![]() |
| Courtesy |
ഇന്ത്യൻ ഓഹരി വിപണി നിയന്ത്രണ സ്ഥാപനമായ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) ചെയർപഴ്സന് മാധവി പുരി ബുച്ചിനെതിരെ ഹിൻഡൻബർഗ് റിപ്പോർട്ട്. അദാനി ഗ്രൂപ്പിന്റെ രഹസ്യവിദേശ സ്ഥാപനങ്ങളുമായി മാധവി ബുച്ചിനും ഭർത്താവിനും ബന്ധമുണ്ടെന്നാണ് ഹിൻഡൻബർഗ് റിപ്പോർട്ട്. അദാനി ഗ്രൂപ്പിന്റെ ഷെൽ കമ്പനികളിൽ ഇവർക്ക് നിക്ഷേപമുണ്ടെന്നും യുഎസ് നിക്ഷേപ-ഗവേഷണ സ്ഥാപനമായ ഹിഡൻബർഗ് വെളിപ്പെടുത്തുന്നു. മാധവി ബുച്ചിനും ഭർത്താവിനും മൗറീഷ്യസിലും ബർമുഡയിലും നിക്ഷേപമുണ്ടെന്നാണ് ഹിഡൻബർഗ് പുറത്തുവിട്ട രേഖകളിൽ പറയുന്നത്.ഇതാണ് അദാനിക്കെതിരായ അന്വേഷണം വഴിമുട്ടാൻ കാരണമെന്നും ഹിൻഡൻബർഗ് ആരോപിക്കുന്നു.
അദാനി ഗ്രൂപ്പിന് വിദേശ രാജ്യങ്ങളിൽ രഹസ്യനിക്ഷേപമുണ്ടെന്ന് ഹിൻഡൻബർഗ് കഴിഞ്ഞ വർഷം റിപ്പോർട്ട് ചെയ്തിരുന്നു. പിന്നാലെ സെബി ക്ലീൻ ചിറ്റ് നൽകി. 2024 ജൂൺ 27ന് ഹിൻഡൻബർഗിന് കാരണം കാണിക്കൽ നോട്ടിസും നൽകി. ഇതിനുപിന്നാലെയാണ് ഹിൻഡൻബർഗ് പുതിയ വിവരങ്ങൾ പുറത്തുവിട്ടത്. ഇന്ത്യയ്ക്കെതിരെ വൻ വെളിപ്പെടുത്തൽ ഉടനെന്ന ഒറ്റവരി ഹിൻഡൻബർഗ് റിസർച്ച് ശനിയാഴ്ച രാവിലെ ട്വീറ്റ് ചെയ്തിരുന്നു. ശനിയാഴ്ച രാത്രിയോടെയാണ് രേഖകൾ പുറത്തുവിട്ടത്.
ഗൗതം അദാനിയുടെ സഹോദരൻ വിനോദ് അദാനിക്ക് വലിയ നിക്ഷേപമുള്ള കമ്പനിയിലാണ് ബുച്ചും ഭർത്താവും നിക്ഷേപിച്ചത്. ബെർമുഡയിലും മൊറീഷ്യസിലുമായുള്ള ഈ കടലാസ് കമ്പനികളിൽ 2015 കാലത്തായിരുന്നു ഇരുവരുടെയും നിക്ഷേപം. 2017ലാണ് മാധബി ബുച്ച് സെബി മുഴുസമയ അംഗമാകുന്നത്. 2022ൽ അധ്യക്ഷയുമായി. ബുച്ച് സെബിയിൽ ചുമതലയേൽക്കുന്നതിന് ആഴ്ചകൾ മുമ്പ് ഇരുവരുടെയും പേരിലെ നിക്ഷേപങ്ങൾ പൂർണമായി തന്റെ പേരിലാക്കാൻ അവരുടെ ഭർത്താവ് അപേക്ഷിച്ചിരുന്നതായും റിപ്പോർട്ട് ആരോപിക്കുന്നു.
അമേരിക്കയിലെ നിക്ഷേപക ഗവേഷണ കമ്പനിയാണ് ഹിൻഡൻബർഗ് റിസർച്ച്. ധനകാര്യ വിദഗ്ദ്ധനായ നഥാൻ ആൻഡേഴ്സൺ ആണ് സ്ഥാപകൻ. കോർപറേറ്റ് തട്ടിപ്പുകളും, അധികൃതരുടെ വീഴ്ചകളും തുറന്നുകാട്ടുന്ന റിപ്പോർട്ടുകൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതാണ് രീതി. അദാനി ഗ്രൂപ്പ്, അമേരിക്കയിലെ ഭീമൻ വാഹന നിർമ്മാതാക്കളായ നികോല കോർപ്പറേഷൻ, അമേരിക്കയിലെ ഓൺലൈൻ വാതുവയ്പ് സ്ഥാപനമായ ഡ്രാഫ്റ്റ് കിംഗ്സ് തുടങ്ങിയവയ്ക്കെതിരെ റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
അതേസമയം ഹിൻഡൻബർഗ് ഉയർത്തിയ ആരോപണം തള്ളി സെബി ചെയർപേഴ്സൺ മാധബി പുരി ബുച്ച് രംഗത്തെത്തി. ഹിൻഡൻബർഗ് സ്വഭാവഹത്യ നടത്തുകയാണ്. എല്ലാ നിക്ഷേപങ്ങളും സെബിയെ അറിയിച്ചതാണെന്നും മാധബി പുരി ബുച്ച് പറഞ്ഞു. ഏത് ഏജൻസിക്കും രേഖകൾ നൽകാൻ തയ്യാറാണെന്നും ഹിൻഡൻബർഗിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയതിന്റെ പ്രതികാരമാണ് ഇപ്പോഴത്തെ ആരോപണം എന്നും മാധബി ബുച്ചും ഭർത്താവും സംയുക്ത പ്രസ്താവനയിൽ ന്യായീകരിച്ചു.
