യൂറോപ്പിൽ തീവ്രവലതുപക്ഷം പിടിമുറുക്കുമ്പോൾ യുകെയിൽ ഒരു മധ്യവലതുപക്ഷ പാർട്ടിയുടെ ഒന്നരദശാബ്ദത്തോളം നീണ്ട വാഴ്ചയ്ക്ക് അവസാനം. മധ്യ-ഇടതുപക്ഷ പാർട്ടിയായ ലേബർ പാർട്ടി ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷവുമായി അധികാരത്തിൽ എത്തി. രണ്ട് നൂറ്റാണ്ടിനിടെയുള്ള കൺസർവേറ്റിവ് പാർട്ടിയുടെ ഏറ്റവും വലിയ തോൽവിയാണ് ഈ തിരഞ്ഞെടുപ്പിൽ നേരിടേണ്ടി വന്നത്.റിഷി സുനക്കിന്റെ കൺസർവേറ്റീവ് പാർട്ടിയ്ക്ക് ചരിത്രത്തിലെ വലിയ പരാജയം സമ്മാനിച്ചാണ് കെയ്ർ സ്റ്റാർമർ പ്രധാനമന്ത്രിയാകുന്നത്. 650 അംഗ പാര്‍ലമെന്റിൽ നാനൂറിലേറെ സീറ്റുകളും ലേബർ പാർട്ടി നേടി. 412 സീറ്റുകള്‍ പിടിച്ചാണ് ലേബര്‍ പാര്‍ട്ടി അധികാരത്തിലെത്തിയത്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് 121 സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുകയാകും കെയിര്‍ സ്റ്റാര്‍മറിന്റെ മുന്നിലുള്ള പ്രധാന വെല്ലുവളി.
തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനുശേഷം സർക്കാർ രൂപീകരണ ആവശ്യവുമായി ഭാര്യയ്ക്കൊപ്പം എത്തിയ കെയ്ര് സ്റ്റാര്‍മറെ പ്രധാനമന്ത്രിയായി നിയമിച്ചതായി അറിയിച്ച് ബെക്കിങ്ങ്ഹാം കൊട്ടാരം. കൊട്ടാരം ഇറക്കിയ പത്രക്കുറിപ്പിലാണ് സ്റ്റാര്‍മറെ പ്രധാനമന്ത്രിയാക്കാനുള്ള തീരുമാനം അറിയിച്ചിരിക്കുന്നത്. 'ചാള്‍സ് രാജാവ് ഇന്ന് കെയ്ര് സ്റ്റാര്‍മറിനെ സ്വീകരിക്കുകയും പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തു. സര് കെയ്ര്, ഹിസ് മജസ്റ്റിയുടെ അഭ്യര്‍ത്ഥന സ്വീകരിച്ചു. കെയ്ര് പ്രധാനമന്ത്രിയും ട്രഷറിയുടെ ആദ്യ പ്രഭുവുമായി നിയമിതനായി', ബക്കിംഗ്ഹാം കൊട്ടാരം പ്രസ്താവനയില്‍ വ്യക്തമാക്കി.
നേരത്തെ ബെക്കിങ്ങ്ഹാം കൊട്ടരത്തിലെത്തി ചാള്‍സ് രാജാവിനെ കണ്ട് ഋഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രി പദം രാജിവെച്ചിരുന്നു. ഋഷി സുനകിന്റെ രാജിക്ക് പിന്നാലെ ലേബര്‍ പാര്‍ട്ടി നേതാവ് കെയ്ര് സ്റ്റാര്‍മര്‍ ചാള്‍സ് രാജാവിനെ സന്ദര്‍ശിച്ച് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അനുമതി തേടി. നേരത്തെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ പരാജയം അംഗീകരിച്ച ഋഷി സുനക് ലേബര്‍ പാര്‍ട്ടിയുടെ നേതാവ് കെയ്ര് സ്റ്റാര്‍മറെ അഭിനന്ദിച്ചിരുന്നു..
ബ്രിട്ടന് ആവശ്യപ്പെടുന്ന മാറ്റത്തിന്റെ ഏജന്റാകുമെന്നായിരുന്നു തിരഞ്ഞെടുപ്പു പ്രചാരണവേളയില്‍ ലേബര്‍ പാര്‍ട്ടി നേതാവ് കെയ്ര് സ്റ്റാര്‍മര്‍ വോട്ടർമാർക്കു നല്കിയ ഉറപ്പ്. ബ്രെക്സിറ്റിനു പിന്നാലെ തകര്‍ന്നടിഞ്ഞ രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുകയാണ് തങ്ങളുടെ പ്രഥമ ലക്ഷ്യമെന്നായിരുന്നു ലേബര്‍ പാര്‍ട്ടിയുടെ പ്രഖ്യാപനം. തൊഴിലെടുക്കുന്നവര്‍ക്ക് നികുതിവര്‍ധന ഉണ്ടാവില്ലെന്നു വാഗ്ദാനവുമനുണ്ടായിരുന്നു. നികുതി വർധനയാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ജനപ്രീതി ഇടിയാനുള്ള പ്രധാന കാരണമെന്ന തിരിച്ചറിവിൽനിന്നുണ്ടായ നീക്കമായിരുന്നു അത്. ആദായ നികുതിയിലോ ഇന്‍ഷുറന്‍സിലോ മൂല്യവര്‍ധിത നികുതിയിലോ വര്‍ധനയുണ്ടാവില്ലെന്നും കോര്പറേഷന് നികുതി 25% ആയി നിലനിര്‍ത്തുമെന്നും ഉറപ്പു നല്കി.
രാജ്യത്തെ ആരോഗ്യക്ഷേമ സംവിധാനങ്ങളുടെ ദൗര്‍ബല്യവും അതേക്കുറിച്ചുള്ള പരാതികളുമായിരുന്നു കൺസർവേറ്റീവ് പാര്‍ട്ടി നേരിട്ട മറ്റൊരു തിരിച്ചടി. ഇവിടെയും ലേബര്‍ പാര്‍ട്ടി വാഗ്ദാനങ്ങള്‍ കൊണ്ട് വോട്ടു കൊയ്തു. ദേശീയ ആരോഗ്യ സംവിധാനത്തിലേക്ക് (എന്‍എച്ച്എസ്) ഓരോ ആഴ്ചയും 40,000 ആരോഗ്യപ്രവര്‍ത്തകരെ നിയമിക്കുമെന്നും ഇവര്‍ക്ക് മെച്ചപ്പെട്ട ആനുകൂല്യങ്ങള്‍ നല്‍കുമെന്നും സ്റ്റാർമറും സംഘവും പ്രകടനപത്രികയില്‍ അവകാശപ്പെട്ടിരുന്നു. കുട്ടികളെയും മുതിര്‍ന്ന പൗരന്മാരെയും ചികിത്സിക്കാന്‍ 8,500 പുതിയ ജീവനക്കാരെക്കൂടി നിയമിക്കുമെന്നും പ്രകടന പത്രിക പറയുന്നു.
കുടിയേറ്റ വിഷയത്തില്‍ ഋഷി സുനകിന്റെയും കൺസർവേറ്റീവ് പാര്‍ട്ടിയുടെയും തീവ്ര നയങ്ങളോട് പ്രതിപത്തിയില്ലെങ്കിലും വീസ നിയന്ത്രണം ഏര്‍പ്പെടുത്തി കുടിയേറ്റക്കാരുടെ എണ്ണം കുറയ്ക്കുമെന്ന് ലേബര്‍ പാര്‍ട്ടിയും വാഗ്ദാനം നല്‍കിയിട്ടുണ്ട്. കുടിയേറ്റ തൊഴിലാളികള്‍ കൂടുതല്‍ ജോലിയെടുക്കുന്ന മേഖലയില്‍ തദ്ദേശീയര്‍ക്ക് പരിശീലനം നല്കി നിയമിക്കണമെന്നാണ് ലേബര്‍ പാര്‍ട്ടിയുടെ നിലപാട്. അതേസമയം, അനധികൃത കുടിയേറ്റക്കാരെ ആഫ്രിക്കന്‍ രാജ്യമായ റുവാണ്ടയിലേക്ക് അയയ്ക്കുമെന്ന സുനക്കിന്റെ വിവാദ പദ്ധതി നിർത്തലാക്കുമെന്നു പ്രഖ്യാപിച്ചും ലേബര്‍ പാര്‍ട്ടി ജനപ്രീതി നേടി.
15 ലക്ഷം പുതിയ വീടുകള്‍, മികച്ച റോഡുകള്‍, എന്‍എച്ച്എസിന് 160 കോടി ഡോളര്‍ സഹായം, പീഡനക്കേസുകള്‍ കൈകാര്യം ചെയ്യാന്‍ മാത്രം 80 കോടതികള്‍, 16 വയസ്സില്‍ വോട്ടവകാശം, കൂടുതല്‍പേരെ പൊലീസിലേക്ക് റിക്രൂട്ട് ചെയ്യല്‍ തുടങ്ങി ജനപ്രിയ പ്രഖ്യാപനങ്ങളുടെ വലിയ പട്ടികയാണ് ലേബര്‍ പാര്‍ട്ടി വോട്ടർമാർക്കു മുന്നിലേക്കു വച്ചത്. അത് അവർ മുഖവിലയ്ക്കെടുത്തുവെന്നതിനു തെളിവാണ് സ്റ്റാര്‍മറും പാർട്ടിയും നേടിയ തിളങ്ങുന്ന വിജയം തെളിയിക്കുന്നത്
.വിജയിച്ചവരിൽ മലയാളിയും
2024-ലെ യുകെ പൊതുതിരഞ്ഞടുപ്പില്‍ വിജയിച്ചവരില്‍ മലയാളി സാന്നിധ്യവും. കോട്ടയം സ്വദേശി സോജന് ജോസഫാണ് ലേബര്‍ പാര്‍ട്ടി ടിക്കറ്റില്‍ കെന്റിലെ മണ്ഡലങ്ങളിലൊന്നായ ആഷ്ഫോര്‍ഡില്‍ നിര്‍ണായക വിജയം നേടിയത്. കണ്‍സര്‍വേറ്റീവ് ആന്‍ഡ് യൂണിയനിസ്റ്റ് പാര്‍ട്ടി ഡാമിയന്‍ ഗ്രീനിനെ 1799 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സോജന് പരാജയപ്പെടുത്തിയത്. ബ്രിട്ടിഷ് പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ മലയാളിയാണ് സോജന് ജോസഫ് എന്ന പ്രത്യേകതയുമുണ്ട്.
ആഷ്ഫോര്‍ഡ് മണ്ഡലത്തില്‍ ആകെ ആറ് സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത്. 32.5 ശതമാനം വോട്ട് വിഹിതം സോജന്റേതായി രേഖപ്പെടുത്തി, 2019ലേതിനെക്കാള്‍ 8.7 ശതമാനം വോട്ട് വര്‍ധിപ്പിക്കാനും സോജന് സാധിച്ചു.
22 വര്‍ഷമായി നാഷണല്‍ ഹെല്‍ത്ത് സര്‍വീസില്‍ ജോലിചെയ്യുന്ന മാനസികരോഗ്യ വിഭാഗം നഴ്സാണ് സോജന്. നിലവില്‍ രോഗികളുടെ സുരക്ഷാവിഭാഗം, നഴ്സിങ് എന്നിവയുടെ തലവനാണ്. അരുണ്ടേല് യൂണിറ്റിലെ വില്യം ഹാര്‍വെ ഹോസ്പിറ്റലില്‍ ജൂനിയര്‍ നഴ്സായാണ് സോജന് തന്റെ എന്‍എച്ച്എസ് കരിയര്‍ ആരംഭിച്ചത്. ആഷ്ഫോര്‍ഡിലെ എംപിഎന്ന നിലയില്‍ എപ്പോള്‍ വേണമെങ്കിലും ആര്‍ക്കും സമീപിക്കാമെന്നും സമൂഹത്തിനുവേണ്ടി നിലകൊള്ളുമെന്നും അദ്ദേഹം വോട്ടര്‍മാരോട് പറഞ്ഞു.
2001-ലാണ് സോജന് യുകെയിലെത്തുന്നത്. അദ്ദേഹത്തിന്റെ ഭാര്യ ബ്രിട്ട യുകെയില്‍ നഴ്സാണ്. സോജന്റെ സഹോദരി സിബി ജോസഫും ലണ്ടനിലാണ്. ഹന്ന, സാറ, മാത്യു എന്നീ മൂന്ന് മക്കളാണ് സോജന്- ബ്രിട്ട ദമ്പതികള്‍ക്ക്.


