![]() |
| Courtesy |
![]() |
| Courtesy |
ഡെമോക്രാറ്റിക് പാർട്ടിയുടെ ദേശീയ കണ്‍വന്‍ഷനിൽ വികാരാധീനനായി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. മകള്‍ ആഷ്ലി വിടവാങ്ങൽ പ്രസംഗത്തിനായി ക്ഷണിച്ചതിനു പിന്നാലെ വേദിയിലെത്തിയ ശേഷമാണ് ബൈഡൻ വിങ്ങിപ്പൊട്ടിയത്. പാര്‍ട്ടി അണികള്‍ ‘‘ജോ നിങ്ങളെ ഞങ്ങള്‍ സ്നേഹിക്കുന്നു’’ എന്ന് പറഞ്ഞു ബൈഡനെ വരവേറ്റു.
‘‘ഞാൻ എന്റെ രാഷ്ട്രീയ ജീവിതത്തിൽ ഒരുപാട് തെറ്റുകൾ വരുത്തി. പക്ഷേ എന്റെ ഏറ്റവും മികച്ചത് ഞാൻ നിങ്ങൾക്ക് നൽകി. 50 വർഷമായി, നിങ്ങളിൽ പലരെയും പോലെ, ഞാൻ നമ്മുടെ രാജ്യത്തിന് എന്റെ ഹൃദയവും ആത്മാവും നൽകി. പകരം ഞാൻ ദശലക്ഷം തവണ അനുഗ്രഹിക്കപ്പെട്ടു. യുഎസിന്റെ സെനറ്റിലേക്ക് 29ാം വയസ്സിൽ തിരഞ്ഞെടുക്കപ്പെട്ടപ്പോൾ ഉണ്ടായിരുന്നതിനേക്കാൾ ഭാവിയെ കുറിച്ച് എനിക്ക് കൂടുതൽ ശുഭാപ്തി വിശ്വാസമുണ്ടെന്ന് സത്യസന്ധമായി പറയാൻ കഴിയും’’ – ബൈഡൻ പറഞ്ഞു.
‘‘കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാനുണ്ടെന്ന് അറിയാം. ശരിയായ ദിശയിലാണ് കാര്യങ്ങള്‍ നീങ്ങുന്നത്. 2024ൽ നമ്മുടെ ജനാധിപത്യം സംരക്ഷിക്കേണ്ടതുണ്ട്. ഞാൻ തമാശക്കാരനാകാൻ ശ്രമിക്കുന്നില്ല. ട്രംപിന്റെ നുണ പ്രചാരണങ്ങൾ ദുഃഖകരമാണ്. ട്രംപ് നമ്മളെ പരാജിതരെന്ന് വിശേഷിപ്പിക്കുന്നു. പക്ഷേ യഥാർഥത്തില്‍ അദ്ദേഹമാണ് പരാജിതന്.
നമ്മള് മുന്‍നിര രാജ്യമല്ലെന്ന് പറയുന്ന ഒരു രാജ്യത്തിന്റെ പേര് പറയാന്‍ സാധിക്കുമോ? നമ്മളല്ലാതെ ലോകത്തെ ആരാണ് നയിക്കുക? താന്‍ ആരാണെന്നാണ് ട്രംപ് ധരിച്ചിരിക്കുന്നത് ? രാജ്യത്തിനു വേണ്ടി ജീവന് വെടിയുന്ന സൈനികരെ മോശം വാക്കുകള്‍ ഉപയോഗിച്ചാണ് ട്രംപ് വിശേഷിപ്പിച്ചത്. വ്ളാഡിമിര്‍ പുട്ടിനു മുന്നില്‍ ട്രംപ് തല കുനിച്ചു. ഞാന്‍ ഒരിക്കലും അങ്ങനെ ചെയ്തിട്ടില്ല. കമല ഹാരിസ് ഒരിക്കലും അങ്ങനെ ചെയ്യില്ല’’ – ബൈഡൻ പറഞ്ഞു.
തന്റെ ഭരണ കാലയളവില്‍ നേരിട്ട വെല്ലുവിളികളെ കുറിച്ച് വിശദീകരിച്ച ബൈഡന്, നടപ്പിലാക്കിയ വികസന പ്രവര്‍ത്തനങ്ങളും ചൂണ്ടിക്കാട്ടി. അമേരിക്കയുടെ ആത്മാവ് സംരക്ഷിക്കുന്നതിനായുള്ള പോരാട്ടത്തിലാണ് തങ്ങളെന്നും ബൈഡന് പറഞ്ഞു.
ഞങ്ങള്‍ നിങ്ങളോട് എന്നും നന്ദിയുള്ളവരാണെന്നായിരുന്നു കമല ഹാരിസ് ബൈഡനു നൽകിയ മറുപടി പ്രസംഗത്തിൽ പറഞ്ഞത്. അഞ്ച് പതിറ്റാണ്ട് നീണ്ട തന്റെ രാഷ്ട്രീയ ജീവിതത്തില്‍ അദ്ദേഹം എന്നും ഉണ്ടായിരുന്നുവെന്നും കമല പറഞ്ഞു. ബൈഡന്റെ ഭാര്യ ജില് ബൈഡനും മകള്‍ ആഷ്ലിയും കണ്‍വെന്‍ഷനില്‍ സംസാരിച്ചു.

