![]() |
| Courtesy |
താരസംഘടനയായ ‘അമ്മ’യുടെ ജനറൽ സെക്രട്ടറി സ്ഥാനം സിദ്ദിഖ് രാജിവെച്ചു. നടനെതിരെ യുവനടി ലൈംഗികാതിക്രമ പരാതി ഉന്നയിച്ചതിന് പിന്നാലെയാണ് രാജി. ‘അമ്മ സംഘടന പ്രസിഡന്റ് മോഹൻലാലിന് ആണ് രാജി കത്തയച്ചത്.
‘എനിക്കെതിരെ വന്നിരിക്കുന്ന ആരോപണങ്ങൾ താങ്കളുടെ ശ്രദ്ധയിൽപെട്ടിരിക്കുമല്ലോ. ഈ സാഹചര്യത്തിൽ ‘അമ്മ’ യുടെ ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്നും ഞാൻ സ്വമേധയാ രാജി വെക്കുന്നതായി താങ്കളെ അറിയിച്ചു കൊള്ളുന്നു’ എന്നാണ് രാജി കത്തിൽ സിദ്ധിഖ് പറഞ്ഞിരിക്കുന്നത്.
താരസംഘടനയായ 'അമ്മ'യുടെ ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ചതിൽ പ്രതികരണവുമായി സിദ്ദിഖ്. ആരോപണം ഉയർന്ന സാഹചര്യത്തിൽ ജനറൽ സെക്രട്ടറി സ്ഥാനത്ത് തുടരുന്നത് ധാർമികമായി ശരിയല്ലെന്ന് സിദ്ദിഖ് പ്രതികരിച്ചു.
'എനിക്കെതിരെ ആരോപണം വന്നിരിക്കുന്ന സാഹചര്യത്തിൽ ഞാൻ സംഘടനയുടെ ജനറൽ സെക്രട്ടറി സ്ഥാനത്ത് തുടരുന്നത് ധാർമികമായി ശരിയല്ലെന്ന് ഉത്തമ ബോധമുണ്ട്. ഞാൻ സ്വമേധയാ പ്രസിഡൻ്റിനെ രാജി അറിയിക്കുകയായിരുന്നു. ആരോപണങ്ങളോട് പിന്നാലെ പ്രതികരിക്കും', സിദ്ദിഖ് പറഞ്ഞു.
