രാജ്യത്തെ ജാതി വ്യവസ്ഥയെ ന്യായീകരിച്ച് ആര്‍എസ്എസ് മുഖ മാസിക പാഞ്ചജന്യം. കഴിഞ്ഞ ദിവസം പുറത്തിറക്കിയ പുതിയ പതിപ്പിലാണ് ജാതിവ്യവസ്ഥയെ അനുകൂലിച്ചും ജാതി സെന്‍സസിനെ എതിര്‍ത്തും ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ജാതിവ്യവസ്ഥയാണ് ഇന്ത്യയെ ഒരുമിപ്പിച്ചുനിര്‍ത്തുന്നത്, അത്തരത്തിലുള്ള ഐക്യം തകര്‍ക്കാനാണ് കോണ്‍ഗ്രസ് ജാതി സെന്‍സസ് ആവശ്യം ഉയര്‍ത്തുന്നതെന്നാണ് 'ഹേ നേതാജി ! കോന്‍ ജാത് ഹേ' എന്ന മുഖപ്രസംഗം ആരോപിക്കുന്നത്.ജാതിബോധം ഉപേക്ഷിക്കുന്നത് രാജ്യത്തെ ഒറ്റുകൊടുക്കുന്നതിന് തുല്യമാണ് എന്നാണ് പാഞ്ചജന്യം എഡിറ്റര്‍ ഹിതേഷ് ശങ്കര്‍ എഴുതിയ ലേഖനത്തില്‍ പറയാന്‍ ശ്രമിക്കുന്നത്.
‘‘ഇന്ത്യയിലെ വിവിധ വിഭാഗങ്ങളെ അവരുടെ തൊഴിലും പാരമ്പര്യവും അനുസരിച്ച് തരംതിരിച്ച ശേഷം ഒന്നിച്ചുനിർത്തുന്ന ഒരു ചങ്ങലയായിരുന്നു ജാതിവ്യവസ്ഥ. അധിനിവേശക്കാർ എന്നും ലക്ഷ്യമിട്ടത് ജാതിവ്യവസ്ഥയെയായിരുന്നു. മുഗളന്മാർ ജാതി വ്യവസ്ഥയെ നേരിട്ടത് വാളിന്റെ കരുത്താലാണ്.
എന്നാൽ സേവനവും പരിഷ്കരണവും ഉപയോഗിച്ചാണ് മിഷണറിമാർ ജാതി വ്യവസ്ഥയെ നേരിട്ടത്. ഇന്ത്യയെയോ അതിന്റെ ആത്മാഭിമാനത്തെയോ തകർക്കണമെങ്കിൽ ആദ്യം ജാതിവ്യവസ്ഥയെ തടസ്സമെന്നോ, ചങ്ങലയെന്നോ വിളിച്ച് അതിന്റെ ഏകീകൃതഘടകത്തെ തകർക്കണമെന്ന് അവർ മനസ്സിലാക്കി. ഭിന്നിപ്പിച്ച് ഭരിക്കുക എന്ന ബ്രിട്ടിഷുകാരുടെ തന്ത്രം ജാതിവ്യവസ്ഥയെ മനസ്സിലാക്കിയ മിഷണറിമാരിൽ നിന്ന് കടംകൊണ്ടാണ്.’’– മുഖപ്രസംഗത്തിൽ പറയുന്നു.
ഹിന്ദുജീവിതം ജാതിയെ ചുറ്റിപ്പറ്റിയാണെന്നും മതപരിവർത്തനത്തിനുള്ള വഴിയായാണ് മിഷണറിമാർ ജാതിയെ കണ്ടതെങ്കിൽ കോൺഗ്രസ് അതിനെ ഹിന്ദു ഐക്യത്തിലെ വിള്ളലായാണ് കാണുന്നതെന്നും മുഖപ്രസംഗത്തിൽ പറയുന്നുണ്ട്. ബ്രിട്ടിഷുകാരുടെ മാതൃക പിന്തുടർന്ന് ജാതിയുടെ അടിസ്ഥാനത്തിൽ ലോക്സഭാ സീറ്റുകൾ വിഭജിച്ച് രാജ്യത്ത് ഭിന്നത സൃഷ്ടിക്കാനാണ് കോൺഗ്രസിന്റെ ശ്രമം. അതിനുവേണ്ടിയാണ് അവർ ജാതി സെൻസസ് ആവശ്യപ്പെടുന്നതെന്നും മുഖപ്രസംഗത്തിൽ കുറ്റപ്പെടുത്തുന്നുണ്ട്.
ബംഗാളിലെ നെയ്ത്തുകാരെപ്പോലുള്ള ഇന്ത്യൻ കരകൗശലത്തൊഴിലാളികൾ വളരെ മികച്ചവരായതിനാലാണ് മാഞ്ചസ്റ്ററിലെ മില്ലുകൾക്ക് ഇത്രയും മികച്ച ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങൾ നിർമിക്കാൻ കഴിഞ്ഞതെന്നും മുഖപ്രസംഗത്തിൽ സൂചിപ്പിച്ചു.
പരമ്പരാഗത വ്യവസായങ്ങളായ നെയ്ത്ത്, കരകൗശലം തുടങ്ങിയവയുടെ വൈദഗ്ധ്യം സംരക്ഷിച്ചിരുന്നതും ജാതിവ്യവസ്ഥ ആയിരുന്നു. എന്നാല്‍ മിഷനറിമാരുടെ പ്രവര്‍ത്തനവും നവോത്ഥാനങ്ങളും ഈ ഐക്യത്തെ തകര്‍ക്കുകയാണ് ചെയ്തത്.സാമ്രാജ്വത്തിന്റെയും ക്രിസ്ത്യന്‍ സമുദായത്തിന്റെയും വീക്ഷണത്തോടെയാണ് രാഹുല്‍ഗാന്ധി ജാതിസെന്‍സസ് എന്ന ആവശ്യം മുന്നോട്ടുവയ്ക്കുന്നതെന്നും ആര്‍എസ്എസ് വാരിക ആരോപിച്ചു. ജാതി സെന്‍സസ് വിഷയത്തില്‍ യാഥാര്‍ത്ഥ്യം തിരിച്ചറിയണമെന്ന ഉപദേശത്തോടെയാണ് വാരിക അവസാനിപ്പിക്കുന്നതും.