![]() |
| Courtesy |
വയനാട്ടിലെ ദുരന്ത ഭൂമിയില് രക്ഷാപ്രവർത്തനത്തിനിറങ്ങിയും സഹായങ്ങൾ കൈമാറിയുമെല്ലാം പരസ്പരം കൈകോർക്കുകയാണ് ഓരോരുത്തരും. കരൾ പിളർത്തുന്ന കാഴ്ചകൾക്കിടയിലും സഹജീവി സ്നേഹത്തിന്റെ മാതൃകയായ നിരവധി കഥകളാണ് ദുരന്തവുമായി ബന്ധപ്പെട്ട് പുറത്തുവരുന്നത്. ഓരോരുത്തരും അവരവർക്ക് കഴിയുന്ന രീതിയിൽ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കാളികളാകുമ്പോൾ വ്യത്യസ്തമായ ഒരു അഭ്യർഥനയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്.
‘ചെറിയ കുട്ടികൾക്ക് മുലപ്പാൽ ആവശ്യമുണ്ടെങ്കിൽ അറിയിക്കണേ...എന്റെ ഭാര്യ റെഡിയാണ്’ -എന്നാണ് ഒരു പൊതുപ്രവർത്തകൻ വാട്സ് ആപ് മെസേജിലൂടെ സന്നദ്ധ പ്രവർത്തകരെ അറിയിച്ചത്. പലരും പൊതുപ്രവർത്തകന്റെ പേര് മറച്ച് സന്ദേശം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചു. ചേർത്തുപിടിക്കലിന്റെ വിവിധ മാതൃകകൾ നമുക്ക് മുമ്പിൽ വരുമ്പോൾ നമ്മളെങ്ങനെ തോറ്റുപോകാനാണെന്നാണ് പലരുടെയും ചോദ്യം. ഇവരെ പോലുള്ളവർ ജീവിച്ചിരിക്കുന്ന കാലത്തോളം ഒരു ദുരന്തത്തിനും നമ്മെ തോൽപിക്കാനാവില്ലെന്നും ചിലർ കുറിക്കുന്നു.
കമൻ്റിടുക മാത്രമല്ല, ഇതിനായി ഭാര്യയും രണ്ട് മക്കളുമായി ഇടുക്കി ഉപ്പുതറ സ്വദേശി സജിൻ പാറേക്കര വയനാട്ടിലേക്ക് തിരിച്ചു കഴിഞ്ഞു.ദുരന്തത്തിൽ അകപ്പെട്ട നിരവധി പിഞ്ചുകുഞ്ഞുങ്ങൾക്ക് അമ്മയില്ലാതായെന്ന വിവരമാണ് ഭാവനയെ ഇതിന് പ്രേരിപ്പിച്ചത്. തുടർന്ന് മുലപ്പാൽ നൽകാൻ തയ്യാറാണെന്ന് സാമൂഹ്യമാധ്യമങ്ങൾ വഴി അറിയിക്കുകയായിരുന്നു. ഞാൻ രണ്ടു കുട്ടികളുടെ അമ്മയാണ്. അമ്മയില്ലാതാവുന്ന കുഞ്ഞുങ്ങളുടെ അവസ്ഥയറിയാം. അതുകൊണ്ടുതന്നെയാണ് ഇതിന് തയ്യാറായത്. ഭർത്താവിനോട് ചോദിച്ചപ്പോൾ പിന്തുണ ലഭിച്ചു. അങ്ങനെയാണ് കുഞ്ഞുങ്ങൾക്ക് മുലയൂട്ടാൻ തീരുമാനിച്ചതെന്ന് ഭാവന പറയുന്നു.
നാലു വയസ്സും നാലുമാസവും പ്രായമുള്ള രണ്ടു കുട്ടികളുടെ അമ്മയാണ് ഭാവന. വയനാട്ടിലെ ഉരുൾപൊട്ടലിൽ ഒരുപാട് കുടുംബങ്ങൾ മണ്ണിനടിയിലായി. മാതാപിതാക്കളെ നഷ്ടപ്പെട്ട ഒരുപാട് കുട്ടികളുണ്ടാവും. അങ്ങനെയുള്ളവരെ സഹായിക്കാനാണ് ഇത്തരത്തിലൊരു തീരുമാനമെടുത്തതെന്ന് സജിൻ പറഞ്ഞു. സംഭവം ശ്രദ്ധയിൽപെട്ടതോടെ വയനാട്ടിൽ നിന്നും വിളി വന്നു. കഴിയുന്നതും നേരത്തെ തന്നെ പുറപ്പെടാൻ പറഞ്ഞതോടെ രാത്രി തന്നെ വയനാട്ടിലേക്ക് തിരിക്കുകയായിരുന്നു ദമ്പതികൾ. ഉപജീവനമായ പിക്കപ്പ് ജീപ്പിലാണ് യാത്ര തിരിച്ചത്. യൂത്ത് കോൺഗ്രസ് ഉപ്പുതറ മണ്ഡലം പ്രസിഡന്റായിരുന്നു സജിൻ. കഴിയുന്നതും വയനാട്ടിൽ നിന്ന് സഹായിക്കാനാണ് ദമ്പതികളുടെ തീരുമാനം.
