![]() |
| Courtesy |
പ്രേമം എന്ന സിനിമയിലൂടെ ജനശ്രദ്ധ ആകർഷിച്ച ആലുവ അക്വഡേറ്റ് പാലം അടച്ചു പൂട്ടി ജലസേചന വകുപ്പ്.പാലത്തിൽ കമിതാക്കളുടെയും , സാമൂഹികവിരുദ്ധരുടെയും , ലഹരി മാഫിയയുടെയും ശല്യം കൂടിയതിനെ തുടർന്ന് പാലം അടയ്ക്കണമെന്ന് ആവിശ്യപെട്ടുകൊണ്ട് വാർഡ് കൗൺസിലർ ടിന്റു രാജേഷ് നവകേരള സദസിൽ മുഖ്യ മന്ത്രിക്ക് പരാതി നൽകിയിരുന്നു. ഈ പരാതിയെ തുടർന്നുള്ള അന്വേഷണത്തിൽ വിവരങ്ങൾ സത്യമാണെന്ന് തെളിഞ്ഞതോടെയാണ് പാലം പൂട്ടാൻ ഉള്ള നടപടി സ്വീകരിച്ചത്.
കടുങ്ങല്ലൂര്‍ പഞ്ചായത്തിലെ ഉളിയന്നൂരില്‍ നിന്ന് ആരംഭിച്ച് യുസി കോളജിന് സമീപം അവസാനിക്കുന്ന പാലത്തിന് 4 കിലോമീറ്റര്‍ നീളമുണ്ട്. പാലത്തിന്റെ രണ്ടറ്റത്തും മധ്യഭാഗത്തെ 2 പ്രവേശന കവാടത്തിലുമായി 4 ഇരുമ്പ് ഗേറ്റുകള്‍ ഉപയോഗിച്ചാണ് പാലം അടച്ചിരിക്കുന്നത്.
ടിന്റു ആലുവ നഗരസഭാ കൗൺസിലിലും വിഷയം അവതരിപ്പിച്ചു. നഗരസഭയും പാലം അടയ്ക്കണമെന്ന വിഷയം പാസാക്കി.പാലത്തിന് ഇരുവശവും ജനവാസ മേഖലകളാണ് . സാമൂഹ്യവിരുദ്ധരുടെ ശല്യം ഇവരുടെ സ്വസ്ഥജീവിതത്തെ ബാധിച്ചിരുന്നു.പരാതികൾ ഏറിയതോടെയാണ് ഒരു ലക്ഷം രൂപ മുടക്കി ഇറിഗേഷൻ വകുപ്പ് അക്വഡേറ്റിന് ഗേറ്റ് സ്ഥാപിച്ചത്. താക്കോലുകൾ ഇറിഗേഷൻ വകുപ്പ് സൂക്ഷിക്കും.
പ്രേമം സിനിമ ഇറങ്ങുന്നതു വരെ നാട്ടുകാർക്ക് മാത്രമേ പാലത്തേക്കുറിച്ച് അറിവുണ്ടായിരുന്നുള്ളൂ. അതിന് ശേഷം പുറത്തു നിന്നുള്ളവരും വന്നു തുടങ്ങി. അതോടെയാണ് പ്രേമം പാലം എന്ന പേര് വീണത്.ഭൂതത്താന്കെട്ടില് നിന്ന് ആലുവയിലെത്തുന്ന പെരിയാര്‍വാലി കനാല്‍ വെള്ളം പറവൂരിലേക്ക് കൊണ്ടുപോകാനാണ് നീര്‍പ്പാലം നിര്‍മ്മിച്ചത്. 45 വര്‍ഷം മുന്‍പ് നിര്‍മ്മിച്ചതാണ് ഉയരമേറിയ നീര്‍പ്പാലം.പാലത്തിന്റെ അടിത്തട്ടിലൂടെയാണ് വെള്ളം ഒഴുകുന്നത്. മേല്‍ത്തട്ടിലൂടെ പ്രകൃതി ഭംഗി ആസ്വദിച്ച് നടക്കാം.
