![]() |
| Courtesy -X |
നവംബറില്‍ തിരഞ്ഞെടുക്കപ്പെട്ടാല്‍ ടെസ്ല സി ഇ ഒ ഇലോണ്‍ മസ്കിന് കാബിനറ്റ് പദവിയോ വൈറ്റ് ഹൗസിലെ ഉപദേശക ചുമലയോ നല്കാന് തയാറാണെന്ന് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചതായി വാർത്ത ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. പിന്നാലെ മറുപടിയുമായി ടെസ്ല സിഇഒ എലോൺ മസ്ക്. മൈക്ക് പോയിന്റിന് മുൻപിൽ നിൽക്കുന്ന തന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് 'ഞാൻ സേവനത്തിന് തയ്യാറാണ്' എന്ന മറുപടി പോസ്റ്റാണ് മസ്ക് പങ്കുവെച്ചിരിക്കുന്നത്.
സര്‍ക്കാര്‍ കാര്യക്ഷമതാ വകുപ്പ് (ഡിപ്പാര്‍ട്മെന്റ് ഓഫ് ഗവര്ണ്മെന്റ് എഫിഷ്യന്‍സി- ഡിഒജിഇ) എന്നെഴുതിയ മൈക്ക് പോയിന്റിന് മുൻപിൽ നിൽക്കുന്ന ചിത്രമാണ് മസ്ക് പങ്കുവെച്ചത്.
മസ്ക് തന്റെ എക്സ് പ്ലാറ്റ്ഫോമില്‍ ട്രംപുമായി അഭിമുഖം നടത്തി ഏതാനും ദിവസങ്ങള്‍ക്കുശേഷമാണ് ട്രംപിന്റെ ഈ പരാമര്‍ശം. അഭിമുഖത്തില്‍ മസ്കിന്റെ വാഹനങ്ങളെ ട്രംപ് അഭിനന്ദിച്ചിരുന്നു. എല്ലാവരും ഇലക്ട്രിക് കാര്‍ സ്വന്തമാക്കുന്നില്ലെങ്കിലും മസ്ക് മികച്ചവ നിര്‍മിക്കുന്നു- ട്രംപ് പറഞ്ഞു. താന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടാല്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള 7500 ഡോളര്‍ ടാക്സ് ക്രെഡിറ്റ് അവസാനിക്കുന്നത് പരിഗണിക്കുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. 'ടാക്സ് ക്രെഡിറ്റുകളും നികുതി ആനുകൂല്യങ്ങളും പൊതുവേ നല്ല കാര്യമല്ല' പെന്‍സില്‍വാനിയയിലെ യോര്‍ക്കില്‍ നടന്ന പ്രചാരണപരിപാടിക്ക് ശേഷം ഇവി ക്രെഡിറ്റിനെക്കുറിച്ചുള്ള ചോദ്യത്തിന് ട്രംപ് റോയിട്ടേഴ്സിന് മറുപടി നല്കി.
അതേസമയം നേരത്തെ ട്രംപ് ഭരണകൂടത്തിന് കീഴില്‍ മസ്ക് ഉപദേശക പദവി കൈകാര്യം ചെയ്തിരുന്നു. 2016ലെ തിരഞ്ഞെടുപ്പില്‍ ട്രംപ് വിജയിച്ചതിന് പിന്നാലെ രണ്ട് ഉപദേശക സമിതിയില്‍ മസ്കിനെ നിയമിച്ചിരുന്നു. കുടിയേറ്റ, പരിസ്ഥിതി നയങ്ങളില്‍ സ്വാധീനം ചെലുത്താനും മസ്കിന് സാധിച്ചിരുന്നു. എന്നാല്‍ 2017ല്‍ പാരീസ് കാലാവസ്ഥാ ഉടമ്പടിയില്‍ നിന്നും അമേരിക്കയെ പിന്‍വലിക്കാനുള്ള ട്രംപിന്റെ തീരുമാനത്തെ തുടര്‍ന്ന് മസ്ക് രാജിവെച്ചു.
