ചൊവ്വാ ദൗത്യങ്ങൾക്കുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായി ഒരു വർഷത്തിലധികം നാസയുടെ പ്രത്യേക പാർപ്പിടത്തിൽ കഴിഞ്ഞ നാല് ഗവേഷകർ പുറത്തെത്തി. ചൊവ്വയിലേതിന് സമാനമായ സാഹചര്യങ്ങൾ കൃത്രിമമായുണ്ടാക്കി 374 ദിവസമാണ് നാല് പേരെ പാർപ്പിച്ചത്. നാസയുടെ പ്രത്യേക പരീക്ഷണം 'ചാപിയ' എന്ന പേരിലാണ് അറിയപ്പെടുന്നത്. മാർസ് ഡൂൺ ആൽഫ എന്ന പേരും ഈ പരീക്ഷണത്തിനുണ്ട്.
2023 ജൂൺ 25 നായിരുന്നു നാസയിലെ ദൗത്യസംഘം ചൊവ്വാഗ്രഹത്തിനോട് സമാനമായ രീതിയിൽ ഒരുക്കിയ 3D പ്രിൻ്റഡ് ആവാസവ്യവസ്ഥയിൽ പ്രവേശിച്ചത്. ഈ സിമുലേറ്റഡ് ചൊവ്വ പരിതസ്ഥിതിയിൽ അവർ 12 മാസത്തിലധികം സുരക്ഷിതരായി ചിലവഴിച്ചു. നാസയുടെ ക്രൂ ഹെൽത്ത് ആൻഡ് പെർഫോമൻസ് എക്സ്പ്ലോറേഷൻ അനലോഗ് പ്രോജക്റ്റിൻ്റെ ഭാഗമായ കെല്ലി ഹാസ്റ്റൺ, അങ്ക സെലാരിയു, റോസ് ബ്രോക്ക്വെൽ, നഥാൻ ജോൺസ് എന്നിവരാണ് കഴിഞ്ഞ ഒരു വർഷക്കാലം ഈ ചൊവ്വയിൽ കഴിഞ്ഞു വന്നത്.
ചൊവ്വാ ഗ്രഹത്തിൽ ഒരു വർഷം താമസിക്കുന്നത് മനുഷ്യ ശരീരത്തിൽ കൊണ്ടുവരുന്ന മാറ്റങ്ങളേക്കുറിച്ച് പഠിക്കുകയായിരുന്നു ഈ പരീക്ഷണത്തിന്റെ പ്രധാന ഉദേശ്യം. കൃത്രിമ ചൊവ്വാ ഗ്രഹത്തിലെ താമസക്കാര്‍ ചൊവ്വയിലെ പോലെ നടക്കുകയും പച്ചക്കറികള്‍ വളര്‍ത്തുകയും ചെയ്തിരുന്നു. ചൊവ്വയില്‍ എത്തിയാല്‍ ഭൂമിയുമായി ബന്ധപ്പെടുന്നതില്‍ വരുന്ന കാലതാമസം ഇവര്‍ അനുഭവിച്ചറിഞ്ഞു. ഉപകരണങ്ങൾ പരാജയപ്പെടുന്നതും ഭൂമിയുമായി ബന്ധങ്ങളിൽ തടസങ്ങൾ നേരിടുന്നതടക്കമുള്ള വെല്ലുവിളികളെ കുറിച്ച് സംഘം പഠിച്ചു. പരീക്ഷണങ്ങളുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നതേയുള്ളൂ.
ഹൂസ്റ്റണിലെ ജോൺസൺ ബഹിരാകാശ കേന്ദ്രത്തിലാണ് നാസയുടെ ആദ്യത്തെ സിമുലേറ്റഡ് ചൊവ്വ പരിതസ്ഥിതി തയ്യാറാക്കിയിരുന്നത്. 17,000 ചതുരശ്ര അടി വിസ്തൃതിയിൽ ഒരുക്കിയിട്ടുള്ള ഈ ഭൂമിയിലെ ചൊവ്വയിൽ തങ്ങൾ താമസിക്കുക മാത്രമല്ല കൃഷി ചെയ്യുകയും പച്ചക്കറികൾ വിളവെടുക്കുകയും ചെയ്തു എന്നും നാസയിലെ ദൗത്യസംഘം അറിയിക്കുന്നു. പുറത്തെ ഭൂമിയിലുള്ളവരുമായി ആശയവിനിമയം നടത്തുന്നതിന് 22 മിനിറ്റ് വരെ കാലതാമസം എടുക്കുമായിരുന്നു എന്നുള്ളത് ഒഴിച്ചാൽ ഈ ചൊവ്വാഗ്രഹത്തിലെ വാസം മികച്ച ഒരു അനുഭവമായിരുന്നു എന്നാണ് ദൗത്യസംഘം വ്യക്തമാക്കുന്നത്.

