കോഴിക്കോട് തിരുവമ്പാടിയിൽ കെഎസ്ഇബി സെക്ഷൻ ഓഫീസ് ആക്രമിച്ച സംഭവത്തിന് പിന്നാലെ വീട്ടുടമയുടെ വൈദ്യുതി ബന്ധം വിച്ഛേദിച്ച സംഭവം വിവാദമായതിനിടെ വൈദ്യുതി ബന്ധം വിച്ഛേദിക്കുന്നതിന്റെ നടപടിക്രമങ്ങളും വാർത്തകളിൽ ഇടം നേടി.
കെഎസ്ഇബി ഓഫിസിൽ അക്രമം കാണിക്കുന്ന ആളിന്റെ വീട്ടിലെ വൈദ്യുതി ബന്ധം വിച്ഛേദിക്കാൻ അധികൃതർക്ക് നിയമപരമായി കഴിയുമോ? ഇല്ലെന്നാണ് ഉത്തരം. അക്രമത്തിലൂടെ നഷ്ടം ഉണ്ടായെന്നു കാട്ടി കെഎസ്ഇബിക്ക് നിയമ നടപടി സ്വീകരിക്കാം. ഒരാൾ ചെയ്ത പ്രവൃത്തിയുടെ പേരിൽ കുടുംബത്തിലെ എല്ലാവരെയും ബുദ്ധിമുട്ടിക്കാൻ കെഎസ്ഇബിക്ക് കഴിയില്ല. വൈദ്യുതി വിച്ഛേദിക്കാനുള്ള ബോർഡ് ചെയർമാന്റെ ഉത്തരവിന് നിയമസാധുതയുമില്ല. വൈദ്യുതി വിച്ഛേദിക്കേണ്ടത് ഏതൊക്കെ സാഹചര്യത്തിലാണെന്ന് ഇലക്ട്രിസിറ്റി ആക്ടിൽ (2003) പറയുന്നുണ്ട്.
∙ ബിൽ അടച്ചില്ലെങ്കിൽ വൈദ്യുതി വിച്ഛേദിക്കാം. ബിൽ അടച്ചില്ലെങ്കിൽ വൈദ്യുതി വിച്ഛേദിക്കുമെന്ന കാര്യം ബില്ലിൽ തന്നെ പറയുന്നതിനാൽ പ്രത്യേക നോട്ടിസിന്റെ ആവശ്യമില്ല. വീടുകളിലെ വൈദ്യുതി ബന്ധം വിച്ഛേദിക്കുമ്പോൾ എസ്എംഎസായും ഫോണിലൂടെയും നേരത്തെ അറിയിപ്പ് നൽകണം.
. വൈദ്യുതി മോഷണം നടന്നതായി തെളിവുകളുടെ അടിസ്ഥാനത്തിൽ ബോധ്യപ്പെട്ടാൽ വൈദ്യുതി വിച്ഛേദിച്ച് നിയമനടപടി സ്വീകരിക്കാം.
∙ വൈദ്യുതി കണക്ഷൻ അപകടം ഉണ്ടാക്കുന്നതാണെങ്കിൽ, വീട്ടുകാരെ അറിയിച്ച് തുടർനടപടികൾക്കായി വൈദ്യുതി ബന്ധം വിച്ഛേദിക്കാം.
. വൈദ്യുതി ബന്ധം വിച്ഛേദിക്കുന്നത് പ്രവൃത്തി ദിവസങ്ങളിൽ ഉച്ചയ്ക്ക് ഒരു മണി വരെ മാത്രമായിരിക്കണം
. വൈദ്യുതി ബന്ധം വിച്ഛേദിച്ചാൽ വിവരം രജിസ്റ്റർ ചെയ്ത ഫോൺ നമ്പർ വഴി ഉപഭോക്താവിനെ അറിയിക്കണം.
. വൈദ്യുതി ബന്ധം ഡിസ്കണക്റ്റ് ചെയ്ത് കഴിഞ്ഞ് വൈദ്യുതി ബിൽ അടച്ചു കഴിഞ്ഞാൽ എത്രയും വേഗം വൈദ്യുതി ബന്ധം പുനസ്ഥാപിക്കണം