ഫ്രഞ്ച് തിരഞ്ഞെടുപ്പിൽ തീവ്രവലതുപക്ഷത്തെ അധികാരക്കസേരയ്ക്ക് തൊട്ടരികെ വീഴ്ത്തി ഇടതുപക്ഷ സഖ്യം. ജൂലൈ ഏഴിന് നടന്ന രണ്ടാം ഘട്ട തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ സീറ്റുകൾ നേടി ഇടതുപക്ഷ സഖ്യമായ ന്യൂ പോപ്പുലർ ഫ്രന്റ് നടത്തിയ മുന്നേറ്റമാണ് തീവ്രവലതുപക്ഷ പാർട്ടിയായ നാഷണൽ റാലിക്ക് തിരിച്ചടിയായത്. വോട്ടെടുപ്പിന് തൊട്ടുമുൻപ് വരെയുള്ള സർവേയിൽ 210 സീറ്റുകൾ മറീൻ ലി പെന്നിന്റെ നാഷണൽ റാലി നേടുമെന്ന് പ്രവചിച്ചിരുന്നെങ്കിലും ഫലം വന്നതോടെ കാര്യങ്ങൾ മാറിമറിഞ്ഞു. 182 സീറ്റുകളോടെ ഇടതുപക്ഷ സഖ്യം ഒന്നാമതും 163 സീറ്റ് നേടി ഇമ്മാനുവൽ മാക്രോണിന്റെ എൻസെമ്പിൾ സഖ്യം രണ്ടാമതുമെത്തി. തീവ്രവലതുപക്ഷത്തിന് ആകെ നേടാനായത് 143 സീറ്റുകളാണ്. ഫലം ഫ്രാൻസിന്റെ ആഭ്യന്തരമന്ത്രാലയം സ്ഥിരീകരിച്ചതായി റിപ്പോർട്ട്.കേവല ഭൂരിപക്ഷത്തിന് ആവശ്യമായ 289 സീറ്റുകൾ നേടാൻ ആർക്കും സാധിച്ചിട്ടില്ല. ഇതോടെ തൂക്കു പാർലമെന്റിനാണ് സാധ്യത.
![]() |
| നിലവിലെ പ്രസിഡൻറ് ഇമ്മാനുവൽ മാക്രോൺ വോട്ട് രേഖപ്പെടുത്തിയത് പെട്ടിയിൽ നിക്ഷേപിക്കുന്നു. Courtesy |
രണ്ടാം ലോകയുദ്ധത്തിന് ശേഷം ഫ്രാൻസിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു തീവ്രവലതുപക്ഷ പാർട്ടി അധികാരത്തിലേറുമെന്ന് പ്രവചിക്കപ്പെട്ട തിരഞ്ഞെടുപ്പായിരുന്നു ഇത്തവണത്തേത്. ആദ്യഘട്ട തിരഞ്ഞെടുപ്പിൽ മറീൻ ലി പെന്നിന്റെ പാർട്ടിയായിരുന്നു 33 ശതമാനം വോട്ടുകൾ നേടി ഒന്നാം സ്ഥാനത്തെത്തിയത്. അതിന് പിന്നാലെ 'റിപ്പബ്ലിക്കൻ ഫ്രന്റ്' എന്ന പേരിൽ ന്യൂ പോപ്പുലർ ഫ്രന്റും മാക്രോണിന്റെ റിനൈസൻസ് പാർട്ടിയും ഉൾപ്പെടുന്ന ഒരു സംയുക്ത കൂട്ടായ്മ ഉണ്ടാക്കുകയും ത്രികോണ മത്സരങ്ങൾ നടക്കുന്ന മണ്ഡലങ്ങളിലെ മൂന്നാം സ്ഥാനത്തുള്ള മത്സരാർഥിയെ പിൻവലിക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് ഇടതുസഖ്യ വോട്ടുകൾ ഏകീകരിക്കപ്പെടുകയും രണ്ടാം ഘട്ടത്തിൽ നാഷണൽ റാലിക്ക് വലിയ തിരിച്ചടി ഉണ്ടാകുകയും ചെയ്തത്.
ഫലസൂചനകള്‍ പുറത്ത് വന്നതിന് പിന്നാലെ പ്രധാനമന്ത്രി ഗബ്രിയേല്‍ അത്തല്‍ രാജിസന്നദ്ധത അറിയിച്ചിട്ടുണ്ട്. തീവ്ര ഇടതുപക്ഷമായ ഫ്രാന്‍സ് അണ്ബോഡിന്റെ നേതാവും ഇടതുപക്ഷ സഖ്യത്തിന്റെ തലവനുമായ ജീന്‍ ലൂക് മെലെന്‍ചോണ്‍ ഇടതുപക്ഷത്തെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു. ഇടതുപക്ഷം ഒരിക്കല്‍ കൂടി രാജ്യത്തെ രക്ഷിച്ചെന്നായിരുന്നു മെലെന്‍ചോണിന്റെ പ്രതികരണം. രാഷ്ട്രീയ അസ്ഥിരതയ്ക്ക് പ്രസിഡന്റ് മാക്രോണിനെ കുറ്റപ്പെടുത്തി തീവ്രവലതുപക്ഷ നേതാവ് മറൈന്‍ ലെ പെന്‍ രംഗത്തെത്തിയിട്ടുണ്ട്.
