സംവിധായകൻ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവച്ചു. അപമര്യാദയായി പെരുമാറിയെന്ന ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലിനെ തുടർന്നാണു രാജിവയ്ക്കുന്നതായി അദ്ദേഹം സർക്കാരിനെ അറിയിച്ചത്. നടൻ സിദ്ദിഖ് അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ചതിനു പിന്നാലെയാണ് രഞ്ജിത്തിന്റെ രാജി. രഞ്ജിത്ത് രാജിവയ്ക്കണമെന്നു വിവിധ കോണുകളിൽനിന്ന് ആവശ്യം ഉയർന്നിരുന്നു. വയനാട്ടിലെ റിസോർട്ടിൽ താമസിക്കുകയായിരുന്ന രഞ്ജിത്ത്, ഔദ്യോഗിക വാഹനത്തിലെ ബോർഡ് മാറ്റിയാണ് ഇന്നലെ കോഴിക്കോട്ടെ വസതിയിലേക്കു പോയത്. ഈമെയിൽ വഴിയാണ് സർക്കാരിനെ രാജിക്കത്ത് നൽകിയത്.
ചലചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്നും രാജി വെച്ചതിന് പിന്നാലെ നടി ശ്രീലേഖ മിത്രയുടെ ആരോപണത്തിൽ പ്രതികരിച്ച് സംവിധായകന് രഞ്ജിത്ത്. സത്യം തെളിയിക്കാന്‍ നിയമ നടപടി സ്വീകരിക്കും എന്നാണ് രഞ്ജിത്ത് പ്രതികരിച്ചത്. മാധ്യമ പ്രവര്‍ത്തകര്‍ക്ക് അയച്ച ശബ്ദ സന്ദേശത്തിലാണ് രഞ്ജിത്ത് ഈകാര്യം വ്യക്തമാക്കിയത്. സര്‍ക്കാരിനെതിരെ നടക്കുന്ന ഗൂഢാലോചനയുടെ ഭാഗമാണ് തനിക്കെതിരായ നീക്കമെന്നും രഞ്ജിത്ത് പറയുന്നു.
'എനിക്കെതിരെ വ്യക്തിപരമായി മോശം ആരോപണമാണ് ശ്രീലേഖ മിത്ര ഉന്നയിച്ചിരിക്കുന്നത്. ഞാന്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാനായത് മുതല്‍ ഒരുക്കൂട്ടം ആള്ക്കാര് നടത്തുന്ന ഗൂഢാലോചനയുടെ അവസാന കാര്യം എന്ന നിലയിലാണ് ഈ ആരോപണം പുറത്തുവരുന്നത്. ഒരു വ്യക്തിയെന്ന നിലയില്‍ എനിക്ക് ഏറ്റ പരിക്ക് എളുപ്പം മാറുന്നതല്ല. എന്നാല്‍ എനിക്കെതിരായ ആരോപണത്തിലെ ഒരു ഭാഗം തെറ്റാണെന്ന് തെളിയിക്കേണ്ടത് എന്റെ ബാധ്യതയാണ്. അവരുടെ ഇപ്പോഴത്തെ മൊഴിയില്‍ തന്നെ വൈരുദ്ധ്യങ്ങളുണ്ട്. അതിന്റെ വിശദാംശങ്ങളിലേക്ക് കടക്കുന്നില്ല. എന്നാല്‍ താന്‍ നിയമ നടപടിയുമായി മുന്നോട്ട് പോകും. സുഹൃത്തുക്കളുമായും വക്കീലുമായി ബന്ധപ്പെട്ട് അതിന്റെ നടപടിയിലേക്ക് കടക്കും.
ഞാന്‍ എന്ന വ്യക്തികാരണം സര്‍ക്കാറിന്റെ പ്രതിച്ഛായയ്ക്ക് കളങ്കം എല്ക്കരുതെന്ന് കരുതിയാണ് ഔദ്യോഗിക സ്ഥാനത്ത് നിന്ന് ഒഴിയുന്നതെന്നും എന്റെ രാജി സ്വീകരിക്കാന്‍ സംസ്കാരിക മന്ത്രിയോടും, മുഖ്യമന്ത്രിയോടും അഭ്യര്‍ത്ഥിക്കുന്നു. മാധ്യമ പ്രവര്‍ത്തകര്‍ എന്റെ സ്വകാര്യത ഹനിക്കുന്നുണ്ട്. അത് കൊണ്ട് തന്നെ ഞാന്‍ മാധ്യമങ്ങളെ അഭിമുഖീകരിക്കുന്നില്ല', രഞ്ജിത്ത് പ്രതികരിച്ചു.
‘‘പാർട്ടിക്കെതിരെയും സർക്കാരിനെതിരെയും സംഘടിതമായി ആക്രമണം നടത്തുന്നു. ചെളി വാരിയെറിയുന്നു. അതിന് എന്റെ പേര് ഉപയോഗിക്കുന്നുവെന്നത് അപമാനകരമാണ്. ഞാനെന്ന വ്യക്തി കാരണം സർക്കാർ പ്രതിച്ഛായയ്ക്കു കളങ്കമേൽക്കുന്ന പ്രവൃത്തി എന്റെ ഭാഗത്തുനിന്ന് ഉണ്ടാവില്ല. നിയമപോരാട്ടത്തിലൂടെ സത്യം തെളിയിക്കും’’–രഞ്ജിത്ത് പറഞ്ഞു.
സർക്കാർ സ്ഥാനം തുടരുന്നതു ശരിയല്ല എന്നാണ് തീരുമാനിച്ചത്. ഔദ്യോഗിക സ്ഥാനത്തിരുന്നല്ല നിയമ പോരാട്ടം നടത്തേണ്ടത് എന്നതിനാൽ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവച്ചു. അദ്ദേഹം പ്രതികരിച്ചു.
സന്തോഷമോ ദു:ഖമോ ഇല്ല '; ശ്രീലേഖ മിത്ര
സംവിധായകൻ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവെച്ചതിന് പിന്നാലെ പ്രതികരണവുമായി ആരോപണമുന്നയിച്ച ബംഗാളി നടി ശ്രീലേഖ മിത്ര. 'രഞ്ജിത്തിന്റെ രാജി അദ്ദേഹം ചെയ്ത തെറ്റ് സമ്മതിക്കുന്നതിന് തുല്യമാണ്, രഞ്ജിത്തിന്റെ രാജിയില്‍ സന്തോഷമോ ദു:ഖമോ ഇല്ല. നിരവധിപ്പേര്‍ക്ക് ഇത്തരം അനുഭവം ഉണ്ടായിട്ടുണ്ട്. രഞ്ജിത്ത് അവസാനത്തെയാളല്ല. രഞ്ജിത്തിനെതിരെ നിയമനടപടിക്ക് ഇല്ല. താന്‍ കാണിച്ച പാത പലരും പിന്തുടരും എന്നാണ് പ്രതീക്ഷിക്കുന്നത്. തന്നെ കേരള പൊലീസ് ഇതുമായി ബന്ധപ്പെട്ട് ഇത് വരെ വിളിച്ചിട്ടില്ലെന്നും ശ്രീലേഖ പറഞ്ഞു.
'അയാൾ നല്ല ചലച്ചിത്രകാരനായിരിക്കാം. എന്നാൽ സ്വഭാവം തിരുത്തണം. മറ്റുള്ളവർക്ക് ഇതൊരു പാഠമാകണം. അയാൾക്ക് കുറച്ച് സമയം നൽകണം, സ്ഥാനത്ത് നിന്ന് മാറ്റി നിർത്തണം . അവരുടെ ജോലിയിൽ അവർ മിടുക്കരായിരിക്കാം. പക്ഷെ അവർ നല്ല മനുഷ്യരല്ല. ഇവർ മറ്റുള്ളവർ ചെയ്തതിനെ പിന്തുടരുകയാണ്. ഇത് ഒരു സാധാരണ ശീലമാവുകയാണ് സിനിമ വ്യവസായത്തിൽ. ജനങ്ങൾ അതിനെതിരെ ശബ്ദം ഉയർത്തിയിട്ടില്ല. അതാണ് പ്രശ്നം. അയാൾ നല്ല ചലച്ചിത്രകാരനാണ് അതിനാൽ ഇനി മേലിൽ സിനിമ നിർമ്മിക്കുവാൻ കഴിയാത്ത വിധത്തിൽ അത്ര ശക്തമായ ശിക്ഷ നൽകണമെന്നില്ല, ശ്രീലേഖ പറഞ്ഞു.