു.ലാറിയും സെർജിയും സ്റ്റാൻഫഡിലെ പഠനം അവസാനിപ്പിക്കുകയും ചെയ്തു.