![]() |
| Courtesy |
മരണം പൊതിഞ്ഞ് നിൽക്കുമ്പോൾ ഒരു നൂറ്റാണ്ട് മുൻപ് അയാൾ എഴുതി, ഇനി ജീവിക്കില്ല എന്ന് അറിയാവുന്ന അവസ്ഥയിൽ.അവശിഷ്ടങ്ങൾക്കടിയിൽ പെട്ട് നിസ്സഹായനായി ഒടുവിൽ തൊട്ടുമുമ്പിൽ മരണം തിരിച്ചറിഞ്ഞ് ഒരു ഖനിത്തൊഴിലാളി കുടുംബത്തിനെഴുതിയ കത്ത് അടുത്തിടെ ഇന്റർനെറ്റിൽ വൈറലായിരുന്നു.
122 വർഷങ്ങൾക്ക് മുമ്പ് നടന്ന സംഭവത്തിന്റെ ബാക്കിപത്രമായ കുറിപ്പാണ് ഇപ്പോൾ ലോകം വീണ്ടും വേദനയോടെ വായിച്ചുകൊണ്ടിരിക്കുന്നത്. അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ ഖനന ദുരന്തമായിരുന്നു 1902 മെയ് 19 ന് ടെന്നസി സംസ്ഥാനത്തെ ഫ്രാറ്റർവില്ലിൽ ഉണ്ടായ കൽക്കരി ഖനിയിലേത്. ഖനി അപകടത്തിൽ 190 ഖനിത്തൊഴിലാളികൾ തൽക്ഷണം മരിക്കുകയും ബാക്കിയുള്ള 26 പേർ ആഴത്തിലുള്ള ഭാഗത്ത് അഭയം തേടാൻ ശ്രമിച്ചെങ്കിലും പിന്നീട് ശ്വാസംമുട്ടി മരിക്കുകയുമായിരുന്നു.
ഖനിയുടെ ആഴത്തിൽ ആസന്ന മരണത്തെ അഭിമുഖീകരിച്ചിരിക്കെ ജേക്കബ് വോവൽ എന്ന തൊഴിലാളിയാണ് ഭാര്യ എലന് തന്റെ അവസാന വാക്കുകൾ പേപ്പറിൽ കോർത്തിട്ടത്. ഭാര്യയോടും മക്കളോടുമുള്ള ഹൃദയസ്പർശിയായ വിട ചൊല്ലലായിരുന്നു ആ ചെറിയ കുറിപ്പ്...:
‘മോശമായ അവസ്ഥയിൽ എനിക്ക് നിന്നെ പിരിയേണ്ടി വന്നിരിക്കുന്നു. ഇപ്പോൾ, എന്റെ പ്രിയ ഭാര്യേ, നമ്മുടെ കുഞ്ഞുങ്ങളെ വളർത്താൻ കർത്താവിൽ വിശ്വാസമർപ്പിക്കുക. എലൻ, എന്റെ പ്രിയപ്പെട്ട കുഞ്ഞു ലില്ലിയെ നന്നായി നോക്കണം. എലൻ, കുഞ്ഞ എൽബർട്ട് പറഞ്ഞു, അവൻ കർത്താവിൽ വിശ്വസിക്കുന്നെന്ന്. ഇനിയൊരിക്കലും പുറത്ത് കാണാതിരുന്നാൽ താൻ സ്വർഗത്തിൽ സുരക്ഷിതനായിരിക്കുമെന്നാണ് ചാർളി വിൽക്സ് പറയുന്നത്. പുറത്തുപോകാൻ കഴിയുന്നില്ലെങ്കിലും നമുക്ക് അധികം പരിക്കില്ല.’
‘ഞങ്ങളിൽ കുറച്ചുപേർ മാത്രമേ ഇവിടെയുള്ളൂ, മറ്റുള്ളവർ എവിടെയാണെന്ന് എനിക്കറിയില്ല. എൽബർട്ട് പറയുന്നു അവനെ ഇനി സ്വർഗത്തിൽ വെച്ച് കാണാമെന്ന്. സ്വർഗത്തിൽ കണ്ടമുട്ടാമെന്ന് മക്കളോടെല്ലാം പറയുക. ഓ... നിങ്ങളുടെ അടുത്തായിരുന്നെങ്കിൽ എന്ന് ഞാൻ ആശിച്ചുപോകുന്നു. ഇപ്പോൾ ഞങ്ങളിൽ കുറച്ചുപേർ മാത്രമാണ് ജീവനോടെയുള്ളത്. ഓ ദൈവമേ, ഒരു ശ്വാസം കൂടി.....’
